ആഗസ്റ്റിൽ തുറക്കാൻ ഒരുങ്ങി നാലുചിറ പാലം

Wednesday 22 May 2024 12:08 AM IST

ആലപ്പുഴ : ഒരു പ്രദേശത്തിന്റെ വർഷങ്ങളായുള്ള ആഗ്രഹമായ നാലുചിറ പാലം യാഥാർത്ഥ്യത്തിലേക്കടുക്കുന്നു. സ്‌ളാബുകളുടെയും ആർച്ചിന്റെയും കോൺക്രീറ്റ് ജോലികൾ പൂർത്തിയായ പാലം ആഗസ്റ്റിൽ സഞ്ചാരയോഗ്യമായേക്കും. ദേശീയ ജലപാതയിൽ തോട്ടപ്പള്ളി ലീഡിംഗ് ചാനലിൽ കൊട്ടാരവളവ് കടത്തിന് സമീപമാണ് പാലം.

സ്‌ളാബുകളുടെയും ആർച്ചിന്റെയും കോൺക്രീറ്റ് ജോലികൾ പൂർത്തീകരിച്ചെങ്കിലും അപ്രോച്ച് റോഡിന്റെ നിർമ്മാണം ഇനിയും ആരംഭിച്ചിട്ടില്ല. 2019മാർച്ചിൽ നിർമ്മാണം ആരംഭിച്ച പാലത്തോട് ചേർന്നുള്ള മൂന്ന് ലാൻഡ് സ്ളാബുകളും റോഡും പൂർത്തിയാകാനുണ്ട്. സഞ്ചാരികളെ ആകർഷിക്കുംവിധം പക്ഷിച്ചിറകിന്റെ മാതൃകയിലാണ് പാലം. 450 മീറ്റർ നീളമുള്ള പാലത്തിന്റെ മദ്ധ്യഭാഗത്ത് ദേശീയ ജലപാതാ മാനദണ്ഡങ്ങൾ പാലിച്ച് 13 മീറ്റർ വീതിയിലും 35 മീറ്റർ നീളത്തിലും രണ്ട് സ്പാനുകളുണ്ട്. അപ്രോച്ച് റോഡ് നിർമ്മാണത്തിനായി 3.5 ഏക്കർ സ്ഥലം ഏറ്റെടുത്തു. 4.47 കോടിരൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു.

സ്പിൽവേയ്ക്ക് സമാന്തരപാതയാകും

1. പാലവും റോഡും പൂർത്തിയാകുന്നത് പുറക്കാട്, തകഴി, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഉപകാരപ്പെടും

2. തോട്ടപ്പള്ളി സ്പിൽവേയിൽ ഗതാഗതതടസം ഉണ്ടായാൽ സമാന്തരപാതയായി ഉപയോഗിക്കാമെന്നതാണ് നാലുചിറ പാലത്തിന്റെ പ്രധാന പ്രയോജനം

3. മുൻമന്ത്രി ജി.സുധാകരൻ മുൻകൈയെടുത്താണ് പാലം നിർമ്മിക്കാൻ തീരുമാനിച്ചത്. 38 കോടിയായിരുന്നു ആദ്യം വകയിരുത്തിയത്. പിന്നീട് 48 കോടിയാക്കി

4. അപ്രോച്ച് റോഡിന്റെ ഭാഗം ചതുപ്പായതിനാൽ ഇവിടെ കോൺക്രീറ്റ് പാലം നിർമ്മിക്കണമെന്ന ആവശ്യത്തെ തുടർ

ന്നാണ് എസ്റ്റിമേറ്റ് തുക വർദ്ധിപ്പിച്ചത്

നാലുചിറ പാലം

നീളം: 450 മീറ്റർ

വീതി : 13മീറ്റർ

നടപ്പാത: 1.5 മീറ്റർ

ചെലവ്: 48 കോടി

അപ്രോച്ച് റോഡിന്റെ ഭാഗം ചതുപ്പായതിനാൽ ഇവിടെ കോൺക്രീറ്റ് പാലം നിർമ്മാണത്തിനുള്ള പൈലിംഗ് നടത്തുമ്പോൾ സമീപത്തെ വീടുകളുടെ ഭിത്തിക്കും അടിത്തറയ്ക്കും വിള്ളൽ ഉണ്ടാകുന്നത് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.

- ചന്ദ്രലേഖ, പ്രദേശവാസി

കാലാവസ്ഥ പ്രതികൂലമായില്ലെങ്കിൽ അടുത്ത ആഗസ്റ്റിൽ അപ്രോച്ച് റോഡ് പൂർത്തീകരിക്കാം. പ്രധാന പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു. ഇനി ആർച്ചിന്റെ സ്ളാബിന്റെ നിർമ്മാണം നടത്തണം.

- എൻജിനിയർ, കേരള റോഡ് ഫണ്ട് ബോർഡ്

Advertisement
Advertisement