പെൺകുട്ടിക്ക് പീഡനം: കുടക് യുവാവിനായി കർണ്ണാടകയിലും കേരളത്തിലും തിരച്ചിൽ

Thursday 23 May 2024 1:20 AM IST

കാസർകോട്: പടന്നക്കാട് തീരദേശ മേഖലയിലെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു 10 വയസ്സുകാരിയെ കടത്തിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയും സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്യുകയും ചെയ്ത പ്രതിക്ക് വേണ്ടി കുടകിലും കേരളത്തിലും പ്രത്യേക പൊലീസ് അന്വേഷണം ഊർജിതമാക്കി. കർണ്ണാടകയിൽ എത്തിയ അന്വേഷണം സംഘം കുടകിലെ യുവാവിന്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.

കല്ലൂരാവിയിൽ വിവാഹം കഴിച്ച കർണാടകയിലെ കുടക് സ്വദേശിയായ യുവാവാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതോടെയാണ് യുവാവിനെ കണ്ടെത്താൻ കേരളത്തിലും കർണ്ണാടകയിലും ഒരുപോലെ പൊലീസ് സംഘം വല വിരിച്ചത്. ഇയാൾ നേരത്തെ മറ്റൊരു പോക്സോ കേസിലും പ്രതിയായിട്ടുണ്ട്. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ രണ്ട് ക്രിമിനൽ കേസുകൾ യുവാവിന്റെ പേരിലുണ്ട്.

പെൺകുട്ടിയുടെ വീടിന് അടുത്തുള്ള ഒരാൾ, ബാഗ് തൂക്കി ഒരു യുവാവ് നടന്നു പോകുന്നത് കണ്ടതായി നൽകിയ മൊഴിയാണ് കേസിൽ പ്രധാന വഴിത്തിരിവ്‌ ആയത്. ആ സൂചനകൾ പ്രകാരം പെൺകുട്ടിയുടെ വീടിനും പരിസരത്തും നഗരത്തിലും റെയിൽവേ സ്റ്റേഷനിലും ഉൾപ്പെടെയുള്ള സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചതിൽ ആണ് പ്രതിയ തിരിച്ചറിയാൻ കഴിഞ്ഞത്. 126 ലേറെ സി.സി.ടി.വി ക്യാമറകളാണ് അന്വേഷണസംഘം പരിശോധിച്ചത്. ഇതിൽ പെൺകുട്ടിയുടെ വീടിനു സമീപത്തെ ക്യാമറയിൽ നിന്നും മുഖം തിരിച്ചറിയാൻ കഴിയാത്ത ഒരാളുടെ ദൃശ്യം ലഭിച്ചിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് രണ്ടു ദിവസം മുമ്പ് ഒഴിഞ്ഞവളപ്പിൽ ഒരു സ്ത്രീയുടെ കഴുത്തിൽ നിന്നും മുക്കുപണ്ടം പൊട്ടിച്ച് ഓടിയ ആളും പെൺകുട്ടിയുടെ വീടിന് സമീപത്തെ സി.സി.ടി.വിയിൽ നിന്നും ലഭിച്ച ദൃശ്യത്തിലുള്ള ആളും ഒരാൾ തന്നെയെന്നാണ് ഇപ്പോൾ പൊലീസ് സ്ഥിരീകരിച്ചത്.

പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞതോടെ ഇയാളെ ഉടൻ പിടികൂടാൻ കഴിയുമെന്ന് പ്രതീക്ഷയാണ് ഡി.ഐ.ജി തോംസൺ ജോസ്, ജില്ലാ പൊലീസ് മേധാവി പി. ബിജോയ്‌ എന്നിവർ നയിക്കുന്ന അന്വേഷണ സംഘമുള്ളത്. പ്രതിയെന്ന് സ്ഥിരീകരിച്ചിരിക്കുന്ന കുടക് സ്വദേശിയായ യുവാവിന് പെൺകുട്ടിയുടെ വീട്ടുകാരുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. വീട്ടിലെ എല്ലാ സാഹചര്യവും യുവാവ് മനസിലാക്കിയിരുന്നു. വീട്ടിൽ നിന്നും എടുത്തുകൊണ്ടുപോയ സമയത്ത് നല്ല ഇരുട്ട് ഉണ്ടായൊരുന്നതിനാൽ ആളിനെ തിരിച്ചറിയാൻ കുട്ടിക്ക് കഴിഞ്ഞിരുന്നില്ല.

പ്രതി മുങ്ങിയത് സംഭവ ദിവസം രാവിലെ

പീഡനം നടത്തിയ മെയ് 15ന് രാവിലെയാണ് പ്രതി നാട്ടിൽ നിന്ന് മുങ്ങിയത്. പീഡന വിവരം നാട്ടിൽ പാട്ടായതോടെ ഭാര്യ ഇയാൾക്ക് 500 രൂപ നൽകി എങ്ങോട്ടെങ്കിലും പോയ്ക്കോളാൻ പറയുകയായിരുന്നു. 15 വർഷം മുമ്പ് കാഞ്ഞങ്ങാട്ടെത്തി കല്യാണം കഴിച്ച യുവാവിന് നാല് മക്കളുണ്ട്. സ്ഥിരമായി ജോലിക്ക് പോകാറില്ല. മദ്യ ലഹരിയിൽ വീട്ടിൽ കുഴപ്പം ഉണ്ടാക്കും. ഒരു പ്രമുഖന്റെ പറമ്പിൽ കൃഷി നോക്കിയാണ് ജീവിച്ചു വന്നിരുന്നത്. പെൺകുട്ടിയുടെ കമ്മൽ കർണ്ണാടകയിൽ വില്പന നടത്തിയിരിക്കും എന്നാണ് അന്വേഷണ സംഘം കരുതുന്നത്.

Advertisement
Advertisement