നഖത്തിലുണ്ടാകുന്ന നിറം മാറ്റം ക്യാൻസറിന്റെ ലക്ഷണമാണോ? ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് അവഗണിക്കരുത്

Wednesday 22 May 2024 3:40 PM IST

പണ്ടുകാലത്ത് വളരെ അപൂർവം പേരിൽ മാത്രമാണ് ക്യാൻസർ രോഗം പിടിപ്പെട്ടിരുന്നത്. എന്നാൽ, ഇന്ന് അങ്ങനെയല്ല. ക്യാൻസർ രോഗികളുടെ എണ്ണത്തിൽ വളരെ വലിയ വർദ്ധനവാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉണ്ടായിരിക്കുന്നത്. കൃത്യസമയത്ത് ചികിത്സ നടത്തിയാൽ ക്യാൻസറിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ മുക്തി നേടാൻ സാധിക്കുന്നതാണ്.

നിങ്ങളുടെ നഖം നോക്കിയാൽ ക്യാൻസർ വരാനുള്ള സാദ്ധ്യത അറിയാനാകുമെന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്തിലെ ശാസ്ത്രജ്ഞരാണ് 'ഒനിക്കോപാപ്പിലോമ' എന്നറിയപ്പെടുന്ന ഈ പ്രശ്നം കണ്ടെത്തിയത്.

ഈ പ്രശ്നമുള്ളവരുടെ നഖത്തിൽ നിറമുള്ള ഒരു വര കാണാൻ സാധിക്കും. മാത്രമല്ല, നിറവ്യത്യാസമുള്ള ഭാഗത്ത് മുഴയും ഉണ്ടാകുന്നു. ഇത്തരത്തിൽ നഖത്തിൽ പ്രശ്‌നം കാണുന്നവരിൽ ബിഎപി1 ട്യൂമർ പ്രിഡിസ്‌പൊസിഷൻ സിൻഡ്രം എന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ബിഎപി1 ജീനിന് മ്യൂട്ടേഷൻ സംഭവിച്ചതാണ് ഈ അവസ്ഥയ്‌ക്ക് കാരണം. ഇത്തരക്കാരിൽ ക്യാൻസർ വരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

ഈ അവസ്ഥ സാധാരണ ഒരു നഖത്തെ മാത്രമാണ് ബാധിക്കുന്നത്. എന്നാൽ, ക്യാൻസർ രോഗം പാരമ്പര്യമായുള്ള 35 കുടുംബങ്ങളിൽ നിന്നുള്ള 47 വ്യക്തികളിൽ നടത്തിയ പഠനത്തിൽ, ഏകദേശം 88 ശതമാനംപേരുടെ ഒന്നിലധികം നഖങ്ങളിൽ ഈ അവസ്ഥ കാണാൻ കഴിഞ്ഞു. സാധാരണ ജനങ്ങളിൽ അപൂർവമായി മാത്രമേ ഈ ലക്ഷണം കാണുന്നുള്ളു എന്നാണ് നാഷണൽ ഡെർമറ്റോളജി കൺസൾട്ടേഷൻ സർവീസസ് മേധാവി എഡ്വേർഡ് കോവൻ പറയുന്നത്.

കൂടുതലും കുടുംബ പാരമ്പര്യമായി ക്യാൻസർ രോഗം ഉള്ളവരുടെ നഖങ്ങളിലാണ് ഈ ലക്ഷണം കാണപ്പെടുന്നത്. എന്നിരുന്നാലും നഖത്തിൽ അസ്വാഭാവികമായ നിറം മാറ്റവും മുഴയും കാണുകയാണെങ്കിൽ ഉടൻതന്നെ ഡോക്ടറെ സമീപിക്കുക.

Advertisement
Advertisement