ദുബായിൽ പോയി ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തി, ചെന്നൈയിൽ പാർട്ടി നടത്തി, ഫുഡ്‌വ്ളോഗർക്ക് നിയമകുരുക്ക്

Wednesday 22 May 2024 5:03 PM IST

ചെന്നൈ: രാജ്യത്ത് നിയമവിരുദ്ധമായതിനാൽ ദുബായിൽ പോയി ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തിയ ഫുഡ് വ്ളോഗർക്ക് ആരോഗ്യവകുപ്പിന്റെ നോട്ടീസ്. പ്രമുഖ തമിഴ് ഫുഡ് വ്‌ളോഗർ ഇർഫാനാണ് ഭാര്യയെയും കൂട്ടി ദുബായിൽ പോയി തന്റെ കുഞ്ഞിന്റെ ലിംഗനിർണയം നടത്തിയത്. ഒപ്പം തിരികെ ചെന്നൈയിലെത്തി ജെൻഡർ റിവീൽ പാർട്ടിയും ഇയാൾ നടത്തി. രണ്ട് സംഭവങ്ങളും വീഡിയോ യൂട്യൂബ് ചാനൽ വഴി ഇയാൾ പുറത്തുവിട്ടിരുന്നു.

ഇന്ത്യയിൽ നിയമവിരുദ്ധമായതിനാലാണ് ദുബായിൽ വന്ന് ലിംഗനിർണയം നടത്തിയത് എന്ന് വീഡിയോയിൽ ഇ‌ർഫാൻ പറയുന്നുണ്ട്. കുഞ്ഞിന്റെ ലിംഗനിർണയം നടത്തി ഫലം പരസ്യമായി പറഞ്ഞതിന് ഇർഫാനെതിരെ ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.

മേയ് 18ന് പോസ്‌റ്റ് ചെയ്‌ത വീഡിയോയിൽ ഭാര്യയുമൊത്ത് മേയ് രണ്ടിന് ദുബായിൽ ആശുപത്രിയിൽ എത്തുന്നതിന്റെയും ജെൻഡർ റിവീൽ പാർട്ടി വീഡിയോ ഇതിനകം രണ്ട് മില്യൺ ആളുകളും ദുബായ് ആശുപത്രി വീഡിയോ ഒരു മില്യൺ ആളുകളും കണ്ടുകഴിഞ്ഞു. 4.28 മില്യൺ സബ്‌സ്‌ക്രൈബർമാരുള്ള യൂട്യൂബ് ചാനലാണ് ഇർഫാന്റെത്.

തനിക്ക് ഒരു മകളെ വേണം എന്ന ആഗ്രഹം വീഡിയോയിലൂടെ പ്രകടിപ്പിക്കുകയും ഫലം കണ്ടശേഷം അത്ഭുതപ്പെടുന്ന പ്രതികരണം നടത്തുകയും ചെയ്യുന്നത് ആണ് അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. വീ‌ഡിയോ യൂട്യൂബടക്കം സമൂഹമാദ്ധ്യമങ്ങളിൽ നിന്നും നീക്കണമെന്ന് സൈബർ ക്രൈം വിഭാഗത്തോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ഇർഫാനോട് കാരണം ചോദിക്കുന്നതിനൊപ്പം പൊലീസ് കേസെടുക്കാനും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement
Advertisement