മായാമുരളിയുടെ കൊലപാതകം : പ്രതിയെ പിടികൂടാനായത് പൊലീസിന് നേട്ടമായി

Thursday 23 May 2024 1:10 AM IST

കാട്ടാക്കട: മുതിയാവിളയിൽ പേരൂർക്കട സ്വദേശി മായാമുരളി (38) കൊല്ലപ്പെട്ടതിന്റെ 12ാം ദിവസം പ്രതിയെ പിടികൂടാനായത് ഗുണ്ടാ ആക്രമണങ്ങളെ തുടർന്ന് വിമർശനം നേരിട്ട കേരള പൊലീസിന് നേട്ടമായി. മായാ മുരളിക്കൊപ്പം കഴിഞ്ഞിരുന്ന സുഹൃത്ത് രഞ്ജിത്തിനെ (34) കാട്ടാക്കട പൊലീസ് തമിഴ്നാട് തേനി വിളവർകോട്ട ഭാഗത്തു നിന്നാണ് പിടികൂടിയത്.

എട്ടുമാസം കൂടെ താമസിച്ചിരുന്ന മായാമുരളി ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെ തിരികെ വീട്ടിലേക്ക് മടങ്ങി കുട്ടികൾക്കൊപ്പം കഴിയാൻ തീരുമാനിച്ചതാണ് കൊലപ്പെടുത്താൻ കാരണമെന്നും ഇയാൾക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. സംഭവ ദിവസം മായ വീട്ടുകാരോട് താൻ മടങ്ങി വരികയാണെന്ന് ഫോണിൽ പറഞ്ഞിരുന്നു. അന്ന് രാത്രിയാണ് മായ കൊല്ലപ്പെട്ടത്. മൂക്കിൽ ശക്തിയായി ഇടിച്ചായിരുന്നു കൊലപാതകമെന്നാണ് പൊലീസ് വ്യക്തമാക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയതായി കാട്ടാക്കട ഡിവൈ.എസ്.പി ജയകുമാർ വാ‌ർത്താസമ്മേളനത്തിൽ അറിയിച്ചു.

ആളുകളോട് ചോദിച്ചും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും മായയുടെ വീട്ടുകാരുടെ സഹകരണത്തോടെയുമാണ് അന്വേഷണം നടത്തിയത്. കൊലപാതകത്തിന്റെ യാതൊരു തെളിവും അവശേഷിപ്പിക്കാതെ മുങ്ങിയ പ്രതിയാണ് പൊലീസിന്റെ തന്ത്രപരമായ ഇടപെടലിലൂടെ പിടിയിലായത്. കൃത്യം നടത്തിയശേഷം ഇയാൾ വിലകൂടിയ ഫോൺ ഉപേക്ഷിച്ച് തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. അവിടെ ഹോട്ടലിൽ ജോലി തരപ്പെടുത്തിയ ശേഷം സ്ഥിതിഗതികൾ അറിയാനായി ഇയാൾ രഹസ്യമായി തിരികെ എത്തുകയും ചെയ്‌തിരുന്നു.

പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ഗത്യന്തരമില്ലാതെ പൊലീസിനെയും പരിചയക്കാരെയും കബളിപ്പിച്ച് രഞ്ജിത്ത് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിച്ചശേഷം പണം കൊടുക്കാതെ മുങ്ങിയും വിവിധ സ്ഥലങ്ങളിലെത്തി സൗജന്യ ഭക്ഷണം കഴിച്ചുമാണ് ഇയാൾ മുങ്ങിനടന്നത്. ടിക്കറ്റെടുക്കാതെ യാത്ര ചെയ്‌ത പ്രതി കാശിനാവശ്യം വന്നപ്പോൾ പലരിൽ നിന്നും പണം വാങ്ങിയെന്നും പൊലീസ് കണ്ടെത്തി. മൊബൈൽ ഫോൺ ഉപേക്ഷിച്ചതും എ.ടി.എം ഉപയോഗിക്കാതിരുന്നതും അന്വേഷണത്തിന് വെല്ലുവിളിയായിരുന്നു. സി.സി ടിവി ക്യാമറയിൽ പെടാതിരിക്കാൻ തന്ത്രപൂർവം ഇട റോഡുകളിലൂടെയാണ് പ്രതി സഞ്ചരിച്ചിരുന്നത്.

നന്ദി പറഞ്ഞ് മായാമുരളിയുടെ കുടുംബം

കാട്ടാക്കട:മതിയാവിളയിൽ കൊല ചെയ്യപ്പെട്ട പേരൂർക്കട സ്വദേശിനി മായാ മുരളിയുടെ ഘാതകനെ പിടികൂടിയതിൽ നന്ദി പറഞ്ഞ് മായാ മുരളിയുടെ കുടുംബം. തന്റെ സഹോദരിയുടെ ഘാതകനെ പിടികൂടാൻ ഇടപെട്ട സർക്കാരിനും വി.കെ.പ്രശാന്ത്.എം.എൽ.എ,റൂറൽ എസ്.പി,അഡി. എസ്.പി,കാട്ടാക്കട ഡിവൈ.എസ്.പി മറ്റ് അന്വേഷണ ഉദ്യോഗസ്ഥർ എന്നിവർക്കും നന്ദി പറയുന്നതായി മഞ്ജു മുരളി പറഞ്ഞു.കൊല നടന്ന ഉടൻ അന്വേഷണം തുടങ്ങിയ പൊലീസിനൊപ്പം മായാ മുരളിയുടെ ബന്ധുക്കളും കുടപ്പനക്കുന്നിലെ സാമൂഹ്യ പ്രവർത്തകരും അന്വേഷണം തുടങ്ങിയിരുന്നു.കൊലയ്ക്കുശേഷം പ്രതി വട്ടപ്പാറയിലെ കടയിൽ എത്തി ടി ഷർട്ട് വാങ്ങിയതും ഹോട്ടലിൽ ഭക്ഷണം കഴിച്ചതിന്റേയും ഓട്ടോയിൽ യാത്ര ചെയ്തതിന്റേയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയതും ഇവരാണ്.

Advertisement
Advertisement