സ്ത്രീധനമായി 80 പവൻ വേണം, മാനസികമായി പീഡിപ്പിച്ചു; നവവധുവിന്റെ ആത്മഹത്യയിൽ ഭർത്താവും മാതാവും റിമാൻഡിൽ

Wednesday 22 May 2024 12:37 PM IST

കണ്ണൂർ: നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും റിമാൻഡ് ചെയ്തു. കണ്ണൂർ ചാണോക്കുണ്ടിലെ പുത്തൻപുര ബിനോയിയുടെ മകൾ ഡെൽന(23) ആണ് മരിച്ചത്. യുവതിയുടെ ഭർത്താവ് പരിയാരത്തെ കളത്തിൽപറമ്പിൽ സനൂപ് ആന്റണി (24), ഇയാളുടെ മാതാവ് സോളി ആന്റണി (47) എന്നിവരെയാണ് കോടതി രണ്ടാഴ്ച റിമാൻഡ് ചെയ്തത്.

നാല് മാസം മുമ്പായിരുന്നു ഡെൽനയുടെയും സനൂപിന്റെയും വിവാഹം. സ്ത്രീധനമായി 80 പവൻ വേണമെന്നാവശ്യപ്പെട്ട് വീട്ടിൽ പോകണമെന്ന് പറഞ്ഞ് പ്രതികൾ യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇത് സഹിക്കാൻ വയ്യാതെ യുവതി ഭർതൃഗൃഹത്തിൽ നിന്ന് സ്വന്തം വീട്ടിലെത്തുകയായിരുന്നു.

ഒരാഴ്ച മുമ്പ് സ്വന്തം വീട്ടിൽ വച്ചാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു യുവതിയുടെ മരണം.


സ്ത്രീധനം ആവശ്യപ്പെട്ട് മകളെ മാനസികമായി പീഡിപ്പിച്ചെന്നും മരണത്തിനുത്തരവാദികൾ ഭർതൃവീട്ടുകാരാണെന്നും ആരോപിച്ച് ഡെൽനയുടെ കുടുംബം നേരത്തെ ആലക്കോട് പൊലീസിൽ പരാതി നൽകി. ചികിത്സയിലിരിക്കെ കുന്ദമംഗലം മജിസ്‌ട്രേറ്റ് യുവതിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

തുടർന്ന് സനൂപിനും സോളിക്കുമെതിരെ കേസെടുക്കുകയും ജാമ്യത്തിൽ വിടുകയും ചെയ്തു. എന്നാൽ ഡെൽന മരിച്ചതോടെ, ഡി വൈ എസ് പി പ്രമോദിന്റെ നിർദേശാനുസരണം സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് സനൂപിനെയും സോളിയേയും അറസ്റ്റ് ചെയ്തത്.