അമ്മയ്ക്കും മകനും വധശിക്ഷ ലഭിക്കുന്നത് ആദ്യം, സ്ത്രീക്ക് വധശിക്ഷ ഒന്നര പതിറ്റാണ്ടിന് ശേഷം ; അത്യപൂർവമായി ശാന്തകുമാരി വധക്കേസ് വിധി
തിരുവനന്തപുരം: അമ്മയ്ക്കും മകനും വധശിക്ഷ ലഭിച്ച കേസ്. ഒന്നര പതിറ്റാണ്ടിനു ശേഷം വിചാരണക്കോടതി ഒരു സ്ത്രീക്ക് വധശിക്ഷ വിധിക്കുന്നു. മുല്ലൂർതോട്ടം ആലുമൂട് വീട്ടിൽ ശാന്തകുമാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ വിധി കേരളത്തിലെ നീതിന്യായ ചരിത്രത്തിലെ അപൂർവ സംഭവമായി. ഒന്നാം പ്രതി വിഴിഞ്ഞം ടൗൺ ഷിപ് കോളനിയിൽ റഫീക്ക ബീവി (51),മകൻ വിഴിഞ്ഞം ടൗൺ ഷിപ്പ് കോളനിയിൽ ഹൗസ് നമ്പർ 44 ൽ ഷെഫീഖ് (27) എന്നിവർക്കാണ് വധശിക്ഷ ലഭിച്ചത്. കേസിലെ രണ്ടാം പ്രതിയായ പാലക്കാട് പട്ടാമ്പി വിളയൂർ വള്ളികുന്നത്തു വീട്ടിൽ അൽ അമീൻ (27) എന്നയാൾക്കും വധശിക്ഷ ലഭിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതിയാണ് സുപ്രധാന വിധിപറഞ്ഞത്.
കേസിൽ മൂന്നുപ്രതികളും കുറ്റക്കാരെന്ന് നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ജഡ്ജി എ.എം.ബഷീർ നേരത്തെ കണ്ടെത്തിയിരുന്നു. 2022 ജനുവരി 14നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശാന്തകുമാരിയെ പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ വിളിച്ചുവരുത്തി ഷാൾ കൊണ്ട് കഴുത്ത് മുറുക്കിയ ശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന് സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. പരേതനായ നാഗപ്പപ്പണിക്കരുടെ ഭാര്യയാണ് ശാന്തകുമാരി. മക്കൾ: സനൽകുമാർ, ശിവകല.
മൃതദേഹം തട്ടിൻപുറത്തെ ആസ്ബസ്റ്റോസ് മേൽക്കൂരയ്ക്കും തട്ടിനും ഇടയിൽ ഒളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വിഴിഞ്ഞം പൊലീസ് കഴക്കൂട്ടത്ത് വച്ച് പിടികൂടുകയായിരുന്നു. ഫോർട്ട് എ സിയായിരുന്ന എസ് ഷാജിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം എസ് എച്ച് ഒയായിരുന്ന പ്രജീഷ് ശശി, എസ് ഐമാരായ അജിത് കുമാർ, കെ എൽ സമ്പത്ത്, ജി വിനോദ് എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.
പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്: സംഭവദിവസം രാവിലെ പത്തരയോടെ ശാന്തകുമാരിയെ പ്രതികൾ വീട്ടിലേക്ക് വിളിച്ച് വരുത്തി. സംസാരിച്ചു നിൽക്കേ ഷഫീക്കും അൽ അമീനും പിന്നിലൂടെ എത്തി ഷാൾ ഉപയോഗിച്ച് ശാന്തകുമാരിയുടെ കഴുത്തിൽ മുറുക്കി. ശാന്തകുമാരി ഉടുത്തിരുന്ന സാരിയുടെ തുമ്പ് ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തിരുകി. ഈ സമയം റഫീഖാബീവി ശാന്തകുമാരിയുടെ തലയിലും നെറുകയിലും ചുറ്റികകൊണ്ട് ശക്തിയായി അടിച്ചു.
പിടഞ്ഞുവീണ ശാന്തകുമാരിയുടെ സ്വർണമാലയും രണ്ട് വളകളും കമ്മലും മോതിരവുമടക്കം ഏഴരപ്പവൻ കവർന്നു. ശാന്തകുമാരിയുടെ ശരീരമാകെ സാരി ചുറ്റി വലിച്ച് തട്ടിനു മുകളിലെത്തിച്ചു. തുടർന്ന് താക്കോൽ വാതിലിൽ തന്നെ വച്ച് ഓട്ടോറിക്ഷയിൽ വിഴിഞ്ഞത്തെത്തി.
ആഭരണങ്ങളിൽ കുറച്ചു ഭാഗം 45, 000 രൂപയ്ക്ക് വിറ്റ ശേഷം രക്ഷപ്പെടുകയായിരുന്നു.വീട്ടുടമയുടെ മകൻ വൈകിട്ട് ഇവിടെ വന്നപ്പോൾ വാതിലിൽ താക്കോൽ കണ്ട് വിളിച്ചു നോക്കിയിട്ടും അനക്കമില്ലാത്തതിനാൽ തുറന്ന് നോക്കി. തട്ടിന് മുകളിൽ നിന്ന് രക്തം വാർന്നു വീഴുന്നതും രണ്ട് കാലുകളും ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരെയും വിഴിഞ്ഞം പൊലീസിനെയും അറിയിക്കുകയായിരുന്നു. പ്രതികളിലൊരാളുടെ മൊബൈൽ നമ്പർ ശേഖരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. കോഴിക്കോട്ടേക്കുള്ള ബസിൽ ഇവർ സഞ്ചരിക്കുന്നത് മനസിലാക്കി ഇവരെ പിൻതുടർന്ന് കഴക്കൂട്ടത്ത് വച്ച് പിടികൂടുകയായിരുന്നു.