40 അടി ഉയരമുള്ള മേൽപ്പാലത്തിൽ തൂങ്ങിക്കിടക്കുന്ന ബസ്, ഉള്ളിൽ നിരവധി യാത്രക്കാർ; വൈറൽ വീഡിയോ

Wednesday 22 May 2024 10:08 AM IST

ബംഗളൂരു: ഇന്ത്യയിലെ പല റോഡുകളിലും ഗതാഗതക്കുരുക്ക് കാരണം നിരവധി അപകടങ്ങളാണ് മുമ്പ് ഉണ്ടായിരുന്നത്. എന്നാൽ, മേൽപ്പാലങ്ങൾ വന്നതോടെ ഇതിന്റെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്. മാത്രമല്ല, നഗരങ്ങളിലെ പ്രധാന ജംഗ്‌ഷനുകളിൽ തിരക്ക് കുറയ്‌ക്കാനും ഇതിലൂടെ സാധിച്ചു. എന്നാൽ, ഈ മേൽപ്പാലങ്ങളിൽ വച്ച് അപകടമുണ്ടായാൽ അത് വളരെയധികം ഭീകരമായിരിക്കും. ഈ ഭീകരത തെളിയിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബംഗളൂരുവിൽ ഒരു ബസ് അപകടത്തിൽപ്പെട്ടതിന്റെ വീഡിയോയായിരുന്നു അത്.

ഏകദേശം 40 അടി ഉയരമുള്ള മേൽപ്പാലത്തിന്റെ മുകളിൽ നിന്നും പകുതിയോളം പുറത്തേക്ക് തള്ളിനിൽക്കുന്ന ബസിന്റെ ചിത്രങ്ങളും വീഡിയോയുമായിരുന്നു അത്. ക്രിസ്റ്റിൻ മാത്യു ഫിലിപ്പ് എന്ന എക്‌സ് ഉപഭോക്താവാണ് അപകടത്തിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരിക്കുന്നത്. ബംഗളൂരു അപ്‌ഡേറ്റ്‌സ് എന്ന ഇൻസ്റ്റഗ്രാം പേജിലും ഇതിന്റെ വീഡിയോ ലഭ്യമാണ്. നിരവധിപേരാണ് ഇത് ഷെയർ ചെയ്‌തിരിക്കുന്നത്.

മേയ് 18നാണ് സംഭവം നടന്നതെങ്കിലും ഇതിന്റെ വീഡിയോ വൈറലായത് ഇപ്പോഴാണ്. തുമകുരു റോഡിൽ നെല്ലമംഗലയ്‌ക്ക് സമീപം മദനായകനഹള്ളിയിൽ വച്ചാണ് കെഎസ്‌ആർടിസി (കർണാടക) ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. തുടർന്ന് ബസ് ഡിവൈഡറിൽ ഇടിച്ചു. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു എന്നാണ് എക്‌സ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. രണ്ട് മേൽപ്പാലങ്ങൾക്കിടയിലെ ശൂന്യമായ സ്ഥലത്തേക്കാണ് ബസിന്റെ പുറകിലെ ടയറുകൾ തൂങ്ങി കിടന്നിരുന്നത്. പാലത്തിന് താഴെ നിന്നുള്ള ദൃശ്യങ്ങളിൽ ബസിന്റെ പിൻടയറുകൾ വായുവിൽ ഉയർന്ന് നിൽക്കുന്നത് കാണാം.

അരസിനകുണ്ടയ്ക്ക് സമീപം അടകമാരനഹള്ളി ജംഗ്ഷനിൽ വച്ച് ഡ്രൈവർക്ക് പെട്ടെന്ന് ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടപ്പെടുകയും ഇതിനെ തുടര്‍ന്ന് പാലത്തിന്‍റെ മതിലിൽ ഇടിച്ച് അപകടമുണ്ടാകുകയായിരുന്നു എന്നാണ് നെലമംഗല ട്രാഫിക് പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. മുന്നിലുള്ള കാറുമായി കൂട്ടിയിടി ഒഴിവാക്കാന്‍ വെട്ടിച്ചതാണ് ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

അപകടത്തിൽ ആര്‍ക്കും കാര്യമായ പരിക്കുകള്‍ പറ്റിയതായി റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. അപകടത്തെത്തുടര്‍ന്ന് ഏറെനേരം മേൽപ്പാലത്തിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു. ഡ്രൈവറുടെ ആശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് നിരവധി പേര്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ ആരോപിച്ചു. 'ബംഗളൂരുവിലെ പല ഡ്രൈവര്‍മാരും വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സിനിമകള്‍ പോലും കാണുന്നു.' എന്ന് ചിലര്‍ ആരോപിച്ചു.