ശിക്ഷാ നയം അനിവാര്യം

Wednesday 22 May 2024 12:51 AM IST

ഒരേ കുറ്റത്തിനു തന്നെ കീഴ്‌ക്കോടതി വിധിക്കുന്ന ശിക്ഷ തന്നെ ആവണമെന്നില്ല മേൽകോടതികൾ വിധിക്കുന്നത്. അപ്പീൽ പോകുമ്പോൾ ശിക്ഷ കൂടുകയോ കുറയുകയോ ചെയ്യാം. അപൂർവം കേസുകളിൽ ശിക്ഷ അപ്പാടെ റദ്ദാവാനും സാദ്ധ്യതയില്ലാതില്ല. ഓരോ ന്യായാധിപനും നിയമത്തിന്റെ കണ്ണിലൂടെ ഓരോരോ കുറ്റകൃത്യങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്നതനുസരിച്ച് ശിക്ഷയിലും വ്യത്യാസം വരാം. മറ്റു പല രാജ്യങ്ങളിലും ഉള്ളതുപോലെ ഒരേ കുറ്റങ്ങൾക്ക് ഒരേ ശിക്ഷ എന്നൊരു രീതി നമ്മുടെ രാജ്യത്തില്ല. അഥവാ,​ പ്രതികൾക്ക് ശിക്ഷ നിശ്ചയിക്കാനുള്ള വ്യക്തമായ മാനദണ്ഡങ്ങളുള്ള ശിക്ഷാ നയം നമുക്കില്ലെന്നും,​ ജഡ്‌ജിയുടെ ഇഷ്ടപ്രകാരം ശിക്ഷ വിധിക്കുന്ന ഇപ്പോഴത്തെ രീതി മാറണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരിക്കുന്നു. ശിക്ഷാനയം രൂപീകരിക്കാൻ പ്രത്യേക കമ്മിഷൻ രൂപീകരിക്കാൻ ഉന്നത കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകുകയും ചെയ്തു.

ഇതിനായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ആറുമാസത്തിനകം സത്യവാങ്‌മൂലം സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എസ്.വി.എൻ. ഭട്ടി എന്നിവരുടെ ബെഞ്ചിന്റേതാണ് നിർദ്ദേശം. ബീഹാറിൽ വിചാരണക്കോടതി വധശിക്ഷ വിധിച്ച പോക്‌സോ കേസിൽ ഹൈക്കോടതി പുനർവിചാരണയ്ക്ക് ഉത്തരവിടുകയും വധശിക്ഷ വിധിച്ച ജഡ്‌ജിക്കെതിരെ നിരീക്ഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ ജഡ്‌ജി നൽകിയ അപ്പീൽ തള്ളിയാണ് രാജ്യത്ത് ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ തന്നെ വഴിത്തിരിവാകുന്ന നിർദ്ദേശങ്ങൾ സുപ്രീംകോടതി നൽകിയത്. പോക്‌സോ കേസിൽ വിചാരണ പൂർത്തിയായ അന്നു തന്നെ ജഡ്‌ജി വധശിക്ഷ വിധിക്കുകയായിരുന്നു. പ്രതിഭാഗത്തിന് വാദങ്ങൾ നിരത്താൻ സമയം അനുവദിച്ചില്ലെന്ന പരാതിയും ഉയർന്നിരുന്നു.

നിയമത്തിൽ പറയുന്ന ശിക്ഷകളിൽ ഏതു നൽകണമെന്നത് ജഡ്‌ജിയുടെ ഇഷ്ടത്തിനു വിടുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്. ശിക്ഷ നൽകുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളും മാർഗനിർദ്ദേശങ്ങളും ഉണ്ടാകേണ്ടത് അനിവാര്യമാണ്. അങ്ങനെ വരുമ്പോൾ ജഡ്‌ജിയുടെ മനോഗതം മാത്രം അനുസരിച്ച് ശിക്ഷ വിധിക്കേണ്ടിവരില്ല. സ്വാതന്ത്ര്യ‌ം ലഭിച്ച് മുക്കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും നമുക്ക് ഒരു വ്യക്തമായ ശിക്ഷാനയം രൂപീകരിക്കാനാവാത്തത് വലിയ പോരായ്‌മ തന്നെയാണ്. ശിക്ഷാനയം വരുമ്പോൾ രാജ്യത്തൊട്ടാകെ വിവിധ കുറ്റങ്ങൾക്ക് ശിക്ഷ വിധിക്കുന്നതിന് ഒരു ഏകീകൃത സ്വഭാവം കൈവരും. ശിക്ഷാനയം രൂപീകരിക്കുന്നത് വിശദമായ ചർച്ചകൾക്കും അഭിപ്രായ രൂപീകരണങ്ങൾക്കും ശേഷമായിരിക്കണം.

സുപ്രീംകോടതിയിൽ നിന്നു വിരമിച്ച ചീഫ് ജസ്റ്റിസിന്റെയോ മുതിർന്ന ജഡ്‌ജിയുടെയോ നേതൃത്വത്തിലായിരിക്കണം ഇതിനായുള്ള കമ്മിഷനെ സർക്കാർ നിയമിക്കേണ്ടത്. നിയമവിദഗ്ദ്ധരും പ്രമുഖ സാമൂഹ്യ - സാംസ്‌കാരിക പ്രവർത്തകരും ഉൾക്കൊള്ളുന്ന സമിതിയാവണം നിർദ്ദേശങ്ങൾ നൽകേണ്ടത്. സുപ്രീംകോടതി ഈ കേസിൽ ചൂണ്ടിക്കാണിച്ച മറ്റൊരു പ്രധാന കാര്യം,​ ഒരു ശിക്ഷയും അതിവേഗം എടുക്കുന്ന തീരുമാനമാവരുത് എന്നതാണ്. സമയമെടുത്ത് എല്ലാ വശങ്ങളും വിലയിരുത്തിയതിനു ശേഷമാവണം ശിക്ഷ വിധിക്കേണ്ടത്. അല്ലാത്തപക്ഷം അതിൽ പിഴവുകൾ സംഭവിക്കാനുള്ള സാദ്ധ്യത ഏറെയാണ്. ശിക്ഷ വിധിക്കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ സംബന്ധിച്ച് നമ്മുടെ നിയമത്തിൽ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല. അതിനാൽ തോന്നുംപടിയാണ് ശിക്ഷാ പ്രഖ്യാപനം ഇപ്പോൾ നടക്കുന്നതെന്നും അതു മാറാൻ മാർഗരേഖയുടെ ആവശ്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയത് എത്രയും വേഗം പ്രാവർത്തികമാക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.

Advertisement
Advertisement