വിതരണത്തിനെത്തിയത് 11.47 ലക്ഷം പുസ്തകങ്ങൾ

Thursday 23 May 2024 8:20 PM IST

കോട്ടയം: സ്കൂൾ തുറക്കും മുന്നേ പുസ്തക വിതരണം തകൃതിയിൽ. 25നകം വിതരണം പൂർത്തിയാക്കാനാണ് നിർദേശം. 11.47 ലക്ഷം പുസ്തകങ്ങളാണ് ഇതുവരെ ജില്ലയിലെ പുസ്തകഹബ്ബിൽ എത്തിയത്. ഇതിൽ 8.27പുസ്തകങ്ങൾ വിതരണം ചെയ്തു. അവശേഷിക്കുന്നവ ഈമാസം 25നുള്ളിൽ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു. ഒന്നുമുതൽ പത്ത് വരെയുള്ള ക്ലാസുകളിലേക്കായി 14.19 ലക്ഷം പുസ്തകങ്ങൾ വേണമെന്നാണ് കണക്ക്.

252 സൊസൈറ്റികൾ
പുതുപ്പള്ളി സെന്റ് ജോർജ് എച്ച്.എസ്.എസ് ആണ് ജില്ലയിലെ പുസ്തകഹബ്ബ്. ആവശ്യമുള്ള മുഴുവൻ പുസ്തകങ്ങളും ഈ ഹബ്ബിലേക്കാണ് എത്തുന്നത്. ഇവിടെ നിന്ന് പുസ്തകങ്ങൾ തരംതിരിച്ച് സ്‌കൂൾ സൊസൈറ്റിയിലേക്ക് കൈമാറും. ജില്ലയിൽ 252 സൊസൈറ്റികളാണുള്ളത്. നാലോ അഞ്ചോ സ്‌കൂളുകൾക്ക് ഒരു സൊസൈറ്റി എന്നതാണ് കണക്ക്. ഇവിടെ നിന്ന് സ്കൂളുകളിലേക്കെത്തിക്കും.

കുടുംബശ്രീയാണ് വിതരണക്കാർ. ഹബ്ബിൽ നിന്ന് പുസ്തകങ്ങൾ എണ്ണി തിട്ടപ്പെടുത്തിയശേഷം തരംതിരിച്ച്, ഒാരോ സൈാസൈറ്റികളിലേക്കും ആവശ്യമായത് ഇവർ എത്തിക്കും. കുടുംബശ്രീ സജ്ജീകരിക്കുന്ന വാഹനങ്ങളിലാണ് വിതരണം.

മാറിയ പുസ്തകങ്ങളുമെത്തി

മാറിയ പുസ്തകങ്ങൾ വൈകുന്നത് സംബന്ധിച്ച് മറ്റ് ജില്ലകളിൽ ആശങ്ക നിലനിൽക്കുമ്പോൾ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ മാറിയ പുസ്തകങ്ങളും എത്തിയിട്ടുണ്ട്. സ്‌കൂൾ തുറക്കുന്നതിനുമുമ്പ് മുഴുവൻ വിദ്യാർത്ഥികൾക്കും പുസ്തകം എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു. അഡ്മിഷൻ സമയത്തുതന്നെ വലിയൊരുശതമാനം വിദ്യാർത്ഥികൾക്കും പുസ്തകങ്ങൾ നൽകി കഴിഞ്ഞതായും ഇവർ പറഞ്ഞു. വൈകൽ ഒഴിവാക്കാൻ ലക്ഷ്യമിട്ട് ഇത്തവണ നേരത്തെതന്നെ അച്ചടി ആരംഭിച്ചിരുന്നു. ഒന്ന് മുതൽ എട്ടുവരെ പുസ്തകം സൗജന്യമാണ്.

Advertisement
Advertisement