ബിജെപിക്കും കോണ്‍ഗ്രസിനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്, അനുവദിക്കാന്‍ കഴിയില്ലെന്ന് രണ്ട് പാര്‍ട്ടികള്‍ക്കും മുന്നറിയിപ്പ്

Wednesday 22 May 2024 7:23 PM IST

ന്യൂഡല്‍ഹി: ബിജെപിക്കും കോണ്‍ഗ്രസിനും കത്തയച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ മിതത്വം പാലിക്കണമെന്നാണ് രണ്ട് പാര്‍ട്ടികളുടേയും അദ്ധ്യക്ഷന്‍മാര്‍ക്ക് അയച്ച കത്തില്‍ കമ്മീഷന്‍ വ്യക്തമാക്കുന്നു.

നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ക്കെതിരെ ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതിന് പിന്നാലെയാണ് ഇരുപാര്‍ട്ടിയുടെയും അദ്ധ്യക്ഷന്മാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കത്തയച്ചത്.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയ്ക്കുമാണ് ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേകം തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ നല്‍കിയത്.

തിരഞ്ഞെടുപ്പിന്റെ പേരില്‍ രാജ്യത്തിന്റെ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലത്തിന് ദോഷം വരുന്ന തരത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകുന്നത് അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

പരസ്പരം മത്സരിക്കുക എന്നതിലുപരിയായി രാജ്യത്തിന് വേണ്ടി നിങ്ങള്‍ എന്ത് ചെയ്തുവെന്ന് അവരോട് പറയേണ്ട അവസരം കൂടിയാണ് ഇതെന്നും കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു. ഇടവിട്ടുള്ള കാലയളവില്‍ നടക്കുന്ന സംഭവമാണ് തിരഞ്ഞെടുപ്പ്, എന്നാല്‍ നിങ്ങളുടെ പാര്‍ട്ടികള്‍ അങ്ങനെയല്ല. അവ കാലാകാലം നിലനില്‍ക്കും. രാജ്യത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ പൈതൃകം കാത്തുസൂക്ഷിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.

ഭാവിയില്‍ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തരായ നേതാക്കളെ നല്‍കുന്നതിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയ പങ്കുണ്ട്. വളര്‍ന്നുവരുന്ന നേതാക്കളില്‍ അച്ചടക്കവും പരസ്പര ബഹുമാനവും വളര്‍ത്തിയെടുക്കേണ്ടത് മുതിര്‍ന്ന നേതാക്കളുടെ ഉത്തരവാദിത്വമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.