ഏകോപനത്തിലെ ഏടാകൂടം

Thursday 23 May 2024 12:28 AM IST

തലസ്ഥാനത്ത്,​ പണി തുടങ്ങി ആറു മാസം പിന്നിട്ടിട്ടും പൂർത്തിയാകാതെയും വേനൽമഴയും ചക്രവാതച്ചുഴിയും ചേർന്നു സൃഷ്ടിച്ച തോരാമഴയിൽ കുളമാക്കിയ നഗരത്തെ കുരുക്കിലാക്കിയും തുടരുന്ന സ്‌മാർട്ട് സിറ്റി റോഡുകളുടെ നിർമ്മാണ ജോലികൾ ഇഴയുന്നതിലെ യഥാർത്ഥ വില്ലനെ ഇപ്പോഴാണ് കൈയോടെ പൊക്കിയത്! രൂക്ഷമായ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം തേടി കഴിഞ്ഞ ദിവസം ചേർന്ന ഉദ്യോഗസ്ഥ യോഗത്തിൽ ആ 'പ്രതിയുടെ" പേര് മന്ത്രി വി. ശിവൻകുട്ടി വെളിപ്പെടുത്തുകയും ചെയ്തു: 'സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്‌മ!" തലസ്ഥാന നഗരത്തിലെ ഓടകൾ തന്നെ പൊതുമരാമത്തു വകുപ്പ്,​ റോഡ് ഫണ്ട് ബോ‌ർഡ്,​ നഗരസഭ,​ റെയിൽവേ,​ ജലസേചന വകുപ്പ്,​ ഉൾനാടൻ ജലഗതാഗതം തുടങ്ങി എത്രയോ വകുപ്പുകളുടെ ഉടമസ്ഥതയിലും ചുമതലയിലുമാണ്. മരാമത്തു വകുപ്പിന്റെയും നഗരസഭയുടെയും സ്വന്തമായ കുറച്ച് ഓടകളുടെ വൃത്തിയാക്കൽ മാത്രമാണ് ഇതുവരെ നടന്നത്. മറ്റു വകുപ്പുകൾ ഈ മഴയും വെള്ളക്കെട്ടുമൊന്നും അറിഞ്ഞ മട്ടില്ല!

ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥപ്രമുഖർ ഒന്നോ രണ്ടോ മാസം മുമ്പേ ഒരുവട്ടമെങ്കിലും ഒരുമിച്ചിരുന്ന്,​ മഴക്കാലത്തിനു മുമ്പേ പണി പൂർത്തിയാക്കാൻ കഴിയുംവിധം ഒരു പദ്ധതി തയ്യാറാക്കുകയും,​ സമയബന്ധിതമായി അത് നടപ്പാക്കുകയും ചെയ്തിരുന്നെങ്കിലോ! മിക്ക സർക്കാർ വകുപ്പുകളിലും വികസന പദ്ധതികളുടെ ആവിഷ്കാരവും കടലാസു ജോലികളും ആ വകുപ്പിന്റെ മാത്രം കാര്യമായിരിക്കുമെങ്കിലും,​ അതിന്റെ നിർവഹണം മറ്റു പല വകുപ്പുകളുമായും ബന്ധപ്പെട്ടിക്കും. അതിന് നല്ല ഉദാഹരണമാണ് റോഡ് പണി. മരാമത്തു വകുപ്പ് ഒരു റോഡ് അറ്റകുറ്റപ്പണി തീർത്ത്,​ ടാറിംഗും പൂർത്തിയാക്കുന്നതിനു പിറ്റേന്ന് വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാനോ കേബിളിടാനോ കെ.എസ്.ഇ.ബിക്കാർ വന്ന് കുഴിച്ചു മറിക്കും. അതു വല്ലവിധവും തീർത്ത്,​ റോഡ് വീണ്ടും ശരിയാക്കുമ്പോഴായിരിക്കും പൈപ്പിടലിന്റെ പേരിൽ വാട്ടർ അതോറിറ്റിയുടെ വക റോഡ് ഖനനം.

പിന്നെ,​ ട്രാഫിക് ലൈറ്റ് സ്ഥാപിക്കലിന്റെ പേരിൽ,​ ഒപ്ടിക്കൽ ഫൈബർ കേബിളിന്റെ പേരിൽ,​ ഗ്യാസ് പൈപ്പ്ലൈനിന്റെ പേരിൽ.... കുഴിയോടു കുഴിയായിരിക്കും! ഈ കുഴിക്കലുകൾക്കെല്ലാം നിശബ്ദസാക്ഷിയാകാൻ മാത്രമല്ല,​ അതു മൂലമുള്ള ഗതാഗതക്കുരുക്കിനും,​ അപകടസാദ്ധ്യതയ്ക്കുമൊക്കെ ഇരകളാകാൻ മാത്രമാണ് ജനത്തിന് വിധി. ഈ വകുപ്പുകൾ തമ്മിൽ ഫലപ്രദമായ ആശയവിനിമയവും ഉദ്യോഗസ്ഥതല ഏകോപനവും ഉണ്ടെങ്കിൽ ജനത്തെ 'കുഴിയിലിറക്കുന്ന" ഇത്തരം തുടർപരിപാടികൾ ഒഴിവാക്കാവുന്നതേയുള്ളൂ. റോഡ് പണിയുടെ കാര്യത്തിൽ പൊതുമരാമത്ത്,​ ജലസേചനം, വൈദ്യുതി,​ തദ്ദേശ സ്വയംഭരണം തുടങ്ങിയ സർക്കാർ വകുപ്പുകളും,​ കെ.എസ്.ഇ.ബി,​ ബി.എസ്.എൻ.എൽ തുടങ്ങിയ സർക്കാർ സ്ഥാപനളും തമ്മിലാണ് ഏകോപനമുണ്ടാകേണ്ടത്.

വകുപ്പുകളുടെ മന്ത്രിമാരും സ്ഥാപന മേധാവികളും ചേർന്ന് ഇത്തരം ജോലികളുടെ ഏകോപനത്തിന് ഒരു ഉദ്യോഗസ്ഥ സമിതി ഉണ്ടാക്കുകയും,​ പണി കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്താൽ തീരുന്ന പ്രശ്നമേ ഇക്കാര്യത്തിലുള്ളൂ. പിന്നെയെന്താണ് തടസമെന്നു ചോദിച്ചാൽ ഉത്തരമില്ല! പദ്ധതി ആവിഷ്കാരം,​ ബഡ്ജറ്റ്,​ ഏജൻസി,​ കരാറുകാർ,​ കമ്മിഷൻ തുടങ്ങിയ ചിട്ടവട്ടങ്ങല്ലാതെ ഏകോപനം എന്നൊരു സംഗതി നമുക്ക് ശീലമില്ല. ഈ ശീലമില്ലായ്മയാണ് മാറേണ്ടത്. ഒന്ന് ഒരുമിച്ചിരിക്കാനും,​ ജനങ്ങളെ ബാധിക്കുന്ന അടിയന്തരവിഷയം ചർച്ച ചെയ്യാനും,​ കാലാവസ്ഥാ പ്രത്യേകതകൾ കൂടി കണക്കിലെടുത്തുകൊണ്ട് നിർമ്മാണപ്രവൃത്തികൾക്ക് സമയക്രമം നിശ്ചയിക്കാനും തീരുമാനങ്ങൾ അതേപടി പാലിക്കാനും ഇനിയെങ്കിലും ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാകണം. അതിന് മന്ത്രിമാർ മുൻകൈയെടുക്കണം. 'പ്രതിയെ" കണ്ടെത്തിയ സ്ഥിതിക്ക് പരിഹാരം വൈകാതെ സാദ്ധ്യമാകുമെന്ന് പ്രതീക്ഷിക്കാം.

Advertisement
Advertisement