കരമന അഖിൽ വധം: പ്രതികളുമായി തെളിവെടുത്തു  രക്ഷപ്പെടാനുപയോഗിച്ച ബൈക്ക് കണ്ടെടുത്തു

Wednesday 22 May 2024 1:52 AM IST

തിരുവനന്തപുരം: ബാറിലെ തർക്കത്തിന്റെ വൈരാഗ്യത്തിൽ കരമന മരുതൂർകടവ് പഞ്ചിപ്ലാവിള വീട്ടിൽ അഖിലി(26)നെ നടുറോഡിൽ ഹോളോബ്രിക്സ് കൊണ്ടിടിച്ചു കൊന്ന കേസിലെ പ്രതികളെ കൈമനത്ത് എത്തിച്ച് പൊലീസ് തെളിവെടുത്തു. ഒന്നാം പ്രതി കൈമനം നീറമൺകര പൂന്തോട് ലക്ഷം വീട്ടിൽ വിനീഷ് രാജ്(വിനീത്25), രണ്ടാം പ്രതി പാപ്പനംകോട് കൈമനം അരകത്തുവിള വീട്ടിൽ അഖിൽ (അപ്പു26), മൂന്നാം പ്രതി സുമേഷ് എന്നിവരുമായിട്ടായിരുന്നു തെളിവെടുപ്പ്. കൊലപാതകത്തിനുശേഷം പോയ വഴികളിലെല്ലാം പ്രതികളെ പൊലീസ് കൊണ്ടുപോയി. കൃത്യത്തിനു ശേഷം പ്രതികൾ രക്ഷപ്പെട്ട ബൈക്കും പൊലീസ് കണ്ടെടുത്തു.

കൊലപാതകം നടന്ന മരുതൂർക്കടവിൽ പ്രതികളുമായി തെളിവെടുക്കാനായിരുന്നു നേരത്തെ പൊലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ,​ ജനങ്ങളുടെ പ്രതിഷേധ സാദ്ധ്യത മുൻകൂട്ടിക്കണ്ട് സംഭവ സ്ഥലത്തെ തെളിവെടുപ്പ് ഒഴിവാക്കുകയായിരുന്നു. അഖിലും പ്രതികളുമായി തർക്കമുണ്ടായ പാപ്പനംകോട്ടെ ബാറിലും പ്രതികളെ കൊണ്ടുപോയില്ല. ഇവിടെ പ്രതികളുമായി ഇന്ന് തെളിവെടുക്കാനാണ് ആലോചന.

ഈമാസം പത്തിന് വൈകിട്ടായിരുന്നു അരുംകൊല. കാറിലെത്തിയ വിനീഷ് രാജ്, അഖിൽ, സുമേഷ് എന്നിവർ വീടിനു സമീപത്ത് നിൽക്കുകയായിരുന്ന അഖിലിനെ തടഞ്ഞുനിറുത്തി ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി തൊട്ടടുത്തുള്ള തന്റെ പെറ്റ് ഷോപ്പിലേക്ക് ഓടിക്കയറാൻ ശ്രമിക്കവെ പ്രതികൾ അഖിലിനെ അടിച്ചുവീഴ്‌ത്തി ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടർന്നാണ് ഹോളോബ്രിക്‌സെടുത്ത് നെഞ്ചിൽ ഇടിച്ചത്. ഏപ്രിൽ 26ന് വോട്ടെടുപ്പു ദിവസം പാപ്പനംകോട്ടെ ബാറിൽ അഖിലും സുഹൃത്തുക്കളുമായി പ്രതികൾ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ പകയിലാണ് അഖിലിനെ കൊന്നതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചിരുന്നു. 2019ലെ അനന്തു വധക്കേസിലും പ്രതികളാണ് ഇവർ.

Advertisement
Advertisement