റോഡുകളും വീടുകളും മുങ്ങി, തോരാദുരിതത്തിൽ കുട്ടനാട്

Wednesday 22 May 2024 1:11 AM IST

കുട്ടനാട് : വേനൽമഴ തകർത്തു പെയ്തതോടെ കൈനകരി, നെടുമുടി, വെളിയനാട്,കാവാലം,തലവടി,തകഴി പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലും രാമങ്കരി പഞ്ചായത്തിലെ 1,2,13 വാർഡുകളിലും ജനം തീരാദുരിതത്തിലായി.

വർഷങ്ങളായി കുണ്ടും കുഴിയുമായി കിടക്കുന്ന നിരവധി റോഡുകൾ മഴ ശക്തിപ്പെട്ടതോടെ വെള്ളത്തിലായി. മണലാടി മുതൽ രാമങ്കരി ജെട്ടി വരെ നീളുന്ന റോഡിൽ ഇരുചക്രവാഹന യാത്ര പോലും ദുഷ്കരമാണ് .റോഡിലെ കുഴിയിൽപ്പെട്ട് തെന്നുന്ന വാഹനങ്ങൾ പമ്പയാറ്റിൽ പതിക്കാനും സാദ്ധ്യത കൂടുതലാണ്. കൊയ്ത്ത് കഴിഞ്ഞു തരിശിട്ടിരിക്കുന്ന പാടശേഖരങ്ങളിലെല്ലാം വെള്ളം കവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ സമീപപ്രദേശങ്ങളാകെ വെള്ളക്കെട്ടിന്റെ പിടിയിലമരുകയായിരുന്നു.

മുട്ടറ്റം വെള്ളത്തിൽ കുഴിക്കാല കോളനി

1.രാമങ്കരി പഞ്ചായത്തിലെ 13ാം വാർ‌ഡിലെ കുഴിക്കാല കോളനിയിൽ മിക്ക വീടുകളിലും മുട്ടറ്റംവരെ വെള്ളം നിറഞ്ഞു

2. ഇതോടെ ഇവിടെ താമസിക്കുന്ന 59കുടുംബങ്ങളുടെ ജീവിതം കടുത്ത ദുരിതത്തിലാണ് ഇപ്പോൾ

3.മിക്കവരും ഇവിടെനിന്ന് താമസം ഉപേക്ഷിക്കാനോ എവിടേക്കെങ്കിലും വാടകയ്ക്ക് മാറി താമസിക്കാനോ ആലോചിക്കുകയാണ്

4.കോളനിയിലെ ദുരിതത്തിന് പുറമേ പഞ്ചായത്തിലെ മറ്റു വാർഡുകളിലെ റോഡുകളുടെ സ്ഥിതിയും ദുരിതമയമാണ്

ഒറ്റ ദിവസത്തെ മഴയിൽ തന്നെ വീട്ടിൽ വെള്ളം കയറി. വീട്ടുസാമഗ്രികളെല്ലാം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. എന്റെ ഒരു ബന്ധുവിന്റെ വീട് വെള്ളത്തിലായിട്ട് ഇപ്പോൾ ഒരു വർഷം പിന്നിട്ടു. പ്രശ്നത്തിന് അടിയന്തരപരിഹാരം കാണാൻ അധികൃതർ തയ്യാറായില്ലെങ്കിൽ നാടുവിടുക മാത്രമേ നിർവാഹമുള്ളു

- വിജയ ബാബു. വേഴപ്ര കുഴിക്കാലാ കോളനി നിവാസി

Advertisement
Advertisement