കിരീടം പാലം സൂപ്പറാവും

Wednesday 22 May 2024 1:08 AM IST

തിരുവനന്തപുരം: മോഹൻലാലിനോടുള്ള ഇഷ്ടത്തിനൊപ്പം മലയാളികളുടെ പ്രിയ ലൊക്കേഷനായി മാറിയ വെള്ളായണിയിലെ 'കിരീടം' പാലം പ്രധാന വിനോദസഞ്ചാര,സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതി തയ്യാറാകുന്നു.

പ്രദേശത്തിന്റെ പച്ചപ്പിന് കോട്ടം വരുത്താതെ വിരുന്നെത്തുന്ന പറവകളുടെയും നെൽപ്പാടത്തിന്റെയും താമരപ്പൂക്കളുടെയും മനോഹാരിത ആസ്വദിക്കാവുന്ന വിധത്തിൽ പാലവും ചുറ്റുമുള്ള പ്രദേശങ്ങളും മോടിപിടിപ്പിക്കുന്ന പദ്ധതിക്കാണ് ടൂറിസം വകുപ്പ് രൂപം നൽകിയിരിക്കുന്നത്. പദ്ധതിയുടെ ടെൻഡർ നടപടികളിലേക്ക് കടന്നിട്ടുണ്ട്. പദ്ധതിക്കായി സംസ്ഥാന സർക്കാർ 1.22 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. മോഹൻലാലിന്റെ 64-ാം പിറന്നാൾ ദിനമായ ഇന്നലെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നുവെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വ്യക്തമാക്കിയത്.

മന്ത്രി വി.ശിവൻകുട്ടിയാണ് ആശയം റിയാസിനു മുന്നിൽ അവതരിപ്പിച്ചത്. 1989 ജൂലായ് 7ന് റിലീസ് ചെയ്‌ത ചിത്രം ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിലാണ് സംവിധാനം ചെയ്‌തത്. വെള്ളായണിക്കായലിന്റെ മനോഹാരിതയും പാലത്തിന്റെ ഏകാന്തതയും എസ്.കുമാർ മനോഹരമായി ഒപ്പിയെടുത്താണ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. പിന്നീട് നിരവധി സിനിമകൾക്കും സീരിയലുകൾക്കും വെള്ളായണി ലൊക്കേഷനായി.

മന്ത്രിയുടെ ഫേസ്ബുക്കിൽ കുറിപ്പ്

----------------------------------------------------------

''മലയാളികളുടെ മനസിൽ 'കിരീടം' സിനിമയ്‌ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെൽപ്പാടങ്ങൾക്കു നടുവിലെ ചെമ്മൺപാതയിൽ മോഹൻലാലിന്റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങൾക്കും കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി എന്ന എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യംവഹിച്ച ഈ പാലം മലയാള സിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്.

കിരീടം പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസിലേക്ക് ഓടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്...'' എന്നാണ് പദ്ധതി പ്രദേശത്തിന്റെ മാതൃകാചിത്രം ഉൾപ്പെടെ പങ്കുവച്ചുകൊണ്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്. ചിത്രത്തിലെ പാലത്തിൽ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയും കാണാം.

Advertisement
Advertisement