'വീട് എന്റെ പേരിൽ'; മുൻ ഡിജിപിയുടെ താമസസ്ഥലത്തെ ഫ്യൂസൂരി ഊർജവകുപ്പ് സെക്രട്ടറിയായ മുൻ ഭാര്യ

Wednesday 22 May 2024 10:48 AM IST

ചെന്നൈ: മുൻ സ്‌പെഷ്യൽ ഡിജിപി രാജേഷ് ദാസിന്റെ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച് മുൻ ഭാര്യയും തമിഴ്‌നാട് ഊർജ വകുപ്പ് സെക്രട്ടറിയുമായ ബീല വെങ്കിടേശൻ. ഐപിഎസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതിയാണ് രാജേഷ് ദാസ്. ബീല അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് ആരോപിച്ച് രാജേഷ് രംഗത്തെത്തിയെങ്കിലും വീടിരിക്കുന്ന ഭൂമിയും വൈദ്യുതി കണക്ഷനും തന്റെ പേരിലാണെന്ന് അവർ പ്രതികരിച്ചു. അനാവശ്യമായി പണം ചെലവാക്കാൻ ആഗ്രിഹക്കാത്തതിനാലാണ് വൈദ്യുതി വിച്ഛേദിച്ചതെന്നും ബീല വ്യക്തമാക്കി.

വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനായി തമിഴ്‌നാട് വൈദ്യുതി വകുപ്പ് അധികൃതർ കഴിഞ്ഞ ഞായറാഴ്‌ച വീട്ടിലെത്തിയെങ്കിലും രാജേഷ് ദാസ് അനുവദിച്ചില്ല. തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങിപ്പോയി. ഊർജ വകുപ്പ് സെക്രട്ടറിയുടെ കത്തുമായി ഇവർ തിങ്കളാഴ്ച വീണ്ടുമെത്തിയാണ് വൈദ്യുതി വിച്ഛേദിച്ചത്. ഇത്തരം നടപടിയെടുക്കേണ്ട സാഹചര്യമില്ലെന്നും താൻ കുടിശിക വരുത്തിയിട്ടില്ലെന്നും രാജേഷ് ദാസ് പറഞ്ഞു. എന്നാൽ, കഴിഞ്ഞ മൂന്ന് മാസമായി വീട് ഒഴിഞ്ഞുകിടക്കുകയാണെന്നും കണക്ഷനും സ്ഥലവും തന്റെ പേരിലാണെന്നുമാണ് ബീല പറയുന്നത്.

രാജേഷ് ആ വീട്ടിൽ താമസിക്കുന്നതിന്റെ തെളിവ് സമർപ്പിക്കാൻ മതിയായ സമയം നൽകിയെങ്കിലും പ്രതികരിക്കാതിരുന്നതിനാലാണ് നടപടി. വീട് നിർമിക്കാൻ ഇരുവരും ചേർന്നാണ് വായ്‌പയെടുത്തതെന്നും ബീല പറഞ്ഞു. അതിനിടെ, തന്റെ വീട്ടിൽ അതിക്രമിച്ച് കയറിയെന്ന ബീലയുടെ പരാതിയിൽ രാജേഷിനെതിരെ അഞ്ച് വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

2021ൽ ഐപിഎസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ച കേസിൽ രാജേഷ് ദാസ് കുറ്റക്കാരനാണെന്ന് 2023ൽ വില്ലുപുരം കോടതി വിധിച്ചിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജികളും തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. നിലവിൽ രാജേഷ് ദാസിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞിട്ടുണ്ട്.

Advertisement
Advertisement