പൊളിക്കേണ്ട അവയവ റാക്കറ്റ്

Thursday 23 May 2024 12:18 AM IST

അവയവദാനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ആധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്ന ഒരു അവസരമാണ് അവയവദാനവും അവയവം മാറ്റിവയ്ക്കലും. രക്തബന്ധുക്കൾക്ക് വൃക്കയും കരളും മറ്റും മാറ്റിവയ്ക്കാൻ നൽകുന്നവരുടെ വാർത്തകൾക്കും കുറവില്ല. എന്നാൽ അവയവക്കച്ചവടവും അവയവക്കടത്തും എന്തു വിലകൊടുത്തും തടയപ്പെടേണ്ടതാണ്. കേരളത്തിൽ ഒട്ടേറെപ്പേർ രാജ്യാന്തര അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്തിന് ഇരയായെന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറാൻ പൗരത്വമുള്ള ഒരു മലയാളി മനുഷ്യക്കടത്തിന് പിടിയിലായതോടെയാണ് രഹസ്യമായി നടന്നുവന്ന,​ അവയവദാനത്തിനു വേണ്ടിയുള്ള മനുഷ്യക്കടത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. കേരളത്തിൽ നിന്ന് അമ്പതോളം പേരെ വിദേശത്തേക്ക് ഇക്കാര്യത്തിനായി കടത്തിയെന്നാണ് പൊലീസ് നിഗമനം. അവയവദാനത്തിനായി വിദേശത്തേക്കു കടത്തിയ അന്യസംസ്ഥാന തൊഴിലാളികളിൽ പലരും തിരിച്ചുവന്നിട്ടില്ല. ഇവർ ജീവിച്ചിരുപ്പുണ്ടോ എന്നതിലും സംശയങ്ങൾ ഉയരുന്നുണ്ട്.

ഇറാനിലെ ആശുപത്രികളിലാണ് അവയവ മാറ്റം കൂടുതലായി നടന്നിട്ടുള്ളത്. ഒരു ദാതാവിനെ ഇറാനിലെത്തിക്കുമ്പോൾ അവയവ റാക്കറ്റിന് 50 മുതൽ 60 ലക്ഷം രൂപ വരെ ലഭിക്കുന്നു. കൂടുതൽ ഇരകൾ റാക്കറ്റിന്റെ കെണിയിൽ അകപ്പെട്ടതോടെ ലാഭം പങ്കിടുന്നതു സംബന്ധിച്ച് ഇവർക്കിടയിൽ തർക്കമുണ്ടായിരുന്നു. പണം കുറച്ചുമാത്രം ലഭിച്ച ഏജന്റുമാർ നേരത്തേ വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപ പോലും നൽകാതെ ഇരകളെ കബളിപ്പിച്ചതോടെയാണ് വഞ്ചിതരായവർ പൊലീസിന് രഹസ്യവിവരം നൽകിയത്. ഇതാണ് കൊച്ചി വിമാനത്താവളത്തിൽ വച്ച് പ്രധാന ഇടനിലക്കാരനായ സബിത്ത് പിടിയിലാകാൻ ഇടയാക്കിയത്. ഇയാൾ വഴി മാത്രം മുപ്പതോളം അന്യസംസ്ഥാന തൊഴിലാളികളെയാണ് വിദേശത്തേക്ക് കടത്തിയിരിക്കുന്നത്. വൃക്ക മാറ്റത്തിനായാണ് പ്രധാനമായും ഇവരെ കൊണ്ടുപോകുന്നത്. എന്നാൽ ദാതാക്കളറിയാതെ കരളിന്റെ ഭാഗങ്ങളും നീക്കം ചെയ്തുകാണുമെന്നും സംശയിക്കപ്പെടുന്നുണ്ട്.

അവയവക്കടത്ത് കേസിൽ അന്വേഷണത്തിന് പത്തംഗം സംഘം പൊലീസ് രൂപീകരിച്ചു. എറണാകുളം റൂറൽ എസ്.പി വൈഭവ് സക്‌സേനയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. ഇരകൾക്ക് ഏതൊക്കെ അവയവങ്ങൾ നഷ്ടപ്പെട്ടു എന്നത് കണ്ടുപിടിക്കുന്നതിന് മെഡിക്കൽ ബോർഡും രൂപീകരിക്കും. സ്വദേശത്തും വിദേശത്തും അന്വേഷണം നടത്താൻ പറ്റുന്ന കേന്ദ്ര ഏജൻസികൾ ഏറ്റെടുത്ത് അന്വേഷണം നടത്തേണ്ട വിഷയമാണിത്. അവയവക്കടത്ത് മാഫിയയുടെ പ്രവർത്തനം ഹൈദരാബാദ് കേന്ദ്രീകരിച്ചാണെന്നും അവിടെയുള്ളയാളാണ് പ്രധാന കണ്ണിയെന്നുമാണ് സബിത്തിന്റെ മൊഴി. പാലക്കാട്ടുകാരനായ ഷമീറിനെ ഇറാനിലെത്തിച്ചെന്ന് ഇടനിലക്കാരൻ സമ്മതിച്ചിട്ടുണ്ട്. 2019-ൽ സ്വന്തം വൃക്ക വിറ്റതോടെ ഈ മേഖലയിലെ സാദ്ധ്യത മനസ്സിലാക്കിയ സബിത്ത് റാക്കറ്റിന്റെ ഭാഗമാകുകയായിരുന്നു.

വിദേശത്തെത്തിച്ച രണ്ടുപേർ മരണമടഞ്ഞതായും പറയുന്നുണ്ട്. രാജ്യാന്തര ബന്ധമുള്ള കേസിൽ പൊലീസിനും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. എന്തായാലും സമഗ്രാന്വേഷണം നടത്തേണ്ട ഗുരുതര വിഷയമാണിത്. പശ്ചിമേഷ്യയിലെ പ്രധാന അവയവ കൈമാറ്റ മാർക്കറ്റുകളിലൊന്നാണ് ഇറാൻ. അവയവങ്ങൾ സ്വീകരിക്കാൻ മറ്റു രാജ്യങ്ങളിൽ നിന്ന് സമ്പന്ന രോഗികൾ ഇവിടെ എത്തുന്നുണ്ട്. അതിനിടെ തൃശൂർ ജില്ലയിലെ ഒരു തീരദേശ പഞ്ചായത്തിൽ നിന്ന് മുപ്പതോളം പേർ പ്രതിഫലം വാങ്ങി വൃക്ക ഉൾപ്പെടെയുള്ള അവയവങ്ങൾ കൈമാറിയെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. അഞ്ചുമാസം മുൻപുതന്നെ ഇതുസംബന്ധിച്ച് പരാതി ലഭിച്ചെങ്കിലും പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തിയില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. ലോക്കൽ പൊലീസിന് ഇതുസംബന്ധിച്ച അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ പരിമിതിയുള്ളതിനാൽ കേന്ദ്ര ഏജൻസികൾ തന്നെ അന്വേഷണം ഔദ്യോഗികമായി ഏറ്റെടുക്കേണ്ടത് അനിവാര്യമാണ്.

Advertisement
Advertisement