കപ്പലിന് കാവലായി ഫയർഫോഴ്സ്: രക്ഷാപ്രവർത്തനങ്ങളിൽ വലഞ്ഞ് വിഴിഞ്ഞം ഫയർസ്റ്റേഷൻ

Wednesday 22 May 2024 1:08 AM IST

വിഴിഞ്ഞം: ആവശ്യത്തിന് വേണ്ട വാഹനമില്ലാത്തത് വിഴിഞ്ഞം ഫയർ ഫോഴ്സിന്റെ രക്ഷാപ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. രണ്ട് വലിയ വാഹനമുള്ളതിൽ ഒരെണ്ണം നിലവിൽ വിഴിഞ്ഞം തുറമുഖത്ത് കൊണ്ടിട്ടിരിക്കുകയാണ്. ക്രെയിനുമായി കപ്പൽ എത്തിയതിനാൽ സുരക്ഷ മുൻനിറുത്തിയാണ് ഫയർഫോഴ്സിന്റെ വാഹനവും സേനയും അവിടെ തുടരുന്നത്. കപ്പൽ തുറമുഖത്ത് തുടരുന്നതിനാൽ മറ്റ് രക്ഷാപ്രവർത്തനങ്ങൾക്ക് ഈ വാഹനം കൊണ്ടുപോകാനാവാത്ത സ്ഥിതിയാണ്. നിലവിൽ ചെറിയ രണ്ട് വാഹനങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രക്ഷാപ്രവർത്തനങ്ങൾക്കായി ഓടിയത്. ഒരു വാഹനവും സേനയും തുറമുഖത്ത് തുടരുന്നതിനാൽ ആവശ്യത്തിനുവേണ്ട സേനാംഗങ്ങളില്ലെന്ന് ഫയർഫോഴ്സ് അധികൃതർ പറയുന്നു. ഷിഫ്ട് അടിസ്ഥാനത്തിൽ ആകെ 39 പേരാണ് വിഴിഞ്ഞത്ത് ജോലി നോക്കുന്നത്. ഇതിൽ ആറുപേർ ഒരാഴ്ചയായി തുറമുഖ നിർമ്മാണസ്ഥലത്താണ്. അടിയന്തരഘട്ടത്തിൽ ഇവരുടെ സേവനം ഉപയോഗിക്കാനാവുന്നുമില്ല. തീരദേശ പ്രാധാന്യം കണക്കിലെടുത്ത് വിഴിഞ്ഞത്ത് 60 ഓളം സേനാംഗങ്ങളുണ്ടായിരുന്നു. എന്നാൽ ഒന്നരവർഷം മുൻപ് ഇരുപതോളം പേരെ മറ്റ് സ്റ്റേഷനുകളിലേക്കു മാറ്റി. കഴിഞ്ഞ ദിവസം പെയിന്റ് കടയിൽ തീപിടിച്ചപ്പോൾ മറ്റു സ്റ്റേഷനുകളിലെ വാഹനങ്ങളെ ആശ്രയിക്കേണ്ടിവന്നു. രാജ്യാന്തര തുറമുഖവും ടൂറിസ്റ്റ് കേന്ദ്രവും മത്സ്യബന്ധന തീരവുമുള്ള വിഴിഞ്ഞത്തെ അഗ്നിശമന സേനയ്ക്ക് കാത്തിരുന്ന് കിട്ടിയ ആംബുലൻസ് 20 വർഷം പഴക്കമുള്ളതായിരുന്നു. ഇപ്പോൾ അതുമില്ല. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും ബൈപ്പാസ് റോഡ് നിർമ്മാണവും പൂർത്തിയാകുന്നതോടെ സുരക്ഷ വർദ്ധിപ്പിക്കേണ്ടി വരുമെന്ന് അഗ്നിശമന സേനാധികൃതർ പറയുന്നു. വിഴിഞ്ഞത്തെ അഗ്നിശമന സേനാകേന്ദ്രം ഇപ്പോൾ പ്രവൃത്തിക്കുന്നത് ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ കീഴിലുള്ള സ്ഥലത്താണ്. ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്ത് 40 സെന്റ് സ്ഥലം അഗ്നിശമന സേനയ്ക്ക് നൽകുമെന്ന് പറഞ്ഞെങ്കിലും നടപടികൾ എങ്ങുമെത്തിയിട്ടില്ല.

കറണ്ടില്ലെങ്കിൽ ഫോണുമില്ല

വിഴിഞ്ഞം ഫയർ സ്റ്റേഷനിൽ കറണ്ടില്ലെങ്കിൽ ഫോണില്ലാത്ത അവസ്ഥയാണ്. വൈദ്യുതിയുമായി ബന്ധിപ്പിച്ചാണ് ഇവിടുത്തെ ഫോൺ പ്രവർത്തിക്കുന്നത്. ഇൻവെർട്ടർ സംവിധാനം ഇല്ലാത്തതിനാൽ കറണ്ടുപോയാൽ ഫോൺ നിശ്ചലമാകും. അടിയന്തര ഘട്ടങ്ങളിൽ നാട്ടുകാർക്ക് വിഴിഞ്ഞം സ്റ്റേഷനുമായി നേരിട്ട് ബന്ധപ്പെടാനാവില്ല. കൺട്രോൾ റൂമിൽ നിന്നും വിവരം ലഭിച്ചുവരുമ്പോൾ രക്ഷാപ്രവർത്തനത്തിന് കാലതാമസവും നേരിടും.


ഫയർസ്റ്റേഷൻ വേണം

പൂർത്തിയായിവരുന്ന രാജ്യാന്തര തുറമുഖ നിർമ്മാണ സ്ഥലത്ത് നിരന്തരം കപ്പലുകൾ വരുന്ന സാഹചര്യത്തിൽ ഒരു ഫയർസ്റ്റേഷൻ അനുവദിച്ചാൽ മറ്റു സ്റ്റേഷനുകളെ ആശ്രയിക്കേണ്ടിവരില്ല. തുറമുഖ പ്രദേശത്തുണ്ടാകുന്ന അപകടങ്ങൾക്ക് രക്ഷാപ്രവർത്തനത്തിന് ഉപകരിക്കുമെന്ന് ഫയർ ഫോഴ്സ് അധികൃതർ പറയുന്നു.

Advertisement
Advertisement