പൊട്ടിപ്പൊളിഞ്ഞ് കുഴിയായി ചൂഴ - പുനലാൽ റോഡ്

Thursday 23 May 2024 2:03 AM IST

ആര്യനാട്: ആര്യനാട്-വെള്ളനാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചൂഴ-പുനലാൽ റോഡ് തകർന്നു. ഇതോടെ പ്രദേശവാസികളുടെ യാത്ര ദുരിതത്തിലായി. ചൂഴയിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരമാണ് പുനലാൽ വരെയുള്ളത്. ഇവിടെ 200ൽപ്പരം കുടുംബങ്ങളാണ് റോഡിനെ ആശ്രയിക്കുന്നത്. വർഷങ്ങളായി ഈറോഡിൽ ടാറിംഗ് നടത്തിയിട്ട്. ഇപ്പോൾ ടാറിംഗ് പൂർണ്ണമായും ഇളകിമാറിയ നിലയിലാണ്. മാത്രവുമല്ല മെറ്റലും ഇളകി വലിയ കുഴികൾ വീണ അവസ്ഥയിലാണ്. വലിയ കയറ്റിറക്കങ്ങളുള്ള ഈ റോഡിൽ വലിയ കുഴികൾ വീണതോടെ ഇരുചക്രവാഹനക്കാർ സ്ഥിരമായി അപകടത്തിൽപ്പെടുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇപ്പോൾ വലിയ വാഹനങ്ങൾക്കും പോകാൻ കഴിയാത്ത വിധത്തിൽ റോഡ് പൂർണമായും തകർന്നിരിക്കുകയാണ്.

 യാത്രക്കാർ ദുരിതത്തിൽ

പുനലാൽ ഫാർമസി കോളേജിലേക്കും സ്കൂളിലേക്കും പോകുന്ന കുട്ടികളും രക്ഷിതാക്കളുമെല്ലാം ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. ഇങ്ങനെ പോകുന്നവരാണ് റോഡിന്റെ തകർച്ചയിൽപ്പെട്ട് അപകടത്തിൽപ്പെടുന്നതിലേറെയും. വെള്ളനാട് പഞ്ചായത്തിലെ പുനലാൽ നിവാസികൾക്ക് ചൂഴവഴി ആര്യനാട്ടേക്ക് എത്തുന്നതിനും മറ്റ് സ്ഥലങ്ങളിൽ പോകുന്നതിനുള്ള എളുപ്പ വഴിയാണ് ദുരിതമായി മാറിയിരിക്കുന്നത്.

 നടപടി വേണം

അടുത്തകാലത്ത് റോഡിന്റെ ഇരുവശങ്ങളിലും പൈപ്പ് ലൈൻ സ്ഥാപിച്ചതോടെ റോഡിന്റെ സൈഡുകളിൽ വലിയ കുഴികൾ വീണിട്ടുണ്ട്. മാത്രവുമല്ല വേനൽക്കാലത്ത് പൊടി കാരണവും മഴക്കാലത്ത് വെള്ളക്കെട്ടു കാരണവും പ്രദേശവാസികൾക്ക് ദുരിതമാണ്. ജനങ്ങൾക്ക് ദുതിതമായതോടെ പുനലാൽ നിവാസി നവകേരള സദസിൽ റോഡ് ടാറിംഗ് നടത്തണമെന്നാവശ്യപ്പെട്ട് പരാതി നൽകി. ഈ പരാതി പി.ഡബ്ലിയു.ഡിക്ക് കൈമാറിയതായാണ് പരാതി നൽകിയയാൾക്ക് ലഭിച്ചിരിക്കുന്ന മറുപടി. ധാരാളം കുടുംബങ്ങളുടെ ആശ്രയമായ ഈ റോഡിന്റെ പുനർ നിർമ്മാണം അടിയന്തരമായി നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Advertisement
Advertisement