ഭീഷണിയായി വേലിയേറ്റ വെള്ളപ്പൊക്കം,​ അതിജീവന പോരാട്ടത്തിൽ വെെപ്പിൻ

Thursday 23 May 2024 12:32 AM IST

വൈപ്പിൻ ദ്വീപസമൂഹങ്ങളിലെ ഇരുപതിലേറെ പഞ്ചായത്തുകളെ അതിരൂക്ഷമായി ബാധിക്കുന്ന പ്രശ്നമായി വേലിയേറ്റ വെള്ളപ്പൊക്കം മാറിയിക്കുകയാണ്. മുമ്പ് വർഷത്തിൽ ഒരിക്കൽ 'വൃശ്ചിക വേലിയേറ്റം' എന്നറിയപ്പെട്ടിരുന്നത് ഇപ്പോൾ ഓരോ മാസവും ആവർത്തിക്കപ്പെടുന്നു. ഇരുപത്തിമൂന്ന് പഞ്ചായത്തുകളിലായി ഇരുപതിനായിരം വീടുകൾ ഈ പ്രശ്നത്തെ നേരിടുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം. വെള്ളം ഇരച്ചുകയറിയെത്തി വീടുകൾ തകർന്നു. പലർക്കും സ്വന്തം വീട് ഉപേക്ഷിച്ച് പോകേണ്ടി വന്നു. പ്രശ്നം സർക്കാരിന്റെ അടിയന്തിര ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അതിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനും പഞ്ചായത്തുകളും ഒന്നിച്ച് ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിന്റെ ഫലമായി വേലിയേറ്റ വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ദുരന്തമായി പ്രഖ്യാപിക്കണമെന്നും പഞ്ചായത്തുകളും പ്രമേയം അവതരിപ്പിച്ചു.

വെെപ്പിൻ ദ്വീപസമൂഹം

1341 ലെ വൻ പ്രളയത്തിലാണ് വൈപ്പിൻ ഒരു ദ്വീപായി രൂപപ്പെടുന്നത്. ഒരു ഭാഗത്തു കടൽ, മറുഭാഗത്തു കായൽ ഇവയെ ബന്ധിപ്പിക്കുന്ന ധാരാളം ഇടത്തോടുകളും വെെപ്പിന്റെ പ്രത്യേകതയാണ്. എന്നാൽ ഇന്ന് സംസ്ഥാനത്തെ ജനസാന്ദ്രതയുള്ള പ്രദേശമായും വൈപ്പിൻ മാറി. എളംകുന്നപ്പുഴ, ഏഴിക്കര, ഞാറക്കൽ, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം, പുത്തൻ വേലിക്കര എന്നീ പഞ്ചായത്തുകളിലായി രണ്ടു ലക്ഷത്തിലേറെ ആളുകളുണ്ട്. ഒരു ചതുരശ്ര കിലോമീറ്ററിൽ നാലായിരത്തോളം പേർ താമസിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ കാലാവസ്ഥാ വ്യതിയാനം ഈ ജനതയുടെ അതിജീവന ക്ഷമതയെ ദുർബലമാക്കി. 2017 ലെ ഓഖിയും 2021 ലെ ടൗട്ടയും സൃഷ്ടിച്ച ആഘാതത്തിനൊപ്പം 2018 ലെ പ്രളയത്തിലും ഇവിടം ദിവസങ്ങളോളം വെള്ളത്തിനടിയിലായി. എന്നാൽ ഇവയിൽ നിന്ന് വിഭിന്നമായി വേലിയേറ്റ വെള്ളപ്പൊക്കം ഒരു നിരന്തര ദുരന്തമായി ദ്വീപുനിവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നു.

അതിജീവിനത്താനായി പദ്ധതികൾ

എം.എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ, ഇക്വിനോക്‌റ്റ്, മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സോഷ്യൽ സയൻസസ് എന്നീ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് അതിജീവന പ്രവർത്തനങ്ങൾ നടക്കുന്നത്. ജനപങ്കാളിത്തത്തോടെ കണക്കുകൾക്ക് വ്യക്തത വരുത്താനുള്ള ശ്രമമാണ് ഇക്വിനോക്റ്റിലെ ശാസ്ത്രജ്ഞരായ ഡോ. സി. ജയരാമൻ, ഡോ. ജി മധുസൂദനൻ, ഡോ. കെ.ജി ശ്രീജ എന്നിവർ നടത്തിയത്. ഇതിനായി ഒരു വേലിയേറ്റ വെള്ളപ്പൊക്ക കലണ്ടർ ഉണ്ടാക്കി പ്രദേശത്തെ പതിനായിരത്തോളം വീടുകളിൽ വിതരണം ചെയ്തു. വെള്ളം കയറിയ ദിവസം, സമയം തുടങ്ങിയവ കലണ്ടറിൽ രേഖപ്പെടുത്തണം. ഇതുവഴി ലഭിക്കുന്ന വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ പ്രത്യേകമുണ്ടാക്കിയ വെബ്‌സൈറ്റിലേക്ക് ചേർക്കുന്നു. കുറച്ചു മാസങ്ങളായി ഈ വിവര ശേഖരണം നടന്നുവരികയാണ്. വിവിധ പഞ്ചായത്തുകളിൽ സ്ഥാപിച്ച ഇരുപത്തിയഞ്ചോളം റെയിൻ ഗേജുകളിൽ നിന്നുള്ള കണക്കുകളിലൂടെ വേലിയേറ്റ വെള്ളപ്പൊക്കം ദുരന്തമായി പ്രഖ്യാപിക്കാൻ സാധിച്ചാൽ പ്രശ്ന പരിഹാരത്തിനുള്ള ചെറിയ ചുവടാകുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നു. ഇതേ തുടർന്ന് ഈ മാസം 19 ന് തിരുവനന്തപുരത്ത് വച്ച് മുംബൈ ടാറ്റ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സോഷ്യൽ സയൻസസിന്റെ നേതൃത്വത്തിൽ സെമിനാ‍ർ നടത്തി. സെമിനാറിൽ വേലിയേറ്റ പ്രശ്നത്തിന്റെ സ്വഭാവവും പരിഹാര ശ്രമങ്ങളും ആസ്പദമാക്കി ബിന്ദു സാജൻ സംവിധാനം ചെയ്ത 'ജലജീവിതം സ്ത്രീ സാക്ഷ്യങ്ങൾ' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ വിദഗ്ദ്ധർ സെമിനാറിൽ പങ്കെടുത്തു.

പ്രശ്ന പരിഹാരത്തിനായുള്ള തുടർപ്രവർത്തനങ്ങളിൽ സഹായിക്കാമെന്ന് മലയാളം സർവകലാശാല, കാർഷിക സർവകലാശാല, സംസ്ഥാന ആസൂത്രണ ബോർഡ്, സുസ്ഥിര ഫൗണ്ടേഷൻ, തണൽ, സഖി, സേവ, കേരള ശാസ്ത്ര സാഹിത്യ പരിഷത്, കുടുംബശ്രീ, അസർ, സഖി, സാക്ഷരത മിഷൻ തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ അറിയിച്ചു. ഡോ. അജയകുമാർ വർമ്മ, ആനന്ദി, ഗീത നസീർ, മേഴ്സി അലക്സാണ്ടർ, മിനി സുകുമാർ, എം.ജി മല്ലിക, ഒലീന, കെ.ജി താര, ഉഷ, എസ് ആർ സഞ്ജീവ്, ഗീതാഞ്ജലി, കെ.കെ കൃഷ്ണകുമാർ, ഡോ. അർച്ചന, എൻ.സി നാരായണൻ, അരുൺ രവി, ബബിത, ചന്ദന, ബൈജു ചന്ദ്രൻ, കെ.എ ബീന, ദീപ ആനന്ദ്, മഞ്ജുള ശങ്കർ, ജുനൈദ്, എസ്.കെ മിനി, രജിത തുടങ്ങിയവർ സംസാരിച്ചു.

മുന്നിൽ നിന്ന് കുടുംബശ്രീ

പ്രശ്നത്തിന്റെ തീവ്രത ബാധിക്കുന്നത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ദുർബല വിഭാഗങ്ങളെയാണ്. അതിനാൽ കുടുംബശ്രീയെ ഉപയോഗിച്ചുള്ള അതിജീവന സാദ്ധ്യതകൾക്ക് പ്രാധാന്യമേറി. ഇതിനായി സ്ത്രീകൾക്ക് മൂന്ന് തരത്തിലുള്ള പരിശീലനം നൽകി. ആദ്യമായി പ്രദേശത്തെ കമ്മ്യൂണിറ്റി മാപ്പിംഗ് നടത്തി. പ്രശ്നബാധിത മേഖലകൾ മാപ്പ് ചെയ്ത് വാർഷികപദ്ധതി തയ്യാറാക്കി. രണ്ടാമതായി കമ്മ്യൂണിറ്റി വീഡിയോ, വോളന്റിയേഴ്സിന് മൊബൈൽ വീഡിയോസ് ഉണ്ടാക്കാനുള്ള പരിശീലനം. പിന്നീട് ജനകീയമായി സൃഷ്ടിക്കുന്ന നാടകത്തിന്റെ കമ്മ്യൂണിറ്റി തീയേറ്റർ. സാധാരണക്കാരായ ആളുകൾ അഭിനയിക്കുന്ന 'ചെവിട്ടോർമ്മ' എന്ന നാടകത്തിനും പ്രശ്നത്തെ അടയാളപ്പെടുത്താനായി. ജനകീയ പങ്കാളിത്തത്തോടെ മാപ്പിംഗുകളും വീഡിയോകളും ഉണ്ടാക്കുന്നതോടെ പ്രശ്നം സജീവമായി നിർത്താനും മുന്നോട്ട് കൊണ്ടുപോകാനും കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സെമിനാറിൽ ചർച്ചയുടെ ഭാഗമായി സംസാരിച്ച ഡോ. തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. പ്രശ്നത്തെ ദൃശ്യവത്ക്കരിച്ച 'ജലജീവിതം: സ്ത്രീ സാക്ഷ്യങ്ങൾ' എന്ന ഡോക്യുമെന്ററി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും മുംബൈ ടിസ്സിലും പ്രദർശിപ്പിച്ചു. 'ചെവിട്ടോർമ്മ' എന്ന നാടകവും തൃശൂർ സ്‌കൂൾ ഒഫ് ഡ്രാമയിലും മുംബൈ ടിസ്സിലും ഡൽഹിയിൽ അന്ത്രരാഷ്ട്ര തീയേറ്റർ ഫെസ്റ്റിവലിലും അവതരിപ്പിച്ചു. പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങൾ മുംബൈ ടിസ്സിൽ നടന്ന ദേശീയ സെമിനാറിലും കാലാവസ്ഥാ മാറ്റം സംബന്ധിച്ച സെമിനാറുകളിലും പങ്കെടുത്തു.

കാലാവസ്ഥയിൽ ഉണ്ടായ മാറ്റം

ലോകമെമ്പാടുമുള്ള കാലാവസ്ഥാ വ്യതിയാനമാണ് പ്രശ്നത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. ആഗോളതാപനത്തിൽ സമുദ്രങ്ങളുടെ ശരാശരി താപനം 0.85 ഡിഗ്രി സെന്റിഗ്രേഡ് ആണെങ്കിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ വർദ്ധന 1.2 ഡിഗ്രി സെന്റിഗ്രേഡ് ആണ്. കടൽനിരപ്പ് ആഗോളതലത്തിൽ 100 മില്ലിമീറ്റർ ഉയർന്നപ്പോൾ കൊച്ചി തീരത്തുണ്ടായത് 130 മില്ലിമീറ്റർ ഉയർച്ചയാണെന്ന് ഗവേഷകയായ ഡോ. ശ്രീജ ചൂണ്ടിക്കാണിക്കുന്നു. ഇതിനൊപ്പം തന്നെ കായലിലും അഴിമുഖത്തും നദിയിലുമുള്ള നീരൊഴുക്കിൽ വലിയ മാറ്റങ്ങളുണ്ടായി. മുനമ്പം കൊച്ചി ഹാർബറുകൾക്ക് വേണ്ടി നടത്തിയ ഡ്രെഡ്ജിംഗ് പ്രശ്നത്തിന്റെ ആക്കം കൂട്ടി. ദ്വീപിലെ കൃഷിരീതികൾ മാറി. തെങ്ങു കൃഷി ഇല്ലാതായതോടെ ഇടത്തോടുകളിൽ നിന്ന് ചെളി മാന്തി തെങ്ങിൻ തടത്തിനിടുന്ന രീതിയും നിലച്ചു. കടലിന്റെ താപനിലയിൽ വ്യത്യാസമുണ്ടാകുമ്പോൾ അത് മത്സ്യ സമ്പത്തിനെയും ബാധിച്ചു. കടലിൽ ചൂട് കൂടുമ്പോൾ ആദ്യം കുറയുന്നത് മത്തി, ചാള എന്നീ മീനുകളാണ്. ജനങ്ങളുടെ ഉപജീവന സ്രോതസുകൾ അടയുന്നു. തണ്ണീർത്തടങ്ങൾ മൂടുന്നു, ജലം മലിനമായി രോഗങ്ങൾ വ്യാപിക്കുന്നു, ആളുകൾ പ്രദേശം വിട്ടു പോകുന്നു. ഇങ്ങനെ ഒരു ഭൂപ്രദേശമാകെ കാലാവസ്ഥാ വ്യതിയാനത്തിന്റെയും മറ്റ് അനുബന്ധ പ്രശ്നങ്ങളുടെയും പിടിയിലാവുകയാണ്.

പ്രശ്നപരിഹാരങ്ങൾ

ക്ലൈമറ്റ് വാൾനറബിലിറ്റി ഇൻഡക്സ് പ്രകാരം കേരളത്തിന്റെ ഒൻപത് ജില്ലകളിൽ കാലാവസ്ഥ വ്യതിയാന പ്രശ്നമുണ്ട്. വേലിയേറ്റ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത ഇപ്പോഴും പൊതുസമൂഹമോ മാദ്ധ്യമങ്ങളോ സർക്കരോ വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല. ധനസ്ഥിതി മെച്ചപ്പെട്ടവർ ലക്ഷങ്ങൾ മുടക്കി വീടുകൾ ഉയർത്തുകയോ സ്ഥലം മാറുകയോ ചെയ്യും. ദരിദ്രരും ദുർബലരുമായ ജനത അവിടെ തുടരും. വേലിയേറ്റത്തിൽ വെള്ളപ്പൊക്കം ഇത്ര ഗുരുതരമാകാൻ കാരണം കായലുകളും തോടുകളും വെള്ളപ്പൊക്ക ചെളി നിറഞ്ഞതാണ്. അത് നീക്കം ചെയ്യാനും ശുചീകരിക്കാനും നടപടിയുണ്ടാകണം. ഇതിനുള്ള ഡ്രെയിനേജ് പ്ലാൻ തയ്യാറാക്കലാണ് അടിയന്തിരമായി വേണ്ടത്. പ്രശ്ന പരിഹാരത്തിന് പുതിയ നിർദേശങ്ങളും ഉയർന്നുവരുന്നുണ്ട്. കണ്ടൽക്കാടുകൾ വളർത്തുക എന്നതാണ് അതിലൊന്ന്. ഈ രംഗത്ത് സജീവമായി ഇടപെടുന്ന മുരുഗേശൻ അയ്യായിരത്തിലേറെ ഏക്കർ സ്ഥലത്ത് കണ്ടൽക്കാടുകൾ പുതുതായി നട്ടു. ചെന്നൈ .എസ്.ഐ .ആർ വികസിപ്പിച്ച ഉപ്പുവെള്ളത്തെ പ്രതിരോധിക്കുന്ന ഇഷ്ടികകളും ഉണ്ടാക്കുന്നുണ്ട്. പൊക്കാളി കൃഷിയുടെ സംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം വേണം. വൈപ്പിൻ ഒരു ചെറിയ ദേശത്തിന്റെ കഥയല്ല. ലോകത്തെയാകെ ഗ്രസിക്കുന്ന ഒരു പ്രശ്നത്തിന്റെ ചെറിയ സൂചനയാണ്. ഇന്ന് നമ്മൾ വേണ്ടപോലെ മനസ്സിലാക്കിയില്ലെങ്കിൽ ലോകമെമ്പാടുമുള്ള കടൽത്തീര പ്രദേശങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നത്തിന്റെ സൂചന. ഇതിനുള്ള പരിഹാരം എളുപ്പമല്ല. എന്നാൽ പഠനത്തിലും അതിജീവന പ്രക്രിയയിലും ജനകീയ പങ്കാളിത്തം പ്രധാനമാണ്.

Advertisement
Advertisement