അനുച്ഛേദം 370: പുനഃപരിശോധനാഹർജികൾ തള്ളി

Wednesday 22 May 2024 1:47 AM IST

ന്യൂഡൽഹി : ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാർ നടപടി ശരിവച്ചതിൽ പുനഃപരിശോധനയില്ല. വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഒരുകൂട്ടം പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തള്ളി. വിധിയിൽ പിഴവില്ലെന്നും പുനഃപരിശോധനയ്ക്കുള്ള സാഹചര്യമില്ലെന്നും ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ചേംബറിൽ പരിഗണിച്ചാണ് ഹർജികൾ തള്ളിയത്.

തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യം നിരസിച്ചു. ജമ്മു കാശ്മീർ അവാമി നാഷണൽ കോൺഫറൻസ്,​

സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, നാഷണൽ കോൺഫറൻസ്, ജമ്മു കാശ്മീർ പി.ഡി.പി, ജമ്മു കാശ്മീർ പീപ്പിൾസ് മൂവ്മെന്റ്, തുടങ്ങിയവരാണ് ഹർജി സമർപ്പിച്ചത്.

ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കഴിഞ്ഞ ഡിസംബർ 11നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഒറ്റക്കെട്ടായി വിധിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി പ്രത്യേക പരമാധികാരം ജമ്മു കാശ്മീരിനില്ല. പ്രത്യേക പദവി താത്കാലിക വ്യവസ്ഥ മാത്രമായിരുന്നു. ജമ്മു കാശ്മീരിൽ 2024 സെപ്തംബർ 30നകം തിരഞ്ഞെടുപ്പ് നടത്തണം. സംസ്ഥാന പദവി കഴിയാവുന്നിടത്തോളം വേഗത്തിൽ പുനഃസ്ഥാപിക്കണമെന്നും ഭരണഘടനാ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയ കേന്ദ്രനടപടിയും അംഗീകരിച്ചു.

Advertisement
Advertisement