മഴക്കാല പൂർവ്വ ശുചീകരണം ,​ മഴയ്ക്ക് ശേഷം നടത്തുന്നതാണ്

Thursday 23 May 2024 12:39 AM IST

പിശുക്കനായ ഒരാൾ തന്റെ ഭാര്യയോട് പറഞ്ഞു, 'മകളുടെ കല്യാണം ഉടൻ നടത്തണം. കുറഞ്ഞത് നൂറുപവൻ കൊടുക്കണം. പറ്റുമെങ്കിൽ ഒരു ടൊയോട്ട കാറും. പരമാവധി ആൾക്കാരെ ക്ഷണിക്കണം. കല്യാണം എന്തായാലും എ.സി ആഡിറ്റോറിയത്തിൽ വച്ചു വേണം നടത്താൻ. പത്ത് കൂട്ടം കറികളും മൂന്ന് വക പായസവും ചേർത്തുള്ള സദ്യ.' ഇതിനെല്ലാമുള്ള പണം കൈയ്യിലുണ്ടോ എന്ന് ഭാര്യ ചോദിച്ചപ്പോൾ ഉടൻ വന്നു ഉത്തരം 'ആരെങ്കിലും കടമായി തരുമായിരിക്കും'.

ഇക്കുറി സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച മഴക്കാലപൂർവ്വ ശുചീകരണം ഏതാണ്ട് ഇതുപോലായിരുന്നു. വേനൽമഴ വന്നു, തൊട്ടു പിന്നാലെ ഓടി എത്താൻ കാലവർഷം ബെൻജോൺസണെ പോലെ റെഡിയായി നിൽക്കുന്നു. പക്ഷെ എവിടെ നോക്കിയിട്ടും മഴക്കാലത്ത് ശുചീകരണം നടത്തിയതിന്റെ പൊടിപോലുമില്ല, 500 രൂപയും പോക്കറ്റിലിട്ടുകൊണ്ട് ആനയെ വാങ്ങാൻ ഇറങ്ങും പോലെയാണ് ശുചീകരണത്തിന്റെ അവസ്ഥ. കുളിച്ചില്ലെങ്കിലും കൗപീനം മുറ്റത്ത് വിരിച്ചിടും മട്ടിലായിരുന്നു നടപടി ക്രമങ്ങൾ. മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഉടൻ തുടങ്ങാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ വളരെ നേരത്തെ തീരുമാനമായി. പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ ചുമതലയുള്ള മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരണമെന്നതായിരുന്നു ആദ്യ നിർദ്ദേശം.

തീരുമാനങ്ങൾ നടന്നെങ്കിലും...

വേനൽ മഴ ശക്തമാകും മുമ്പ് ഓടകൾ, കൈത്തോടുകൾ, കൾവർട്ടുകൾ, ചെറിയ കനാലുകൾ എന്നിവയിലെ തടസങ്ങൾ നീക്കണം. പൊതു ഇടങ്ങളിൽ മാലിന്യം കെട്ടിക്കിടക്കരുത്. കൊതുക് നിർമ്മാർജ്ജനം ഊർജ്ജിതമാക്കണം. ദുരിതാശ്വാസ ക്യാമ്പുകൾക്കായി ഉപയോഗിക്കേണ്ട കെട്ടിടങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പ് സജ്ജമാക്കണം. മെയ് 25 ന് മുമ്പായി പൊഴികൾ ആവശ്യമായ അളവിൽ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കണം.... ഒരു പഞ്ഞവുമില്ല തീരുമാനങ്ങൾക്ക്. പക്ഷെ അതു കൊണ്ടും അവസാനിക്കുന്നില്ല കാര്യങ്ങൾ. പ്രധാന റെഗുലേറ്ററുകൾ, സ്പിൽ വേകൾ എന്നിവയുടെ മുൻപിലുള്ള തടസങ്ങൾ മാത്രമല്ല പുറകിലുമുള്ള തടസ്സങ്ങളും നീക്കണം. ഷട്ടറുകളുടെ പ്രവർത്തന ക്ഷമത ഉറപ്പാക്കണം. അണക്കെട്ടുകളിലെ ജലം കേന്ദ്ര ജലകമ്മിഷൻ അംഗീകരിച്ച റൂൾ കർവ്വിന് മുകളിൽ എത്തുന്നില്ലെന്ന് റൂൾ കർവ് നിരീക്ഷണ സമിതി ഉറപ്പാക്കണം.നഗരങ്ങളിൽ ഡ്രെയിനേജ് സംവിധാനങ്ങൾ വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണം. സ്‌കൂളുകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് ആവശ്യമായ അവലോകനം എത്രയുംപെട്ടന്ന് നടത്തണം..... അവിടെയും നിന്നില്ല നിർദ്ദേശങ്ങൾ.

അപകടാവസ്ഥയിലുള്ള മരങ്ങൾ, മരച്ചില്ലകൾ, ഹോൾഡിംഗുകൾ, പോസ്റ്റുകൾ തുടങ്ങിയവ മാറ്റണം. റോഡിൽ പണി നടക്കുമ്പോൾ സുരക്ഷാ മുന്നറിയിപ്പ് നൽകണം. കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള മലയോര മേഖലയിൽ ശക്തമായ ബോധവത്ക്കരണം നടത്തണം.

ദേ ഇപ്പോ ശരിയാക്കി തരാം

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അപകടസാദ്ധ്യത മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കണം. ആപത് മിത്ര , സിവിൽ ഡിഫൻസ്, തുടങ്ങിയ സന്നദ്ധസേനകളെ നേരത്തേ സജ്ജമാക്കണം (കേന്ദ്ര സേനയെ കൂടി വിളിക്കണമെന്ന് നിർദ്ദേശിക്കാത്തത് ഭാഗ്യം) . എലിപ്പനി, ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധി പ്രതിരോധത്തിൽ കാര്യമായി ശ്രദ്ധിക്കണമെന്നു യോഗത്തിൽ നിർദ്ദേശിക്കാനും മറന്നില്ല.

ഇതെല്ലാം കേട്ടും അറിഞ്ഞും പുളകിതരായി ജനങ്ങൾ കാത്തിരുന്നു. വെള്ളാനകളുടെ നാട് എന്ന സിനിമയിൽ അന്തരിച്ച നടൻ കുതിരവട്ടം പപ്പു പറയുന്ന 'ഇപ്പം ശര്യാക്കിത്തരാം ' എന്ന ഡയലോഗുപോലെ. അപകടാവസ്ഥയിലുള്ള മരച്ചില്ലകൾ അങ്ങനെ തന്നെ നിന്നു, അപകടാവസ്ഥയിലുള്ള പോസ്റ്റുകൾക്ക് അപകടമുണ്ടാവാത്തത് ഭാഗ്യം. റോഡുകളിൽ പണി നടക്കുന്നതിനുള്ള മുന്നറിയിപ്പ് ബോർഡുകൾ വയ്ക്കേണ്ടി വന്നില്ല, കാരണം എവിടെയും പണി നടന്നില്ലല്ലോ. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയത് നമ്മൾ മാദ്ധ്യമങ്ങളിലൂടെ കണ്ടതാണ്.കാരണം പലേടത്തും യാത്രക്കാർ ചെളിവെള്ളത്തിൽ വീണിട്ട് ഇളിഭ്യരായും മനോവിഷമത്തോടെയും എഴുന്നേൽക്കുന്നതും എഴുന്നേൽപ്പിക്കുന്നതും കാണാനായി. ഇതൊക്കെയാണ് സർക്കാരിന്റെ ഉറപ്പ്. പ്രത്യേകിച്ച് ഉന്നതതല യോഗത്തിന്റെ.

ചീറ്റിയ മഴക്കാല ശുചീകരണം

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഉടൻ തുടങ്ങാനാണ് നിർദ്ദേശിച്ചത്. നിർദ്ദേശം അവർ യഥാവിധി നടപ്പാക്കിയില്ലെങ്കിൽ കുറ്റംപറയാനാവുമോ. കാരണം പാങ്ങില്ലാത്തവൻ പാൽപ്പായസം വാങ്ങാൻ നിന്നാൽ ഫലം പട്ടിണിയായിരിക്കുമെന്ന് ആരോട് പറയാൻ. ശുചീകരണത്തിന് അനുവദിച്ചിട്ടുള്ള 'ദുട്ട്' എത്രയെന്ന് പരിശോധിക്കുമ്പോഴാണ് തമാശ. ഓരോ വാർഡിനും സർക്കാർ അനുവദിക്കുന്നത് 12 വർഷംമുമ്പുള്ള 30,000 രൂപ . 13 മുതൽ 23വരെ വാർഡുകളാണ് സാധാരണ ഒരു ഗ്രാമപഞ്ചായത്തിൽ ഉണ്ടാവുക. അതിനനുസരിച്ചാണെങ്കിൽ അഞ്ചു മുതൽ എട്ടു ലക്ഷം രൂപ വരെയാണ് വേണ്ടത്. ആധുനിക യന്ത്രസാമഗ്രികളുടെ വാടകയും കൂലിയും എത്രയോ വർദ്ധിച്ചു. 12 വർഷം മുൻപ് 300 മുതൽ 400 രൂപവരെയായിരുന്നു തൊഴിലാളികളുടെ കൂലിയെങ്കിൽ ഇപ്പോൾ അത് 800 മുതൽ 1200 വരെയായി.സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ 60 ശതമാനവും അർദ്ധപട്ടിണി സ്ഥിതിയോ അരപ്പട്ടിണി സ്ഥിതിയോ ഉള്ളവയാണ്. ബ്ളേഡ് കമ്പനിക്കാരിൽ നിന്ന് വട്ടപ്പലിശയ്ക്ക് പണം എടുത്ത് നാട് ശുചീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ തയാറാവില്ലല്ലോ. നിർദ്ദേശമായോ ഉത്തരവായോ ഓരോ ഉണ്ടകൾ താഴേക്ക് തള്ളിവിടുമ്പോൾ അതിനുള്ള 'ദുട്ട് 'കൂടി നൽകാൻ ഭരിക്കുന്ന കരപ്രമാണികൾക്കാവണം. വാർഡുകൾക്ക് നേരത്തെ അനുവദിച്ചിരുന്ന ഫണ്ടിന്റെ വിശദാംശം ഇങ്ങനെയാണ്. 10,000 രൂപ ശുചിത്വമിഷൻ, 10,000 രൂപ എൻ.എച്ച്.എം, 10,000 രൂപ തദ്ദേശ സ്ഥാപനത്തിന്റെ ഫണ്ട്. എൻ.എച്ച്.എമ്മിന്റെ ഫണ്ട് രണ്ടു വർഷമായി ലഭിച്ചിട്ടേയില്ല.

ഗാന്ധിജിക്ക് ശേഷം ഏറ്റവും വലിയ മഹാത്മാവായി കോൺഗ്രസുകാർ വാഴ്ത്തുന്ന എ.കെ.ആന്റണി കേരളത്തിന് സമ്മാനിച്ച ഒരു തന്ത്രമാണ് ' മുണ്ട് മുറുക്കിയുടുക്കൽ'. അത് എത്രത്തോളം ഫലവത്തായെന്നത് സംബന്ധിച്ച ഗവേഷണം പൂർത്തിയായിട്ടില്ല. പക്ഷെ മഴക്കാല പൂർവശുചീകരണത്തിൽ ഈ തന്ത്രം പ്രയോഗിക്കുമ്പോഴാണ് മുറുക്കിയുടുത്ത മുണ്ടുപോലും അരയിലില്ലാതെ പാവം ജനം റോഡിലെ കുഴിയിൽ നാലുവിരലുകൊണ്ട് നാണം മറയ്ക്കേണ്ടി വരുന്നത്. മുണ്ടിന് മേൽ ബെൽറ്റും ധരിച്ചിരിക്കുന്ന ഏമാന്മാർ ഇതൊന്നറിയണം.

Advertisement
Advertisement