അന്വേഷണത്തിന് പ്രത്യേക സംഘം മലിവാളിന് പിന്തുണയുമായി ഡൽഹി ലെഫ്. ഗവർണർ

Wednesday 22 May 2024 12:21 AM IST

 ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ബിഭവിനെ മുംബയിലെത്തിച്ചു

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിൽ അതിക്രമത്തിനിരയായെന്ന് പരാതിപ്പെട്ട ആം ആദ്മിയുടെ രാജ്യസഭാ എം.പി സ്വാതി മലിവാളിന് പിന്തുണയുമായി ഡൽഹി ലെഫ്റ്രനന്റ് ഗവർണർ വി.കെ. സക്‌സേന. കേജ്‌രിവാളിന്റെ നിശബ്‌ദത സ്‌ത്രീ സുരക്ഷയിൽ അദ്ദേഹത്തിന്റെ നിലപാട് എന്താണെന്ന് വിളിച്ചുപറയുന്നു എന്ന് ലെഫ്. ഗവർണർ അറിയിച്ചു. മലിവാളിനെ ആക്രമിച്ചുവെന്ന വിഷയം തന്നെ വിഷമിപ്പിച്ചു. ഡൽഹി പൊലീസ് അന്വേഷണം നടത്തി യുക്തിസഹമായ നിഗമനത്തിലെത്തും. സംഭവത്തിൽ ആം ആദ്മി പാർട്ടി നടത്തിയ യുടേൺ അമ്പരപ്പിക്കുന്നതാണ്. മലിവാൾ തന്നെ വിളിച്ചിരുന്നു. അതിക്രമത്തെ കുറിച്ചും സ്വന്തം പാർട്ടിയിലുള്ളവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രവൃത്തികളെ കുറിച്ചും പറഞ്ഞു. മറ്റേതെങ്കിലും മുഖ്യമന്ത്രിയുടെ വസതിയിലാണ് ഈ സംഭവം നടന്നിരുന്നതെങ്കിൽ ഇന്ത്യയിലെ സ്ത്രീസുരക്ഷയെ കുറിച്ച് രാജ്യാന്തര തലത്തിൽ രൂക്ഷമായ ചർച്ച നടക്കുമായിരുന്നുവെന്ന് ലെഫ്. ഗവർണർ വ്യക്തമാക്കി. ഡൽഹിയിൽ ശനിയാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ലെഫ്. ഗവർണറുടെ പ്രസ്‌താവനയെന്നത് ശ്രദ്ധേയമാണ്.

13ന് രാവിലെ കേജ്‌രിവാളിനെ കാണാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയ മലിവാളിനെ ബിഭവ് കുമാർ യാതൊരു പ്രകോപനമില്ലാതെ അസഭ്യം പറഞ്ഞെന്നും ആക്രമിച്ചെന്നുമാണ് കേസ്.

അതേസമയം, ഡൽഹി പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന ബിഭവ് കുമാറിനെ ഇന്നലെ മുംബയിലെത്തിച്ചു. അതിക്രമവുമായി ബന്ധപ്പെട്ട മൊബൈൽ ഫോൺ ദൃശ്യങ്ങൾ വീണ്ടെടുക്കാനാണ് ശ്രമം. മുംബയിലെ മറ്രൊരാൾക്ക് ദൃശ്യങ്ങൾ കൈമാറിയതിന് ശേഷമാണ് ബിഭവ് സ്വന്തം ഫോണിലെ ഡാറ്റ ഡിലീറ്റ് ചെയ്‌തെന്നാണ് വിവരം.

ഗൂഢാലോചന തെളിഞ്ഞു

ലെഫ്. ഗവ‌ർണറുടെ പ്രസ്‌താവനയോടെ മലിവാൾ ബി.ജെ.പിക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന് തെളിഞ്ഞതായി ആം ആദ്മി പാർട്ടി പ്രതികരിച്ചു. തിരഞ്ഞെടുപ്പിനിടെ ബി.ജെ.പി ഗൂഢാലോചന നടത്തുന്നു. പുതിയ തന്ത്രങ്ങൾ പയറ്റുകയാണെന്നും ആരോപിച്ചു.

Advertisement
Advertisement