ആകാശത്ത് പൊലിഞ്ഞ നേതാക്കൾ

Wednesday 22 May 2024 12:18 AM IST

വിമാന, ഹെലികോപ്റ്റർ അപകടങ്ങളിൽ മരിച്ച രാജ്യാന്തര രാഷ്ട്രീയ നേതാക്കളുടെ കൂട്ടത്തിലേക്ക് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും. പാക്കിസ്ഥാൻ പ്രസിഡന്റ് സിയാ ഉൽ ഹഖ്, ഫിലിപ്പീൻസ് പ്രസിഡന്റ് റമൺ മഗ്സസെ, യുഎൻ സെക്രട്ടറി ജനറൽ ഡാഗ് ഹമ്മർസ്‌കോൾഡ് തുടങ്ങിയ പ്രമുഖരും ആ നിരയിലുണ്ട്.

2024 ഫെബ്രുവരി 6: ചിലെ മുൻ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനെറ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു.

2010 ഏപ്രിൽ 10: പോളണ്ട് പ്രസിഡന്റ് ലെഫ് കടിൻസ്‌കി വിമാനം തകർന്നുവീണു മരിച്ചു. അപകടത്തിൽ മറ്റ് 96 പേർ കൂടി മരിച്ചു.

2005 ജൂലൈ 30: സുഡാൻ വൈസ് പ്രസിഡന്റ് ജോൺ ഗാരങ് മോശം കാലാവസ്‌ഥയെത്തുടർന്ന് ഹെലികോപ്‌ടർ തകർന്നു മരിച്ചു.

2004 ഫെബ്രുവരി 26 : മാസിഡോണിയ പ്രസിഡന്റ് ബോറിസ് ട്രജ്‌കോവ്‌സ്‌കി വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. വിമാനം ദക്ഷിണ ബോസ്‌നിയയിലെ മലനിരകളിൽ തട്ടിത്തകരുകയായിരുന്നു

1994 ഏപ്രിൽ 6: റുവാണ്ട പ്രസിഡന്റ് ജുവനൽ ഹബ്യാർമമയും ബുറുണ്ടി പ്രസിഡന്റ് സിപ്രിയൻ എന്റാർമിരയും സഞ്ചരിച്ചിരുന്ന വിമാനം റോക്കറ്റാക്രമത്തിൽ തകർന്ന് ഇരുവരും കൊല്ലപ്പെട്ടു. കിഗാലി വിമാനത്താവളത്തോട് അടുക്കവേയായിരുന്നു ദുരന്തം.

1988 ഓഗസ്‌റ്റ് 17: പാക്കിസ്‌ഥാൻ പ്രസിഡന്റ് ജനറൽ മുഹമ്മദ് സിയാ ഉൽ ഹഖ് വ്യോമസേനാ വിമാനം തകർന്നു മരിച്ചു. വിമാനം ബാവൽപൂരിൽനിന്നു പറന്നുയർന്ന ഉടനെയായിരുന്നു അപകടം.

1987 ജൂൺ 1: ലബനൻ പ്രധാനമന്ത്രി റാഷിദ് കരാമി ഉത്തരബെയ്റൂട്ടിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. കോപ്റ്ററിനുളളിൽ ഒളിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

1986 ഒക്‌ടോബർ 19: മൊസാംബിക് പ്രസിഡന്റ് സമോറ മൈക്കിൾ വിമാനം കൊടുങ്കാറ്റിൽപ്പെട്ടു തകർന്നു മരിച്ചു.

1981 ജൂലൈ 31: പാനമ നേതാവ് ജനറൽ ഒമർ ടോറിജോസ് വ്യോമസേനാ വിമാനം തകർന്നു മരിച്ചു. സംശയകരമായ സാഹചര്യത്തിലായിരുന്നു അപകടം.

1981 മേയ് 24: ഇക്വഡോർ പ്രസിഡന്റ് ജാമി റോൾഡോസ് അഗ്യൂലേറെ വിമാനം തകർന്നു മരിച്ചു. മോശം കാലാവസ്ഥയെ തുടർന്നായിരുന്നു അപകടം.

1977 ജനുവരി 18: യുഗൊസ്‌ലാവ്യ പ്രധാനമന്ത്രി ഡിസെമൽ ബിജെഡിക് വിമാനം തകർന്നു മരിച്ചു. വിമാനം മഞ്ഞുവീഴ്‌ചയിൽപ്പെട്ടു മലഞ്ചെരിവിൽ ഇടിച്ചു.

1967 ജൂലൈ 18 : ബ്രസീൽ മുൻ പ്രസിഡന്റ് മാർഷൽ‍ ഹംബർട്ടോ ബ്രാൻകോ വിമാനപകടത്തിൽ മരിച്ചു. സ്ഥാനം ഒഴിഞ്ഞ് ഏതാനും നാൾക്കുളളിൽ അദ്ദേഹം സഞ്ചരിച്ചിരുന്ന ചെറുവിമാനം എയർഫോഴ്സ് വിമാനവുമായി കൂട്ടിയിടിച്ചു.

1966 ഏപ്രിൽ 13: ഇറാഖ് പ്രസിഡന്റ് അബ്‌ദുൽ സലാം ആരിഫ് സൈനികവിമാനം തകർന്നു മരിച്ചു. ചുഴലിക്കാറ്റിൽ അകപ്പെട്ടായിരുന്നു ദുരന്തം.

1961 സെപ്‌റ്റംബർ 18: യുഎൻ സെക്രട്ടറി ജനറൽ ഡാഗ് ഹമ്മർസ്‌കോൾഡ് സാംബിയയിൽ വിമാനം തകർന്നു മരിച്ചു. അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം വനമധ്യത്തിൽ തകർന്നു വീഴുകയായിരുന്നു.

1959 മാർച്ച് 29: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് (സിഎആർ) പ്രസിഡന്റ് ബെർത്തലേമി ബൊഗാൻഡ വിമാനം ആകാശത്തുവച്ച് പൊട്ടിത്തെറിച്ചു മരിച്ചു.

1957 മാർച്ച് 17 : ഫിലിപ്പീൻസ് പ്രസിഡന്റ് റമൺ മഗ്സസെ വിമാനം തകർന്നു മരിച്ചു.

1943 ജൂലൈ 4: പോളണ്ടിന്റെ മുൻപ്രധാനമന്ത്രി വ്ലാഡിസ്‌ലാവ് സികോർസ്‌കി മെഡിറ്ററേനിയൻ കടലിൽ വിമാനം തകർന്നു വീണു മരിച്ചു.

1936 ഡിസംബർ 9: സ്വീഡൻ പ്രധാനമന്ത്രി അർവിദ് ലിൻഡ്‌മാൻ ലണ്ടനിൽ വിമാനം തകർന്നു മരിച്ചു.

Advertisement
Advertisement