കാറ്ററിംഗും വെൽഡിംഗും ജോലിചെയ്ത് പഠനം, അർജുന് റാങ്കിന്റെ തിളക്കം

Wednesday 22 May 2024 1:13 AM IST
അർജുൻ സന്തോഷ്

തൊടുപുഴ ന്യൂമാൻ കോളേജിലെ കോമേഴ്സ് റെഗുലർ ഡിപ്പാർട്ട്‌മെന്റിൽ ഫിനാൻസ് ആൻഡ് ടാക്‌സേഷൻ വിദ്യാർത്ഥിയായ അർജുൻ സന്തോഷ് എംജി യൂണിവേഴ്സിറ്റി ബി.കോം പരീക്ഷയിൽ നേടിയ പത്താം റാങ്ക് ശ്രദ്ധേയമായി.വിദ്യാഭ്യാസ ചെലവുകൾക്ക് വേണ്ടിയുള്ള പണം ഒഴിവു ദിവസങ്ങളിൽ കേറ്ററിംഗ്, വെൽഡിങ് മുതലായ ജോലികളിലൂടെയാണ് കണ്ടെത്തിയിരുന്നത് പഠന പ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും മികവുപുലർത്തിയ അർജുൻ ന്യൂമാൻ കോളേജ് ഇന്റർ ഡിപ്പാർട്ട്‌മെന്റ് മത്സരങ്ങളിൽ കഥാപ്രസംഗം, ഓട്ടം തുള്ളൽ, കോൽകളി , ദഫ് മുട്ട്, ശാസ്ത്രീയ സംഗീതം എന്നീ മത്സരങ്ങളിലെ വിജയത്തിലൂടെ കലാ പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞവർഷം നടന്ന എംജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ ശാസ്ത്രീയ സംഗീതം, ഹിന്ദി പദ്യം ചൊല്ലൽ എന്നീ മത്സര ഇനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കാനും അർജുൻ കഴിഞ്ഞു. കോടിക്കുളം പൂവത്തിങ്കൽ വീട്ടിൽ പി. എൻ സന്തോഷിന്റെയും സിനി സന്തോഷിന്റെയും മകനാണ് അർജുൻ. അർച്ചന, അതിര എന്നീ രണ്ട് സഹോദരിമാരാണുള്ളത്. മികച്ച ഗായകൻ കൂടിയായ അർജുൻ ഗാനമേള വേദികളിലെ താരം കൂടിയാണ്.