സൂചനാ ബോ‌ർഡും റോഡ് സുരക്ഷയും

Wednesday 22 May 2024 12:48 AM IST

റോഡ് യാത്രകളിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നത് നിരത്തുകളുടെ വീതിയും ഗതാഗത നിയമങ്ങൾ ലംഘിക്കാത്ത ഡ്രൈവർമാരും വാഹനങ്ങളുടെ സാങ്കേതികത്തികവും മാത്രമല്ല,​ റോഡ് സാഹചര്യങ്ങൾ വ്യക്തമാക്കുന്ന സൂചനാ ബോർഡുകൾ കൂടിയാണ്. നിർഭാഗ്യവശാൽ,​ ദേശീയപാതാ വികസനം ഉൾപ്പെടെ സംസ്ഥാനത്ത് റോഡുപണി നടക്കുന്ന മിക്കയിടങ്ങളിലും അപകട സാദ്ധ്യതയോ,​ ഡ്രൈവർമാർക്ക് ജാഗ്രതാ മുന്നറിയിപ്പോ നല്കുന്ന സൂചനാ ബോർഡുകളൊന്നുമില്ല! ഇത്തരം സൂചനാ ബോർഡുകളില്ലാത്തതു കാരണമുള്ള അപകടങ്ങളാകട്ടെ,​ ദിനംപ്രതി വർദ്ധിച്ചുവരികയും ചെയ്യുന്നു. സംസ്ഥാനത്ത് മഴ കനക്കുകയും നിരത്തുകളും വശങ്ങളുമാകെ വെള്ളക്കെട്ട് നിറയുകയും ചെയ്യുന്ന സാഹചര്യത്തിൽ രാത്രികാലത്തു പോയിട്ട്,​ പകൽനേരത്തെ യാത്രപോലും ജീവൻ കൈയിൽപിടിച്ചു വേണമെന്നായിരിക്കുന്നു.

കാസർകോട് മഞ്ചേശ്വരത്ത് കഴിഞ്ഞ ദിവസം ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ച ദാരുണസംഭവത്തിലും,​ തിരുവനന്തപുരം മംഗലപുരത്ത് പാചകവാതക ടാങ്കർ മറിഞ്ഞതിലുമൊക്കെ അപകട കാരണമായത് സൂചനാ ബോർഡുകളുടെ അഭാവമായിരുന്നു. മറ്രൊരു പാതയിൽ നിന്ന് ദേശീയപാതയിലേക്കു കയറുന്ന ഭാഗത്ത് ദിശാസൂചകം ഇല്ലാത്തതാണ് കാസർകോട്ടെ അപകടത്തിന് ഇടയാക്കിയത്. മംഗലപുരത്താകട്ടെ,​ നിർമ്മാണം നടക്കുന്ന സർവീസ് റോഡ് അടയ്ക്കാതിരുന്നതുകൊണ്ട് അതുവഴി കയറിയ ടാങ്കർ ചെളിയിൽ പുതഞ്ഞായിരുന്നു അപകടം. സ്ഥലനാമം സൂചിപ്പിക്കുക എന്നതല്ല,​ ഡ്രൈവർമാർക്കും കാൽനടക്കാർക്കും റോഡ് സാഹചര്യങ്ങളെക്കുറിച്ചും അപകടസാദ്ധ്യതയെക്കുറിച്ചും വ്യക്തമായ മുന്നറിയിപ്പ് നല്കുക എന്നതാണ് സൂചനാ ബോർഡുകളുടെ പ്രധാന ദൗത്യം.

ദേശീയപാതയുടെ കാര്യത്തിൽ,​ റോഡ് വികസന ജോലികളുടെ കരാർ ഏറ്രെടുത്ത കമ്പനിക്കാണ് ഇത്തരം സൂചനാ ബോർഡുകൾ വയ്ക്കേണ്ട ഉത്തരവാദിത്വം. മറ്റിടങ്ങളിൽ പൊതുമരാമത്തു വകുപ്പോ,​ കരാർ ഏജൻസിയോ ബോർഡ് സ്ഥാപിക്കണം. എന്നാൽ,​ ഗതാഗത നിയമലംഘനങ്ങളുടെ കാര്യത്തിൽ പൊതുജനങ്ങളോട് ഒരു ദാക്ഷിണ്യവുമില്ലാത്ത നിലപാടെടുക്കുകയും കനത്ത പിഴ ചുമത്തുകയുമൊക്കെ ചെയ്യുന്ന സർക്കാരോ പൊലീസോ ഒന്നും സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതിന്റെ പേരിൽ ബന്ധപ്പെട്ട ഏജൻസികൾക്കെതിരെ എന്തെങ്കിലും പിഴ ചുമത്തിയതായോ,​ അക്കാരണംകൊണ്ട് ഉണ്ടാകുന്ന അപകടങ്ങളുടെ പേരിൽ അവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായോ കേട്ടുകേൾവി പോലുമില്ല! ഒരു സൂചനാ ബോർഡ് ഇല്ലാതെപോയതിന്റെ പേരിൽ ഒരു മനുഷ്യജീവൻ നഷ്ടമാകുന്നതിന്റെ പേരിൽ ആർക്കുമില്ല ഖേദവും കുറ്റബോധവും എന്നതാണ് കഷ്ടം.

റോഡിലെ അപകട സാദ്ധ്യതകളും മറ്റും വ്യക്തമാക്കുന്ന സൂചനാ ബോർഡുകൾ സ്ഥാപിക്കുന്നതു പോലുള്ള പ്രവൃത്തികൾ റോഡ് സുരക്ഷാ നിയമത്തിൽ കൂടുതൽ കർശനമാക്കുകയും,​ അതിൽ വീഴ്ച വരുത്തുന്നത് സർക്കാർ വകുപ്പായാലും കരാർ ഏജൻസിയായാലും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. അപകടങ്ങൾ സംഭവിക്കുമ്പോൾ പരസ്പരം പഴി ചാരുകയും ചുമതലകളിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നതാണ് പതിവു ശീലം. അപകടങ്ങൾക്ക് ഇരകളാകുന്നവരുടെ കുടുംബത്തിനു മാത്രമാണ് നഷ്ടം. റോഡുകൾ വീതി കൂട്ടുന്നതും അധുനികവത്കരിക്കുന്നതും നല്ലത്. അതിനൊപ്പം വളർന്നുവരേണ്ട റോഡ് സുരക്ഷാ ബോധത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ് കൃത്യമായ സൂചനാ ബോർഡുകൾ. മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാതെപോയതിന്റെ പോരിൽ ഒരു മനുഷ്യജീവനും നിരത്തിൽ പൊലിഞ്ഞുകൂടാ. ഇക്കാര്യത്തിൽ സർക്കാരിനു മാത്രമല്ല,​ കരാർ ഏജൻസികൾക്കും,​ അവർ നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്കുമുണ്ട് തുല്യ ഉത്തരവാദിത്വം. യാത്രാ സുരക്ഷിതത്വത്തിന്റെ സൂചകമാകട്ടെ,​ സംസ്ഥാനത്ത് നിരത്തുകളിലെ സൂചനാ ബോർഡുകൾ.

Advertisement
Advertisement