നവവധുവിനെ മർദ്ദിച്ച കേസ്: രാഹുലിന്റെ അമ്മയുടെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി

Wednesday 22 May 2024 1:43 AM IST

കോഴിക്കോട്: പന്തീരങ്കാവിൽ നവവധുവിനെ മർദ്ദിച്ച സംഭവുമായി ബന്ധപ്പെട്ട ഗാർഹികപീഡന കേസിൽ രാഹുൽ പി. ഗോപാലിന്റെ അമ്മയുടെയും സഹോദരിയുടെയും മുൻകൂർ ജാമ്യാപേക്ഷ മേയ് 27ലേക്ക് മാറ്റി.രണ്ടാം പ്രതിയാണ് മാതാവ് ഉഷാകുമാരി. സഹോദരി കാർത്തിക മൂന്നാം പ്രതിയുമാണ്.

പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ.കെ.എൻ. ജയകുമാർ പൊലീസ് റിപ്പോർട്ട് നൽകാൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ്പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജ് എസ്.മുരളീ കൃഷ്ണ കേസ് മാറ്റിയത്.

കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന്

യുവതിയിൽ നിന്ന് വീണ്ടും മൊഴി രേഖപ്പെടുത്തി.

രാഹുലിനെ വിദേശത്തേക്ക് രക്ഷപ്പെടാൻ സഹായിച്ചതിന് കേസിൽ പ്രതിയായ സുഹൃത്ത് രാജേഷിന് കീഴ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

പൊലീസുകാരനെ

പ്രതി ചേർത്തേക്കും

രാഹുലിന് രാജ്യം വിടാൻ ഒത്താശ ചെയ്‌തെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായ പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ ശരത് ലാലിനെ പ്രതിചേർത്തേക്കും. രക്ഷപ്പെടാനുള്ള മാർഗങ്ങൾ പറഞ്ഞുകൊടുത്തതും വധശ്രമക്കുറ്റം ചുമത്തുമെന്ന വിവരം മുൻകൂട്ടി നൽകിയതും ഇയാളാണെന്ന് കണ്ടെത്തിയിരുന്നു. വകുപ്പുതല നടപടി ആരംഭിച്ചിട്ടുണ്ട്. സംഭവ ദിവസം ശരത് ലാൽ ജനറൽ ഡ്യൂട്ടിയിലുണ്ടായിരുന്നു.

Advertisement
Advertisement