330 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ

Thursday 23 May 2024 1:30 AM IST

തൃശൂർ: തൃശൂരിൽ മയക്കുമരുന്ന് വേട്ട. 330 ഗ്രാം എം.ഡി.എം.എയുമായി 2 പേരെ തൃശൂർ സിറ്റി ലഹരിവിരുദ്ധ സ്‌ക്വാഡും, വെസ്റ്റ് പൊലീസും ചേർന്ന് പിടികൂടി. ആഡംബര കാറിൽ സഞ്ചരിക്കുകയായിരുന്ന കാസർകോട് കീഴൂർ കല്ലട്ട്ര സ്വദേശി നജീബ് (44) , ഗുരുവായൂർ അരിയന്നൂർ താമരശ്ശേരി സ്വദേശി ജിനീഷ് (34) എന്നിവരെയാണ് പുഴയ്ക്കൽ പാടത്തുനിന്നും പിടികൂടിയത്.
പലതവണ ബംഗളൂരു നിന്ന് മയക്കുമരുന്ന് കാറിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയധികം രാസലഹരി കടത്തുന്നത്. കുന്നംകുളം, ഗുരുവായൂർ, ചാവക്കാട് മേഖലകളിൽ വിൽപ്പനയ്ക്ക് ലക്ഷ്യമിട്ടാണ് കൊണ്ടുവന്നത്. കാസർകോട് സ്വദേശിയായ നജീബ് ദുബായിലെ അത്തർ ബിസിനസും മലേഷ്യയിലെ ഹോട്ടൽ ബിസിനസും പരാജയപ്പെട്ടതിനെത്തുടർന്ന് ധനസമ്പാദനത്തിനായാണ് ലഹരിക്കടത്തിലേക്ക് തിരിഞ്ഞത്. 10 ദിവസം മുൻപ് ലഹരിവിരുദ്ധ സ്‌ക്വാഡ് 42 ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു. കേരളത്തിൽ സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ രാസലഹരി വേട്ടയാണിത്.
അന്വേഷണസംഘത്തിൽ വെസ്റ്റ് സ്റ്റേഷൻ എസ്.ഐ: വിവേക്, സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡ് എസ്.ഐമാരായ സുവ്രതകുമാർ, എൻ.ജി. ഗോപാലകൃഷ്ണൻ, രാകേഷ്, എസ്.ഐമാരായ ടി.വി. ജീവൻ, പി. ടോണി, സി.പി.ഒമാരായ ആശിഷ്, ശരത്, വിപിൻ എന്നിവർ ഉണ്ടായിരുന്നു.

Advertisement
Advertisement