ട്രേഡിംഗ് തട്ടിപ്പിന് അറുതിയില്ല, 46 ദിവസം, 75.5 ലക്ഷം ഠിം !

Wednesday 22 May 2024 12:03 AM IST

കൊച്ചി: നിക്ഷേപത്തിന്റെ 300 ശതമാനം തിരികെ ! ഫേസ്ബുക്കിലെ പരസ്യംകണ്ടാണ് എറണാകുളം സ്വദേശിയായ 61 കാരൻ ഓൺലൈൻ ട്രേഡിംഗിൽ ഒരു കൈ നോക്കിയത്. പക്ഷേ 46 ദിവസംകൊണ്ട് പോയിക്കിട്ടിയത് ഒരു ആയുഷ്‌കാലം സാമ്പാദിച്ച തുക. എഴുപത്തിയഞ്ചര ലക്ഷം രൂപ ! സംഭവത്തിൽ പാലാരിവട്ടം പൊലീസ് അന്വേഷണം തുടങ്ങി.

ഒ.പി സെക്യൂരിറ്റി എന്ന് ട്രേഡിംഗ്‌ കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ്. ഈ സ്ഥാപത്തിന്റെ ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറായ ഉത്തരേന്ത്യൻ സ്വദേശിനി മീനാക്ഷി കപൂർ, സ്ഥാപനത്തിലെ ജീവനക്കരനായ മറ്റൊരു ഉത്തരേന്ത്യക്കാരൻ എന്നിവരെ പ്രതിചേർത്ത് കേസെടുത്തു. ജനുവരിയിലാണ് 61കാരൻ ആദ്യമായി പണം നിക്ഷേപിച്ചത്.

ഒ.പി സെക്യൂരിറ്റി നൽകിയ പരസ്യത്തിലെ നമ്പറിൽ ബന്ധപ്പെടുകയായിരുന്നു. ഇവർ നൽകിയ ലിങ്കിൽ കയറി 25,000 രൂപയാണ് നിക്ഷേപിച്ചത്. ഏതാനും മണിക്കൂറിൽ തന്നെ 1000 രൂപ ലഭിച്ചതായി സന്ദേശമെത്തി. മറ്റ് കമ്പനികളെ പോലെ തട്ടിപ്പ് സ്ഥാപനമല്ലെന്ന് ഉറപ്പിച്ചു. ഘട്ടം ഘട്ടമായി 75.5 ലക്ഷം നിക്ഷേപിച്ചു. 61കാരന്റെ പേരിലെ അക്കൗണ്ടിൽ വൻതുകയാണ് ലാഭമായി കാണിച്ചിരുന്നത്. കുമിഞ്ഞുകൂടിയ ലാഭക്കാശ് പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് കബളിക്കപ്പെട്ടെന്ന് ഇയാൾ തിരിച്ചറിഞ്ഞത്.

ഫെബ്രുവരി 15നാണ് ഒടുവിൽ പണം നൽകിയത്. നിക്ഷേപം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പി.ഒ. സെക്യൂരിറ്റിസ് ജീവനക്കാർ ഒരു രൂപപോലും തിരികെ നൽകിയില്ല. പിന്നീട് ഈ നമ്പറിൽ ബന്ധപ്പെടാനേ കഴിഞ്ഞില്ല. നാണക്കേട് ഓ‌ർത്ത് സമൂഹത്തിൽ ഉയർന്ന പദവിവഹിക്കുന്ന 61കാരന് തട്ടിപ്പിന് ഇരയായെന്ന് പുറത്തുപറയാതിരിക്കുകയായിരുന്നു. ഒടുവിൽ കഴിഞ്ഞദിവസം പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു.

കേസിൽ പ്രാഥമിക അന്വേഷണം തുടങ്ങി. ബാങ്ക് അക്കൗണ്ടുകളും ഫോൺകാളുകളും കേന്ദ്രീകരിച്ചുള്ള വിവരശേഖരണമാണ് പുരോഗമിക്കുന്നത്. വിദേശരാജ്യങ്ങളിലാണ് ഐ.പി വിലാസം കാണിക്കുന്നത്. നഷ്ടപ്പെട്ട തുക വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും പാലാരിവട്ടം പൊലീസ് അറിയിച്ചു.

തട്ടിപ്പിൽ വീഴാതിരിക്കാൻ
ഡിമാറ്റ് അക്കൗണ്ട് ഉപയോഗിച്ചേ ട്രേഡിംഗ് നടത്താനാകൂ. ഇടനിലക്കാർക്ക് പണം നൽകിയുള്ള ട്രേഡിംഗ് സുരക്ഷിതമല്ല. സ്ഥാപനത്തിന് സെബിയുടെ അംഗീകാരമുണ്ടോയെന്നും പരിശോധിക്കണം. ട്രേഡിംഗ് പ്ലാറ്റ്‌ഫോമും പണം നിക്ഷേപിക്കാനുള്ള ആപ്പും വ്യാജമായി നിർമ്മിച്ചാണ് തട്ടിപ്പ്. അന്വേഷണം തങ്ങളിലേക്ക് എത്താതിരിക്കാൻ ലക്ഷങ്ങൾ നൽകി മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കിയാണ് തട്ടിപ്പ്. മലയാളികൾ ഉൾപ്പെട്ട റാക്കറ്റാണ് 20,000 മുതൽ 25,000 രൂപ വരെ നൽകി നിർദ്ധനരിൽ നിന്ന് അക്കൗണ്ട് വിവരങ്ങൾ വാങ്ങുന്നത്.

വർഷം- കേസുകൾ
2016-283
2017 - 320
2018 - 340
2019 -307
2010 - 426
2021 - 626
2022 -773
2023- 3155
2024 - 886

(കേരള പൊലീസ് ക്രൈം സ്റ്റാസ്റ്റിക്സ്)

Advertisement
Advertisement