കാസർകോട്ട് രണ്ടിടങ്ങളിലായി 49 പവൻ കവർന്നു

Wednesday 22 May 2024 1:43 AM IST

കാസർകോട്: കാസർകോട് ജില്ലയിൽ രണ്ടിടങ്ങളിലായി വൻ കവർച്ച. മൊഗ്രാൽ പുത്തൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണ്ണാഭരണങ്ങളും പണവും കവർന്നപ്പോൾ മഞ്ചേശ്വരം പാവൂർ മച്ചമ്പാടിയിൽ വീട്ടിൽ നിന്ന് 9 പവൻ സ്വർണ്ണാഭരണങ്ങളും 9 ലക്ഷം രൂപയുമാണ് മോഷ്ടിച്ചത്.

മൊഗ്രാൽപുത്തൂർ ടൗൺ ജുമാ മസ്ജിദിന് പിറകുവശം മുണ്ടേക്കാലിലെ ഇബ്രാഹിമിന്റെ വീട്ടിലാണ് കവർച്ച നടന്നത്. രോഗിയായ ഇബ്രാഹിമും ഭാര്യ മറിയമ്മയും വീട് പൂട്ടി മജലിലുള്ള മകളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇന്നലെ ഇബ്രാഹിമിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനാൽ ഞായർ രാത്രിയോടെ വസ്ത്രങ്ങളെടുക്കുന്നതിനായി മറിയമ്മയും മരുമകനും എത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ പൂട്ട് തകർത്ത നിലയിൽ കാണുന്നത്. അകത്തെ അലമാരകൾ കുത്തിപ്പൊളിച്ച് വസ്ത്രങ്ങളും മറ്റും വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ഇബ്രാഹിമിന്റെ മകൻ ഇല്ല്യാസിന്റെ ഭാര്യ ഫൗസിയയുടെ സ്വർണ്ണാഭരണങ്ങളും കോയിൻ ബോക്സിൽ സൂക്ഷിച്ചിരുന്ന പണവുമാണ് കവർന്നത്. വിവരമറിഞ്ഞ് കാസർകോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

മഞ്ചേശ്വരം പാവൂർ മച്ചമ്പാടിയിൽ സി.എം നഗറിലെ ഗൾഫുകാരൻ ഖലീലിന്റെ വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങളും പണവും സൂക്ഷിച്ച ലോക്കർ സ്‌കൂട്ടറിൽ കടത്തിക്കൊണ്ടു പോകുകയായിരുന്നു. കയർക്കട്ടയിലെ പൂട്ടിക്കിടന്ന കാസിമിന്റെ വീട്ടിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന സംഘം അലമാരകളും മറ്റും പരിശോധിച്ചതിന്റെ അടയാളങ്ങളുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഖലീലും കുടുംബവും 6 മാസം മുമ്പാണ് ഗൾഫിൽ പോയത്. ശനിയാഴ്ച രാത്രി വീട്ടിലെ സി.സി.ടി.വി ദ്യശ്യങ്ങൾ ഖലീൽ മൊബൈലിൽ പരിശോധിക്കുകയായിരുന്നു. എന്നാൽ ക്യാമറകൾ മോഷ്ടാക്കൾ തകർത്തത് കാരണം ദൃശ്യങ്ങൾ കാണാനായില്ല. തുടർന്ന് സമീപത്തെ ബന്ധുവിനെ വിളിച്ച് വിവരങ്ങൾ പറഞ്ഞു. ബന്ധു എത്തി വീട് പരിശോധിച്ചപ്പോഴാണ് അലമാരകളും മറ്റും തുറന്ന നിലയിൽ കാണുന്നത്. മഞ്ചേശ്വരം പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് സ്വർണ്ണാഭരണങ്ങളും പണവും സൂക്ഷിച്ച 30 കിലോയോളം വരുന്ന ലോക്കർ കടത്തിക്കൊണ്ട് പോയതായി വ്യക്തമായത്. രണ്ടുപേർ ജനൽ വഴി അകത്ത് കയറി മുറികൾ പരിശോധിക്കുന്നതും പിന്നീട് ലോക്കർ സ്‌കൂട്ടറിൽ കടത്തികൊണ്ടു പോകുന്നതും അടക്കമുള്ള ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.

Advertisement
Advertisement