മമതയ്ക്ക് തിരിച്ചടി,​ 2011ന് ശേഷം നൽകിയ ഒ ബി സി സർട്ടിഫിക്കറ്റുകൾ ഹൈക്കോടതി റദ്ദാക്കി

Wednesday 22 May 2024 7:06 PM IST

കൊൽക്കത്ത : പശ്തിമ ബംഗാളിൽ 2011 ന് ശേഷം നൽകിയ ഒ.ബി.സി സർട്ടിക്കറ്റുകൾ കൽക്കട്ട ഹൈക്കോടതി റദ്ദാക്കി. നിയമത്തിലെ വ്യവസ്ഥകൾ ചോദ്യം ചെയ്തു കൊണ്ടുള്ള പൊതുതാത്പര്യ ഹർജികളിലാണ് കോടതിയുടെ വിധി. അതേസമയം നിലവിൽ സർവീസിലുള്ളവരെയോ സംവരണത്തിന്റെ ആനുകൂല്യം നേടിയവരോ തിരഞ്ഞെടുപ്പുകളിൽ ജയിച്ചവർക്കോ ഉത്തരവ് ബാധകമല്ലെന്ന് ജസ്റ്റിസുമാരായ തപബ്രത ചക്രവർത്തിയും രാജശേഖർ മന്തയും വ്യക്തമാക്കി. 201ന്-ന് മുമ്പ് 66 ഒ.ബി.സി വിഭാഗങ്ങളെ തരംതിരിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ ഇടപെട്ടിട്ടില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.

മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ 2011ലാണ് ബംഗളിൽ അധികാരത്തിൽ വന്നത്. അതിനാൽ തൃണമൂൽ സർക്കാരിന്റെ കീഴിൽ നൽകിയ എല്ലാ ഒ.ബി.സി സർട്ടിഫിക്കറ്റുകൾക്കും ഉത്തരവ് ബാധകമായിരിക്കും. അതേസമയം ഉത്തരവ് താൻ അംഗീകരിക്കില്ലെന്നും പിന്നിൽ ബി.ജെ.പി ഗൂഢാലോചനയാണെന്നും മുഖ്യമന്ത്രി മമത ബാനർജി കുറ്റപ്പെടുത്തി. പശ്ചിമബംഗാൾ സർക്കാർ കൊണ്ടുവന്ന ഒ.ബി.സി സംവരണം തുടരും,​ വീടുവീടാന്തരം സർവേ നടത്തിയാണ് സർക്കാർ ബില്ല് തയ്യാറാക്കിയത്. അത് മന്ത്രിസഭയുമ നിയമസഭയും പാസാക്കിയതാണെന്നും മമതയെ ഉദ്ധരിച്ച് വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു.

ദേശീയ പിന്നാക്ക വിഭാഗ കമ്മിഷനുമായി ചർച്ച ചെയ്ത് പുതിയ വിഭാഗങ്ങളെ ഒ.ബി.സിയുടെ സംസ്ഥാന പട്ടികയിൽ ഉൾപ്പെടുത്താനും ബാക്കിയുള്ളവയെ ഒഴിവാക്കാനുമുള്ള ശുപാർശകളോടെ നിയമസഭയിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി സംസ്ഥാന പിന്നാക്ക വിഭാഗ ക്ഷേമവകുപ്പിനോട് നിർദ്ദേശിച്ചിരുന്നു.

Advertisement
Advertisement