മമതയോട് ഇണങ്ങാനും പിണങ്ങാനും വയ്യാതെ കോൺ. ഹൈക്കമാൻഡ്

Wednesday 22 May 2024 12:15 AM IST

ന്യൂഡൽഹി: കേന്ദ്രത്തിൽ ബി.ജെ.പി ഭരണം തടയുക ആത്യന്തിക ലക്ഷ്യമെങ്കിലും തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ പരസ്‌പരം എതിർക്കുമെന്ന ധാരണയിൽ രൂപീകരിച്ച 'ഇന്ത്യ' മുന്നണിക്ക് ഏറെ പരീക്ഷണങ്ങൾ നേരിടുന്നത് പശ്ചിമ ബംഗാളിലാണ്. പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനും പ്രതിപക്ഷമായ കോൺഗ്രസ്-സി.പി.എം സഖ്യത്തിനും ഇടയിൽ രൂപപ്പെടുന്ന തർക്കങ്ങൾ മുന്നണിക്ക് തലവേദനയാണ്. മമതാ-ആദിർ രഞ്ജൻ ചൗധരി തർക്കമാണ് ഇതിൽ ഒടുവിലത്തെ അദ്ധ്യായം. ജൂൺ നാലിന് പുറത്തു വരുന്ന ഫലം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ മമതയെ വെറുപ്പിക്കാതെ ബംഗാൾ ഘടകത്തെ തള്ളുന്ന നിലപാടാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റേത്.

മുഖ്യ എതിരാളിയായ ബി.ജെ.പിയെപ്പോലെ കോൺഗ്രസിനെയും സി.പി.എമ്മിനെയും ഇന്ത്യാ മുന്നണി അംഗങ്ങളെന്ന പരിഗണനയില്ലാതെ കടുത്ത ശത്രുതയോടെയാണ് തൃണമൂൽ നേരിടുന്നത്.കേരളത്തിൽ കടുത്ത വൈരികളായ സി.പി.എമ്മും കോൺഗ്രസും അവിടെ ഒന്നിച്ചു നിൽക്കുന്നതും തൃണമൂലിന്റെ ഈ മനോഭാവം കാരണമാണ്.കോൺഗ്രസ്-സി.പി.എം സഖ്യമായി മത്സരിക്കുന്ന ബംഗാളിൽ ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും തൃണമൂലുമായി സൗഹൃദമില്ല.

34 വർഷം സംസ്ഥാനം ഭരിച്ച സി.പി.എമ്മിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത അന്നു മുതൽ തൃണമൂൽ ബംഗാളിൽ അടിച്ചമർത്തലിന്റെ രാഷ്‌ട്രീയമാണ് നടപ്പാക്കുന്നത്.കേന്ദ്ര ഭരണത്തിന്റെ സഹായമുള്ളതിനാൽ ബി.ജെ.പി സംസ്ഥാനത്ത് പൊരുതി നിൽക്കുന്നു. എന്നാൽ സി.പി.എമ്മിനും കോൺഗ്രസിനും പ്രാദേശിക ഓഫീസുകൾ പോലും പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യമുണ്ടവിടെ. ശത്രുതയിലായിരുന്ന സി.പി.എമ്മും കോൺഗ്രസും നിലനിൽപ്പിനായി പിന്നീട് ഒന്നിച്ചതാണ്.

സംസ്ഥാനത്തും ബി.ജെ.പി ഭീഷണിയാകുമെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞാണ് ദേശീയ തലത്തിൽ 'ഇന്ത്യ' മുന്നണി രൂപീകരണത്തിൽ മമതാ മുൻകൈയടുത്തത്. എന്നാൽ കോൺഗ്രസിനെയും സി.പി.എമ്മിനെയും പിന്തുണച്ച് മുസ്ളിം വോട്ടു ബാങ്കിൽ അടക്കം വിള്ളലുണ്ടാക്കാൻ മമത ആഗ്രഹിക്കുന്നുമില്ല. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ യാത്ര പശ്ചിമ ബംഗാളിലൂടെ കടന്നുപോയപ്പോൾ മമതാ പങ്കെടുക്കാതിരുന്നതും മുസ്ളിം വോട്ട് പ്രീണനമാണെന്ന ആരോപണമുന്നയിച്ചാണ്.

തൃണമൂലുമായി പോരടിച്ചു നിൽക്കുന്ന ബംഗാൾ കോൺഗ്രസ് പി.സി.സി അദ്ധ്യക്ഷനെന്ന നിലയിൽ ആദിർ രഞ്ജൻ ചൗധരിക്ക് ഒരിക്കലും മമതയെ സുഹൃത്തായി കാണാൻ കഴിയുന്നില്ല.ബംഗാൾ ഘടകത്തെ മാനിച്ചാണ് തൃണമൂലുമായുള്ള സഖ്യത്തെക്കുറിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് ആലോചിക്കാതിരുന്നതും.എന്നാൽ മമത ബി.ജെ.പിക്കൊപ്പം കൂട്ടുകൂടുമെന്ന ആദിറിന്റെ പ്രസ്‌താവനയെ ഹൈക്കമാൻഡ് തള്ളി. ബംഗാളിൽ ആദിർ മത്സരിക്കുന്ന ബഹാരംപൂർ അടക്കം കോൺഗ്രസിന് സാദ്ധ്യതയുള്ള മണ്ഡലങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞതും ജൂൺ നാലിന് ഫലം വന്നു കഴിഞ്ഞുള്ള സാഹചര്യങ്ങൾ കണക്കിലെടുത്തുമാണിത്.

42 സീറ്റുള്ള ബംഗാളിൽ അഞ്ചിൽ താഴെ മണ്ഡലങ്ങൾ ഒഴികെ എല്ലായിടത്തും ബി.ജെ.പി-തൃണമൂൽ മത്സരമാണ്. അതിൽ തൃണമൂൽ ജയിക്കേണ്ടത് 'ഇന്ത്യ' മുന്നണിക്ക് അനിവാര്യവും. ഇതു മുന്നിൽ കണ്ടാണ് ഹൈക്കമാൻഡ് തത്‌കാലം ആദിറിന്റെ വിഷമം കണ്ടില്ലെന്നു നടിക്കുന്നത്. എന്നാൽ ആദിർ ബംഗാളിലെ പാർട്ടിയുടെ കരുത്തുറ്റ പോരാളിയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ പറഞ്ഞു. ഖാർഗെയുടെ പോസ്റ്റർ വികൃതമാക്കിയ അച്ചടക്കലംഘനം പൊറുക്കില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി. ഖാർഗെയുടെ പോസ്റ്ററിൽ തൃണമൂലിന്റെ ദല്ലാൾ എന്നെഴുതിയതാണ് വിവാദമായത്.

Advertisement
Advertisement