കടുത്ത പ്രതിസന്ധി , രാമായണം നിറുത്തിവച്ചു

Thursday 23 May 2024 12:51 AM IST

രൺബീർ കപൂറും സായ്‌പല്ലവിയും രാമനും സീതയുമായി എത്തുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രം രാമായണം ചിത്രീകരണം ആരംഭിച്ച് രണ്ടുമാസം തികയും മുൻപേ ഷൂട്ടിംഗ് നിലച്ചു. കോപ്പിറൈറ്റ് ലംഘിച്ചുവെന്ന കേസിനെ തുടർന്നാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം നിറുത്തിവയ്ക്കേണ്ടിവന്നത്. അടുത്ത വർഷം ദീപാവലിക്ക് ആദ്യഭാഗം തിയേറ്ററിൽ എത്തിക്കാനായിരുന്നു അണിയറക്കാരുടെ തീരുമാനം. 700 കോടിക്കു മുകളിലാണ് ചിത്രത്തിന്റെ ബഡ്‌ജറ്റ്. ആദ്യഘട്ടത്തിൽ ചിത്രത്തിന്റെ നിർമ്മാതാവായിരുന്ന മധു മന്ദേന പിൻമാറി. മധു മന്ദേനയുടെ ബാദ്ധ്യതകളും നഷ്ടപരിഹാരവും നൽകാതെ ചിത്രീകരണം തുടർന്നത് തർക്കത്തിന് വഴിവച്ചിരുന്നു. ഇതേത്തുടർന്നാണ് ചിത്രീകരണം നിറുത്തിവയ്ക്കാൻ നോട്ടീസ് നൽകിയതെന്നാണ് റിപ്പോർട്ട്.

ചിത്രീകരണം നിറുത്തിവച്ച സാഹചര്യത്തിൽ താരങ്ങളുടെ ഷെഡ്യൂൾ തെറ്റാൻ സാദ്ധ്യതയുണ്ട്. രൺബീർ ഈ വർഷാവസാനം സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആൻഡ് വാർ എന്ന ചിത്രത്തിന് ഡേറ്റ് നൽകിയിരുന്നു. ഹനുമാന്റെ വേഷത്തിൽ എത്തുന്ന സണ്ണി ഡിയോളിന്റെ ഒരു ചിത്രം ഈ വർഷാവസാനം ചിത്രീകരിക്കാൻ തയ്യാറെടുക്കുകയാണ്.

പ്രമുഖ നിർമ്മാണ കമ്പനിയായ നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും കന്നട സൂപ്പർതാരം യഷിന്റെ മോൺസ്റ്റർ മൈൻസ് ക്രിയേഷൻസും ഒന്നിച്ചാണ് ചിത്രം നിർമ്മിക്കുന്നത്.

മൂന്നു ഭാഗങ്ങളായാണ് ചിത്രത്തിന്റെ റിലീസ്.

Advertisement
Advertisement