കൊച്ചി​യി​ൽ രണ്ടിടത്ത് ഗുണ്ടാ വി​ളയാട്ടം: ഒരാൾക്ക് വെട്ടേറ്റു, വാഹനങ്ങൾ തകർത്തു

Thursday 23 May 2024 1:27 AM IST

ആലുവ/പള്ളുരുത്തി: ഗുണ്ടകൾക്കെതി​രെ പൊലീസിന്റെ നടപ‌ടി പുരോഗമിക്കവേ ആലുവയി​ലും പള്ളുരുത്തി​യി​ലും ഗുണ്ടാവി​ളയാട്ടം. ആലുവ ഉളിയന്നൂരിൽ നാട്ടുകാർക്കും വാഹനങ്ങൾക്കും നേരെ ആക്രമണം നടത്തിയ രണ്ട് ഗുണ്ടകളെ നാട്ടുകാർ പിടികൂടി ആലുവ പൊലീസിന് കൈമാറി. കളമശേരി എച്ച്.എം.ടി കോളനിയിൽ കളപ്പുരയ്ക്കൽ വീട്ടിൽ ഷാഹുൽ ഹമീദ് (36), എൻ.എ.ഡി ചാലയിൽ വീട്ടിൽ മുഹമ്മദ് സുനീർ (28) എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച രാത്രി പത്തരയോടെ, വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന പനയക്കടവ് സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിച്ച കാറിന് നേരെ ഉളിയന്നൂർ ക്ഷേത്രത്തിന് സമീപമായിരുന്നു ആക്രമണം. കാറിന് വേഗത കൂടിയെന്ന് പറഞ്ഞായിരുന്നു തുടക്കം. തുടർന്ന് ആലുവ ഭാഗത്തേക്ക് പോയി മറ്റ് രണ്ടു കാറുകൾക്ക് നേരെയും ആക്രമണം നടത്തി.

നാട്ടുകാർ ഇരുവരെയും വളഞ്ഞ് പിടികൂടി പൊലീസിൽ ഏല്പിക്കുകയായിരുന്നു. മയക്കുമരുന്ന് ലഹരിയിലായിരുന്നു അക്രമമെന്ന് നാട്ടുകാർ പറഞ്ഞു. പ്രതികൾ വധശ്രമം, അടിപിടി ഉൾപ്പെടെ അഞ്ചിലേറെ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് ആലുവ പൊലീസ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.50 ഓടെയാണ്​ ഗുണ്ടാ സംഘാംഗങ്ങൾ തമ്മി​ലുള്ള വൈരാഗ്യത്തി​ന്റെ പേരിൽ​ പള്ളുരുത്തി​ ചിറക്കൽ സെന്റ് ജോസഫ് പള്ളിക്ക് സമീപം പാറാത്തും വീട്ടീൽ ജേക്കബിന്റെ മകൻ വിപിൻ ജേക്കബിനെ (36)ആക്രമിച്ചത്. ഇയാൾ ഏറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പള്ളുരുത്തി കള്ളുഷാപ്പ് റോഡിൽ കുമാരസ്വാമി ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം.

സംഭവത്തിൽ ‌‌മൂന്ന് പേരെ പള്ളുരുത്തി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി പള്ളുരുത്തി കടേഭാഗം എസ്.പി. പുരം കോളനിയിൽ ചേറ്റുപാടം നികർത്തിൽ വീട്ടിൽ സി.എൽ. ഷാലൻ (39), വാലുമ്മേൽ ഏനമ്മാക്കൽ വീട്ടിൽ ഓന്ത് ബിജു എന്നറിയപ്പെടുന്ന ബിജു സെലസ്റ്റിൻ (50), കടേഭാഗം പീടിയേപറമ്പിൽ ലൗജൻ (42) എന്നിവരാണ് പിടിയിലായത്. പ്രതികളുടെ സുഹൃത്തിനെ അഞ്ച് വർഷം മുമ്പ് അക്രമിച്ചതിന്റെ വൈരാഗ്യം തീർക്കാൻ വിപിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തടഞ്ഞ് നിറുത്തുകയും കൈക്കോടാലി, കത്തി എന്നിവ ഉപയോഗിച്ച് അക്രമിക്കുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Advertisement
Advertisement