വൈദ്യുതി വിച്ഛേദിക്കാൻ പോയ ലൈൻമാനെ നായ കടിച്ചു

Thursday 23 May 2024 6:27 PM IST

പൊൻകുന്നം: സമയപരിധി കഴിഞ്ഞിട്ടും വൈദ്യുതി ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് കുടിശിക വരുത്തിയയാളുടെ വീട്ടിൽ കണക്ഷൻ വിച്ഛേദിക്കാൻ പോയ ലൈൻമാനെ അതേവീട്ടിലെ നായ കടിച്ചു. പൊൻകുന്നം കെ.എസ്.ഇ.ബി.ഓഫീസിലെ ലൈൻമാൻ ശ്രീകാന്തിനെ (38) ആണ് നായ കടിച്ചത്. ഇന്നലെ രാവിലെ 10.30നാണ് സംഭവം. ആറു തവണ കടിയേറ്റു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് 36 കുത്തിവെയ്പ് എടുത്തു. നായയ്ക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ് എടുത്തിരുന്നില്ല. സംഭവം സംബന്ധിച്ച് പൊൻകുന്നം വീട്ടുവേലിൽ ശ്രീകുമാർ എന്നയാൾക്കെതിരെ കെ.എസ്.ഇ.ബി.അസി.എൻജിനീയർ പൊൻകുന്നം പൊലീസിൽ പരാതി നൽകി. ഈ മാസം 15ന് ഇയാളുടെ ഓട്ടോറിക്ഷ ഇടിച്ച് വൈദ്യുതിത്തൂൺ തകർന്ന സംഭവമുണ്ടായിരുന്നു. അതിന്റെ പിഴ ഇനിയും അടയ്ക്കാനുണ്ട്. കൂടാതെ കണക്ഷൻ വിച്ഛേദിക്കാനെത്തുമെന്ന് വിളിച്ചറിയിച്ചിട്ടും നായയെ കൂട്ടിലടയ്ക്കാത്തത് മന:പ്പൂർവമാണെന്ന് കരുതുന്നതായാണ് പരാതിയിൽ പറയുന്നത്.

Advertisement
Advertisement