തോക്കുമായെത്തിയ ക്വൊട്ടേഷൻ സംഘത്തിലെ 2 പേർ റിമാൻഡിൽ

Thursday 23 May 2024 11:31 AM IST

പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ കഴിഞ്ഞ ദിവസം രാത്രി ആയുധങ്ങളുമായെത്തി നാട്ടുകാർക്ക് നേരെ തോക്ക് ചൂണ്ടിയ ക്വൊട്ടേഷൻ സംഘത്തിലെ രണ്ടുപേരെ പരപ്പനങ്ങാടി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ആയുധങ്ങളുമായി സ്വർണം തിരഞ്ഞെത്തിയ ക്വട്ടേഷൻ സംഘാംഗങ്ങളിൽ പെട്ട രണ്ടു പേരാണ് റിമാൻഡിലായത് . വൈപ്പിൻ സ്വദേശികളായ തിരുന്നിലത്ത് ആകാശ് (30), കിഴക്കെ വളപ്പിൽ ഹിമസാഗർ (30) എന്നിവരെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ആലുങ്ങൽ ബീച്ചിൽ രണ്ടു കാറിലായി എത്തിയ അഞ്ചംഗ ക്വൊട്ടേഷൻ സംഘം നാട്ടുകാരിലൊരാൾക്ക് നേരെ തോക്കു ചൂണ്ടിയതിനെ തുടർന്ന് സംഘടിച്ചെത്തിയ നാട്ടുകാർ ഇവരെത്തിയ കാർ വളയുകയും ഗുണ്ടാ സംഘത്തെ തടയുകയുമായിരുന്നു .
ആലുങ്ങൽ സ്വദേശിയും മറ്റൊരാളും ചേർന്ന് കിലോ കണക്കിന് സ്വർണം വിദേശത്ത് നിന്നും നാട്ടിലേക്ക് കൊണ്ടു വന്നിരുന്നു. ഇവരെ സ്വർണം ഏൽപ്പിച്ചവർ സ്വർണം കിട്ടാതായതോടെ തിരിച്ചെടുക്കാൻ സംഘത്തിന് ക്വൊട്ടേഷൻ നൽകിയതായിരുന്നു. പിടിയിലായവർ എറണാകുളം വൈപ്പിൻ കേന്ദ്രീകരിച്ചുള്ള ക്വൊട്ടേഷൻ ഗുണ്ടകളാണെന്നും പല ക്രിമിനൽ കേസുകളിലും പ്രതികളാണെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തു നിന്നും കാറിൽ രക്ഷപ്പെട്ട മൂന്നു പേരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Advertisement
Advertisement