അഖിലേഷിന്റെ അസംഗഢ് റാലിയിലും സംഘർഷം

Wednesday 22 May 2024 12:21 AM IST

ന്യൂഡൽഹി: ഉത്തർപ്രദേശിലെ അസംഗഢിൽ ഇന്നലെ സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് നടത്തിയ തിരഞ്ഞെടുപ്പ് റാലിയിലും പ്രവർത്തകർ തമ്മിൽ സംഘർഷം. ഒരാഴ്‌ചയ്‌ക്കിടെ അഖിലേഷ് പങ്കെടുത്ത രണ്ടാം റാലിയാണ് അലങ്കോലപ്പെടുന്നത്. അസംഗഢ് സരയ്‌മീർ നഗരത്തിലെ ഫെയർ ഗ്രൗണ്ടിൽ ഒരുക്കിയ വേദിയിൽ അഖിലേഷ് എത്തിയതോടെ പ്രവർത്തകർ മുന്നിലേക്ക് വരാൻ മത്സരിച്ചതാണ് പ്രശ്‌നമായത്. ആളുകൾ മുളകൊണ്ട് കെട്ടിയ ബാരിക്കേഡുകളുടെ മുകളിലൂടെ കയറി മുന്നേറാൻ ശ്രമിച്ചു. തുടർന്നുണ്ടായ തിക്കും തിരക്കും കയ്യാങ്കളിയിൽ കലാശിച്ചു.

വേദിയിലിരുന്ന അഖിലേഷ് യാദവും 'ഇന്ത്യ' മുന്നണി നേതാക്കളും പ്രവർത്തകരോട് ശാന്തരാകാൻ അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല.

ഒടുവിൽ പൊലീസ് ലാത്തി വീശിയതോടെ സ്ഥിതിഗതികൾ ശാന്തമായി. തുടർന്ന് അഖിലേഷ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു. ഈ ആഴ്‌ച ആദ്യം പ്രയാഗ്‌രാജിലെ ഫുൽപൂരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം അഖിലേഷ് പങ്കെടുത്ത റാലി പ്രവർത്തകരുടെ സംഘർഷം മൂലം റദ്ദാക്കിയിരുന്നു. വേദിക്കരുകിലേക്ക് എത്താൻ ശ്രമിച്ച പ്രവർത്തകർ ബാരിക്കേഡുകൾ തകർക്കുകയായിരുന്നു.

ലാൽഗഞ്ച് ലോക്‌സഭാ സീറ്റിൽ 'ഇന്ത്യ'മുന്നണിക്കു വേണ്ടി മത്സരിക്കുന്ന സമാജ്‌വാദി പാർട്ടിയുടെ ദരോഗ പ്രസാദിനു വേണ്ടി വോട്ടു ചോദിക്കാനാണ് അഖിലേഷ് ഇന്നലെ റാലി നടത്തിയത്. 2004ൽ ദരോഗ ലാൽഗഞ്ചിൽ ജയിച്ചിരുന്നു.
2019ൽ ബി.എസ്.പിയുടെ സംഗീത ആസാദാണ് ജയിച്ചത്. ഇക്കുറി ദരോഗയ്‌ക്കെതിരെ ബി.ജെ.പിയുടെ നീലം സോങ്കറും ബി.എസ്.പിയുടെ ഇന്ദു ചൗധരിയും മത്സരിക്കുന്നു. ആറാം ഘട്ടത്തിൽ മെയ് 25 നാണ് ലാൽഗഞ്ചിൽ വോട്ടെടുപ്പ്.

Advertisement
Advertisement