വൈശാഖ മഹോത്സവത്തിന് തുടക്കം; മുതിരേരി വാൾ എത്തി,ചോതി വിളക്ക് തെളിഞ്ഞു; കൊട്ടിയൂർ പെരുമാൾക്ക് നെയ്യാട്ടം നടന്നു ഇന്ന് ഭണ്ഡാരം എഴുന്നള്ളത്ത്

Tuesday 21 May 2024 9:43 PM IST

കൊട്ടിയൂർ: ഇടവത്തിലെ ചോതി നാളായ ഇന്നലെ കാടും മലയും താണ്ടി മുതിരേരി ശിവക്ഷേത്രത്തിൽ നിന്ന് വാൾ ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചേർന്നു. അക്കരെ സന്നിധിയിൽ ചോതി വിളക്ക് തെളിയിച്ച് പെരുമാൾക്ക് നെയ്യാട്ടം നടത്തിയതോടെ വൈശാഖ മഹോത്സവത്തിന് തുടക്കമായി.

ഇന്നലെ രാവിലെ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട നെയ്യമൃത് വ്രതക്കാർ വൈകുന്നേരം ഇക്കരെ കൊട്ടിയൂരിലെത്തി നെയ്ക്കിണ്ടികൾ നടുക്കുനിയിലെ ആൽമരച്ചുവട്ടിൽ സൂക്ഷിച്ചു.സന്ധ്യയോടെ മുതിരേരി വാളുമായി എടയാർ മൂഴിയോട്ടില്ലത്ത് സുരേഷ് നമ്പൂതിരി ഇക്കരെ കൊട്ടിയൂരിൽ എത്തി. വാൾ എഴുന്നള്ളത്ത് വേളയിൽ നെയ്യമൃത് വ്രതക്കാർ ഇക്കരെ നടയിൽ ഭക്തിപൂർവം പങ്കെടുത്തു.വാൾ ശ്രീകോവിലിൽ ബലിബിംബങ്ങൾക്കൊപ്പം സൂക്ഷിച്ചു.
വാൾ എത്തിയതിന് ശേഷം രാത്രിയോടെ ആചാര്യന്മാരും അടിയന്തിര യോഗ സ്ഥാനികരും അക്കരെ സന്നിധാനത്തിൽ പ്രവേശിച്ച് ചോതി വിളക്ക് തെളിയിച്ചു.തുടർന്ന് ബ്രാഹ്മണ സ്ഥാനികർ അഷ്ട ബന്ധം നീക്കി സ്വയംഭൂ നാളം തുറന്ന് നെയ്യ് ഒഴുകാനുള്ള പാത്തിവെച്ചു.മുഹൂർത്തം നോക്കി രാശി വിളിച്ചതോടെ നെയ്യാട്ടം ആരംഭിച്ചു.സ്ഥാനിക അവകാശികളായ വില്ലിപ്പാലൻ കുറുപ്പിൻ്റെയും തമ്മേങ്ങാടൻ നമ്പ്യാരുടെയും നേതൃത്വത്തിൽ സമർപ്പിച്ച നെയ്യാണ് സ്വയംഭൂ വിഗ്രഹത്തിൽ ആദ്യം അഭിഷേകം ചെയ്തത്.എല്ലാ വ്രതക്കാരും സമർപ്പിച്ച നെയ്യ് പൂർണമായി അഭിഷേകം ചെയ്തതോടെയാണ് നെയ്യാട്ടം അവസാനിച്ചത്.

പെരുമാളുടെ തിരുവാഭരണങ്ങളും പൂജാ കുംഭങ്ങളും വഹിച്ചുകൊണ്ടുള്ള ഭണ്ഡാരം എഴുന്നള്ളത്ത് ഇന്ന് നടക്കും.
മണത്തണ കരിമ്പനക്കൽ ഗോപുരത്തിൽ നിന്നുള്ള ഭണ്ഡാരമെഴുന്നള്ളത്ത് അക്കരെ കൊട്ടിയൂരിൽ എത്തിയാൽ സ്ത്രീകൾക്ക് അക്കരെ പ്രവേശിച്ച് ദർശനം നടത്താം. ഇന്ന് രാത്രിയാണ് ഭണ്ഡാരം എഴുന്നള്ളത്ത്
പുറപ്പെടുന്നത്. കുടിപതി സ്ഥാനികരാണ് ഭണ്ഡാരം എഴുന്നള്ളിക്കുന്നത്.ഏഴില്ലക്കാരായ വാളശ്ശന്മാർ ചപ്പാരത്തെ ഭഗവതിയുടെ വാളുകളും എഴുന്നള്ളിക്കും.ഓച്ചറുടെ നേതൃത്വത്തിലുള്ള പാരമ്പര്യ വാദ്യസംഘം അകമ്പടി സേവിക്കും.
സമുദായിയുടെ അദ്ധ്യക്ഷതയിൽ നടത്തുന്ന ഭണ്ഡാരമെഴുന്നള്ളത്തിൽ അടിയന്തിര യോഗക്കാരും ഊരാളന്മാരും ഒപ്പമുണ്ടാകും.ഭണ്ഡാരം കാവുകളാക്കിയാണ് കൊട്ടിയൂരിലേക്ക് പുറപ്പെടുന്നത്. ഏറ്റവും മുൻപിൽ സ്വർണ പാത്രങ്ങളും തുടർന്ന് തിരുവാഭരണ ചെപ്പ്, വെള്ളിവിളക്ക്, ചപ്പാരം ഭഗവതിയുടെ വാളുകൾ ഒടുവിൽ വാദ്യഘോഷ അകമ്പടിയോടെയാണ് ഭണ്ഡാരം എഴുന്നള്ളത്തിൻ്റെ ക്രമം.കൊട്ടിയൂരിലെത്തും മുൻപ് അഞ്ചിടത്തായി വാളാട്ടങ്ങളും നടത്തും. എഴുന്നള്ളത്ത് ഇക്കരെ കൊട്ടിയൂരിലെത്തിയാൽ മുതിരേരിവാൾ, ഇക്കരയിലെ ബലിബിംബങ്ങൾ എന്നിവ കൂടി ചേർന്ന് അർദ്ധരാത്രിക്കു ശേഷം അക്കരെ ക്ഷേത്രത്തിൽ പ്രവേശിക്കും.

വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള മുതിരേരി വാൾ എഴുന്നള്ളത്ത് കൊട്ടിയൂരിലേക്ക് പുറപ്പെടുന്നു

Advertisement
Advertisement