5 മിനിട്ടിൽ 6000 അടി താഴെ സിംഗപ്പൂർ എയർലൈൻസ് വിമാനം, ആകാശച്ചുഴിയിൽപ്പെട്ട് ഒരു മരണം

Wednesday 22 May 2024 12:23 AM IST

30 പേർക്ക് പരിക്കേറ്റു. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പറക്കുകയായിരുന്ന വിമാനം

ആകാശച്ചുഴിയിൽ പെട്ടതിന് പിന്നാലെ ബാങ്കോക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. എസ്.ക്യു 21 വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. ആൻഡമാൻ കടലിന് മുകളിൽ വച്ച് ഏകദേശം അഞ്ച് മിനിറ്റ് കൊണ്ട് വിമാനം 6000 അടി താഴ്ചയിലേക്ക് എത്തി.

ട്രാക്കിംഗ് ഡാറ്റ അനുസരിച്ച് വിമാനം

37,000 അടി ഉയരത്തിൽ പറന്നു. മൂന്ന് മിനിറ്റിനുള്ളിൽ 31,000 അടിയിലേക്ക് താഴ്ന്നു. 10 മിനിറ്റ് 31,000 അടിയിൽ തുടർന്ന ശേഷമാണ് അതിവേഗം ലാൻഡ് ചെയ്‌തത്. 73 വയസുകാരനായ ബ്രിട്ടീഷ് പൗരനാണ് മരിച്ചത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച രാത്രി 10.38ന് പുറപ്പെട്ട ബോയിംഗ് 777–300 ഇ.ആർ വിമാനത്തിൽ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും 12 പേർ ചികിത്സയിലാണെന്നും എയർലൈൻസ്‌ അറിയിച്ചു.

ആകാശച്ചുഴിയിൽ പെട്ടതിന് പിന്നാലെ ബാങ്കോക്കിലേക്ക് വഴിതിരിച്ചുവിട്ട വിമാനം, പ്രാദേശിക സമയം 3.45ന് ലാൻഡ് ചെയ്തു. വിമാനത്തിലെ യാത്രക്കാർക്ക് ആവശ്യമായ മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നതായി അധികൃതർ അറിയിച്ചു.

Advertisement
Advertisement