ഇരുട്ട്, അശുദ്ധവായു.... കുതിരാനിൽ ഒഴിയാദുരിതം

Tuesday 21 May 2024 10:28 PM IST

തൃശൂർ: ഒരു മിനിറ്റ് പോലും വെളിച്ചം അണയരുതെന്നും സുരക്ഷ കൃത്യമായി ഉറപ്പാക്കണമെന്നുമുള്ള ഹൈവേ അതോറിറ്റിയുടെ കർശന നിർദ്ദേശം നിലനിൽക്കേ, കുതിരാൻ ടണലിൽ യാത്രക്കാരെ ഇരുട്ടിൽ ശ്വാസംമുട്ടിച്ച് അശുദ്ധവായു. ടണലിനുള്ളിലെ പാതയിൽ വൈദ്യുതി ബന്ധം തകരാറിലാകുന്നത് പതിവാണെന്ന് യാത്രക്കാർ ആഴ്ചകളായി പരാതിപ്പെട്ടിട്ടും നടപടികളായില്ല. വാഹനം കടന്നു പോകുന്ന ദിശയിൽ മാത്രമാണ് എക്‌സ് ഹോസ്റ്റ് ഫാനുള്ളത്. ഫാനുകൾ പ്രവർത്തിക്കാതായതോടെ പൊടിപടലവും ശ്വാസതടസവും വലിയ അപകടത്തിനിടയാക്കുന്നു.
ലൈറ്റും ഇലക്ട്രിക് സിഗ്‌നൽ ബോർഡും രാത്രിയിൽ പ്രവർത്തിക്കുന്നില്ല. ദേശീയപാത 544ൽ പാലക്കാട് നിന്നും തൃശൂർ ഭാഗത്തേക്കുള്ള ടണൽ അടയ്ക്കുകയും ഇരുവശത്തേക്കുമുള്ള യാത്ര ഒരു ടണലിൽ മാത്രമാക്കുകയും ചെയ്തതോടെ നാല് മാസമായി യാത്രക്കാർ നട്ടം തിരിയുകയാണ്.
വേനലിൽ കൊടുംചൂടായിരുന്നു ടണലിൽ. മലിനവായു വലിച്ചെടുക്കുന്ന എക്‌സോസ്റ്റ് ഫാനുകൾ ഒരു ദിശയിലെ പൊടിപടലങ്ങൾ മാത്രം വലിച്ചെടുക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. വാഹനങ്ങൾ നിറുത്തേണ്ടിവന്നാൽ യാത്രക്കാർക്ക് കടുത്ത ശ്വാസതടസമുണ്ടാകും. വാഹനം തകരാറിലാവുകയോ അപകടത്തിൽ പെടുകയോ ചെയ്താൽ ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിനും വഴിതെളിക്കും.

  • പണി നടക്കുന്നത്: 2021 ജൂലായ് 31ന് ഗതാഗതത്തിന് തുറന്നുകൊടുത്ത ആദ്യടണൽ.
  • നിർമ്മിക്കുന്നത്: ഗാൻട്രി കോൺക്രീറ്റിംഗ് (ഉരുക്കുപാളി കൊണ്ട് കമാനാകൃതിയിൽ നടത്തുന്നത്)
  • ഗാൻട്രി കോൺക്രീറ്റിംഗ് ചെയ്യുന്നത്: 400 മീറ്ററിൽ
  • ചെറിയ എൽ.ഇ.ഡി ലൈറ്റുകൾ: 1200
  • ബ്‌ളോവറുകൾ: പത്ത്
  • ടണലിന്റെ നീളം: 970 മീറ്റർ
  • വീതി: 14മീറ്റർ

അഭിമാനപാത, പക്ഷേ...

സംസ്ഥാനത്തെ ആദ്യ തുരങ്കപാതയും വീതി കണക്കാക്കിയാൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതുമാണെങ്കിലും നിർമ്മാണത്തിലെ പിഴവുകൾ, ടണൽ തുറന്ന് മൂന്ന് വർഷമാകുമ്പോഴും ഒഴിയുന്നില്ല. വൈദ്യുതി ബന്ധം തകരാറിലാകുന്നത് സ്ഥിരം സംഭവമാകുന്നത് തന്നെ വലിയ വീഴ്ചയാണ്. വൈദ്യുതി ഇല്ലാതായാൽ തനിയെ ജനറേറ്റർ പ്രവർത്തിക്കാനുള്ള സംവിധാനം പലപ്പോഴും തകരാറിലായി. കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും സംസ്ഥാന സർക്കാരും നടപടിയെടുക്കുന്നില്ല.

പിഴവുകളേറെ

പാറകൾക്ക് ഉറപ്പുള്ളിടത്ത് കോൺക്രീറ്റിംഗ് വേണ്ടെന്ന കമ്പനി തീരുമാനം പാളി
കാർബൺ മോണോക്‌സൈഡ് വ്യാപിക്കുന്നതിനാൽ വായുവിന്റെ പുറന്തള്ളൽ ഉറപ്പാക്കിയില്ല
കൂടിയ നിരക്കിൽ ടോൾ ഈടാക്കുമ്പോഴും അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തിയില്ല

നിലവിൽ പരാതി ലഭിച്ചിട്ടില്ല. യാത്രക്കാർക്ക് ആരോഗ്യപ്രശ്‌നങ്ങളോ മറ്റോ ഉണ്ടാകുന്നുണ്ടെങ്കിൽ ഇടപെടും.

പീച്ചി എസ്.എച്ച്.ഒ.

Advertisement
Advertisement