അറസ്റ്റ് വാറന്റ് അംഗീകരിക്കില്ല -ബൈഡൻ

Wednesday 22 May 2024 12:59 AM IST

വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിനും ​പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരായ അറസ്റ്റ് വാറന്റ് വിഷയത്തിൽ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രയേലും ഹമാസും ഒരുപോലെയല്ലെന്നും ​അറസ്റ്റ് വാറന്റ് അംഗീകരിക്കാനാവില്ലെന്നും തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന ജൂത അമേരിക്കൻ പൈതൃക മാസ പരിപാടിയിൽ ബൈഡൻ പറഞ്ഞു.

ഗാസയിൽ ഏഴുമാസമായി തുടരുന്ന സംഘർഷത്തിെന്റ പേരിൽ നെതന്യാഹു ഉൾപ്പെടെയുള്ള ഇസ്രയേൽ നേതാക്കൾക്ക് പുറമേ ഹമാസ് നേതാക്കളായ യഹ്യ സിൻവർ, മുഹമ്മദ് ദെയ്ഫ്, ഇസ്മായിൽ ഹനിയ എന്നിവർക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി മുഖ്യ പ്രോസിക്യൂട്ടർ കരീം ഖാൻ ആവശ്യപ്പെടിരുന്നു. യുദ്ധതന്ത്രമായി ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്നതിെന്റയും ഗാസയിലെ ജനങ്ങളെ കൂട്ടമായി ശിക്ഷിക്കുന്നതിെന്റയും പ്രത്യാഘാതങ്ങൾ വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പോഷകാഹാരക്കുറവ്, നിർജലീകരണം, ശിശുക്കളും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ പാലസ്തീൻ ജനതക്കിടയിൽ ഉയരുന്ന മരണങ്ങൾ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിെന്റ ഭീകര ദൃശ്യങ്ങൾ താൻ കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഇസ്രയേൽ നേതാക്കൾക്കെതിരായ അറസ്റ്റ് വാറന്റിനുള്ള ഐ.സി.സി നീക്കം തള്ളിക്കളയുന്നതായി ബൈഡൻ പറഞ്ഞു. വംശഹത്യ ആരോപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ) ദക്ഷിണാഫ്രിക്ക നൽകിയ പ്രത്യേക കേസിലും ഇസ്രായേലിനെ അനുകൂലിച്ച് ബൈഡൻ രംഗതത്തെത്തിയിരുന്നു. ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നില്ലെന്നും പ്രതിരോധമാണ് നടത്തുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

അതേ സമയം പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎ റഫയിലെ ഭക്ഷണവിതരണം താൽക്കാലികമായി നിർത്തിവച്ചു, നഗരത്തിന് നേരെയുള്ള ഇസ്രയേലി ആക്രമണങ്ങളും സാധനങ്ങളുടെ അഭാവവും കാരണമാണ് ഈ തീരുമാനം.
24 മണിക്കൂറിനിടെ 85 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അധിനിവേശ വെസ്റ്റ് ബാങ്കിൽ ജെനിന് നേരെ ഇസ്രയേൽ സൈന്യം നടത്തിയ റെയ്ഡിൽ ഒരു അധ്യാപികയും ഡോക്ടറും ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗാസയിലെ 900,000-ത്തിലധികം ആളുകൾ നിർബന്ധിതമായി കുടിയിറക്കപ്പെട്ടതായി യുഎൻ മാനുഷിക കാര്യാലയം പറഞ്ഞു.
ഒക്ടോബർ 7 മുതൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 35,647 പേർ കൊല്ലപ്പെടുകയും 79,852 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ പുതുക്കിയ മരണസംഖ്യ 1,139 ആണ്, നൂറക്കണക്കിന് ആളുകൾ ഇപ്പോഴും തടവിലാണ്.

Advertisement
Advertisement