സോറനോട് ചോദ്യം അറസ്റ്റിനെതിരെയുള്ള ഹർജി നിലനിൽക്കുമോ: സുപ്രീംകോടതി

Wednesday 22 May 2024 1:45 AM IST

ന്യൂഡൽഹി: ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലെ ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്‌ത് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സമർപ്പിച്ച ഹർജി പരിഗണിക്കവെ ചോദ്യങ്ങളുമായി സുപ്രീംകോടതി. റാഞ്ചിയിലെ പ്രത്യേക കോടതി കുറ്റപത്രം സ്വീകരിച്ച സാഹചര്യത്തിൽ അറസ്റ്റിനെതിരെയുള്ള സുപ്രീംകോടതിയിലെ ഹർജി നിലനിൽക്കുമോയെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ അവധിക്കാല ബെഞ്ച് ചോദിച്ചു. വിചാരണക്കോടതി സോറന്റെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യവും നിലനിൽക്കുന്നതും ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഭൂമിതട്ടിപ്പിന് അറസ്റ്റ് ചെയ്യാനാകില്ലെന്ന് സോറന്റെ അഭിഭാഷകൻ കപിൽ സിബൽ മറുപടി നൽകിയെങ്കിലും ഇക്കാര്യത്തിൽ ഇന്നും വാദമുഖങ്ങൾ തുടരും.

ഹേമന്ത് സോറന്റെ ഹർജിയെ ഇ.ഡിക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്രർ ജനറൽ എസ്.വി. രാജു എതിർത്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മുൻപ് ജനുവരിയിലായിരുന്നു സോറന്റെ അറസ്റ്റ്. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ കേസിൽ നിന്ന് വ്യത്യസ്തമാണ്. തിരഞ്ഞെടുപ്പിന്റെ പേരിൽ ഇടക്കാല ജാമ്യം നൽകിയാൽ ജയിലിൽ കഴിയുന്ന മറ്റു രാഷ്ട്രീയക്കാർ ഉത്തരവിന്റെ ചുവടുപിടിച്ച് ജാമ്യത്തിന് ശ്രമിക്കുമെന്നും അഡിഷണൽ സോളിസിറ്രർ ജനറൽ അറിയിച്ചു. കഴിഞ്ഞ ജനുവരി 31നാണ് ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

Advertisement
Advertisement