ബീഹാറിൽ ബി.ജെ.പി-ആ‌ർ.ജെ.ഡി ഏറ്റുമുട്ടൽ: ഒരാൾ കൊല്ലപ്പെട്ടു

Wednesday 22 May 2024 12:12 AM IST

പാട്ന: ബീഹാറിലെ സരണിൽ അഞ്ചാം ഘട്ട വോട്ടെടുപ്പിന് പിന്നാലെയുണ്ടായ ബി.ജെ.പി-ആ‌ർ.ജെ.ഡി
സംഘർഷത്തിൽ ഒരാൾ വെടിയേറ്റ് കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കമാണ് വെടിവയ്‌പിലെത്തിയത്. പരിക്കേറ്റവർ ചികിത്സയിലാണെന്നും രണ്ട് പേരെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു. സംഘർഷ സാഹചര്യത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

രണ്ട് ദിവസത്തേക്ക് ഇന്റർനെറ്റ് വിച്ഛേദിച്ചു. എസ്‌.പിയും ജില്ലാ മജിസ്ട്രേറ്റും സ്ഥലത്ത് ക്യാമ്പ് ചെയ്ത് സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട്.

വോട്ടിംഗ് അവസാനിക്കുന്നതിന് മുമ്പ് ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകളും സരണിലെ ആർ.ജെ.ഡി സ്ഥാനാർത്ഥിയുമായ രോഹിണി ആചാര്യ ചാപ്രയിലെ ബൂത്തിലെത്തിയതിന് പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്. രോഹിണിയും അനുയായികളും വോട്ടർമാരോട് മോശമായി പെരുമാറിയതായി നാട്ടുകാർ പരാതിപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വോട്ടിംഗ് ദിനത്തിൽ ബി.ജെ.പി-ആർ.ജെ.ഡി പ്രവർത്തർ വാക്കുതർക്കമുണ്ടാകുകയായിരുന്നു. ആർ.ജെ.ഡിയുടെ രോഹിണി ആചാര്യയും ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡിയും തമ്മിലാണ് സരണിൽ പോരാട്ടം.

Advertisement
Advertisement