അഞ്ച് ദിവസം റെഡ് അലർട്ട് ഉത്തരേന്ത്യ ഉഷ്‌ണ തരംഗ ഭീതിയിൽ

Wednesday 22 May 2024 1:47 AM IST

ന്യൂഡൽഹി : കൊടുംചൂടിൽ പൊള്ളുകയാണ് ഉത്തരേന്ത്യ. 44 - 47 ഡിഗ്രി വരെയാണ് ശരാശരി താപനില. ഡൽഹിയിൽ ഉൾപ്പെടെ ഉഷ്‌ണതരംഗ സാദ്ധ്യത മുൻനിർത്തി കാലാവസ്ഥാ വകുപ്പ് അഞ്ചു ദിവസം റെഡ് അലർട്ട് പ്രഖ്യാപിച്ചു. പകലും രാത്രിയും അതീവ ഉഷ്‌ണമാണ്. എയർ കണ്ടീഷനറും കൂളറും ഫാനും നിർത്താതെ പ്രവർത്തിക്കുന്നതിനാൽ റെക്കോർഡ് വൈദ്യുതി ഉപഭോഗമാണ് ഡൽഹിയിൽ. 7,717 മെഗാവാട്ടാണ് ഇന്നലത്തെ ഉപഭോഗം. മേയ് 25ന് ഡൽഹിയിലും ഹരിയാനയിലും അടക്കം വോട്ടെടുപ്പ് നടക്കാനിരിക്കെ, രാഷ്ട്രീയ പാർട്ടികളും ചൂടിൽ വലയുകയാണ്.

മേയ് 11 മുതൽ ജൂൺ 30 വരെ ഡൽഹിയിലെ സ്‌കൂളുകൾക്ക് വേനവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവർത്തിച്ച ചില എയിഡഡ്, അൺ എയിഡഡ് സ്‌കൂളുകൾ അടയ്‌ക്കാൻ നിർദ്ദേശിച്ചു.

റെഡ് അലർട്ട്

 ഡൽഹി

 ഹരിയാന

 ചണ്ഡിഗർ

 പഞ്ചാബ്

 രാജസ്ഥാന്റെ കിഴക്ക്, പടിഞ്ഞാറൻ മേഖലകൾ

 പടിഞ്ഞാറൻ ഉത്തർപ്രദേശ്

 വടക്കു പടിഞ്ഞാറ് മദ്ധ്യപ്രദേശ്

 ജമ്മു കാശ്‌മീരിലും ചൂട്

ചൂടിൽ നിന്ന് രക്ഷപ്പെടാൻ ജമ്മു കാശ്‌മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ടവർക്ക് നിരാശയാണ്. ജമ്മു, ഹിമാചൽ പ്രദേശ്, കിഴക്കൻ യു.പി, ഗുജറാത്ത്, വിദർഭ മേഖലകളിൽ ഉഷ്‌ണതരംഗ സാദ്ധ്യത പ്രവചിച്ചിട്ടുണ്ട്. ജമ്മു കാശ്‌മീരിൽ വരണ്ട കാലാവസ്ഥയാണ്. ശ്രീനഗറിൽ ഇന്നലെ 28.5 ഡിഗ്രിയും ഹിമാചലിൽ 27.3 ഡിഗ്രിയും രേഖപ്പെടുത്തി. സന്ദർശകൾ ഏറെ എത്തുന്ന മണാലിയിൽ 26 ഡിഗ്രിയും.

Advertisement
Advertisement