കളക്ടറേറ്റിന് സമീപം പാെലീസ് സ്റ്റേഷന്റെ മതിലിൽ വൻമരം വീണ് വൈദ്യുതിബന്ധമറ്റു

Tuesday 21 May 2024 10:36 PM IST

തൃശൂർ: അയ്യന്തോളിൽ കളക്ടറേറ്റിന് സമീപത്തെ വൻ മരം കടപുഴകി വീണ് വെസ്റ്റ് പൊലീസ് സ്റ്റേഷന്റെ മതിലും സ്റ്റേഷനോട് ചേർന്ന ശിശുസൗഹൃദ സ്റ്റേഷൻ കെട്ടിടത്തിനും കേടുപാട് സംഭവിച്ചു. വൈദ്യുതി തൂണുകൾ തകർന്നതിനെ തുടർന്ന് മേഖലയിലെ വൈദ്യുതി വിതരണം തടസപ്പെട്ടു. മൂന്ന് വൈദ്യുതി തൂണുകൾ തകർന്നു.

വൈദ്യുതി കാലുകൾ തകർന്നത് മൂലം കോസ്റ്റ് ഫോർഡ് നിർമ്മിതി കേന്ദ്രം, ജില്ലാ കോടതി സമുച്ചയം, വിവിധ ക്വാർട്ടേഴ്‌സുകൾ, അപ്പൻ തമ്പുരാൻ സ്മാരകം രജിസ്റ്റർ ഓഫീസ്, തൃശൂർ വെസ്റ്റ് സ്റ്റേഷൻ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങി.

കോടതിയിലേക്കും സിവിൽ സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കും പോകാനുള്ളവർ ബുദ്ധിമുട്ടിലായി. പലരും വീണു കിടന്ന മരത്തിന് മുകളിലൂടെ കയറിയാണ് അപ്പുറം കടന്നത്. തിങ്കളാഴ്ച അർദ്ധരാത്രിയിലായിരുന്നു സംഭവം. മരം വീണതോടെ ഇതുവഴിയുള്ള ഗതാഗത സ്തംഭനവും, വൈദ്യുതിക്കാലുകൾ തകർന്നതോടെ ഈ മേഖലയിൽ വൈദ്യുതി നിലച്ചതും കോടതിയുടെയും സമീപ പ്രദേശത്തെയും സർക്കാർ ഓഫീസുകളുടെയും പ്രവർത്തനത്തെ ബാധിച്ചു. ഗതാഗത തടസം മൂലം ജഡ്ജിമാരും, വക്കീലുമാരും, കോടതി ജീവനക്കാരും അടക്കമുള്ളവർ ദുരിതത്തിലായി.

ജഡ്ജിമാർ കളക്ടറേറ്റിനുള്ളിലെ മറ്റൊരു വഴിയിലൂടെയാണ് കോടതി സമുച്ചയത്തിലെത്തിയത്. പുലർച്ചെ മരം മുറിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രാവിലെ മുതൽ തൃശൂർ ഫയർഫോഴ്‌സും കോർപ്പറേഷൻ അധികൃതരുമെത്തി മരം റോഡിൽ നിന്നും മുറിച്ചു മാറ്റി.

Advertisement
Advertisement