ജയറാം വധം : രണ്ട് പ്രതികൾക്ക് ജീവപര്യന്തം

Wednesday 22 May 2024 12:11 AM IST

മാവേലിക്കര : ചിങ്ങോലി നെടിയാത്ത് പുത്തൻവീട്ടിൽ ജയറാമിനെ (31) കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെയും ജീവപര്യന്തം തടവിനും ഓരോ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചിങ്ങോലി 11ാം വാർഡിൽ തറവേലിക്കകത്ത് പടീറ്റതിൽ ഹരികൃഷ്ണൻ(36), ചിങ്ങോലി ഏഴാം വാർഡിൽ കലേഷ് ഭവനത്തിൽ കലേഷ് (33) എന്നിവരെയാണ് മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി (3) ജഡ്ജി എസ്.എസ് സീന ശിക്ഷിച്ചത്. പിഴത്തുക കൊല്ലപ്പെട്ട ജയറാമിന്റെ മാതാവിന് നൽകണം. അല്ലെങ്കിൽ 2 വർഷം അധികം തടവ് അനുഭവിക്കണം.

2020 ജൂലായ് 19 ന് രാത്രി 7.30ന് ചിങ്ങോലി പഴയ വില്ലേജ് ഓഫീസിന് വടക്കുള്ള ബേക്കറിക്ക് മുന്നിലായിരുന്നു കൊലപാതകം. ഇവിടെ നിൽക്കുകയായിരുന്ന ജയറാമിനെ ബൈക്കിലെത്തിയ സുഹൃത്തായ ഹരികൃഷ്ണൻ കത്തികൊണ്ട് ഇടതു തുടയിൽ കുത്തുകയായിരുന്നു. രണ്ടാം പ്രതി കലേഷ് കൊലപാതകത്തിലും സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടാനും ഹരികൃഷ്ണനെ സഹായിച്ചെന്നുമാണ് കേസ്. കരീലക്കുളങ്ങര സിഐ ആയിരുന്ന എസ്.എൽ അനിൽകുമാറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.

കേസിൽ 39 സാക്ഷികളെ പ്രോസിക്യൂഷൻ ഹാജരാക്കി. കഴിഞ്ഞദിവസം കുറ്റക്കാരെന്ന് കണ്ടെത്തിയ ശേഷം ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നുമില്ലെന്ന മറുപടിയാണ് പ്രതികൾ നൽകിയത്. പ്രോസിക്യൂഷന് വേണ്ടി ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കെ.സജികുമാർ ഹാജരായി. വിധി കേൾക്കാൻ ജയറാമിന്റെ അമ്മ വിലാസിനിയും സഹോദരൻ ജയമോനും വന്നിരുന്നു.

Advertisement
Advertisement