വമ്പന്‍ മേക്കോവറിന് റെയില്‍വേ; ദീര്‍ഘദൂര ട്രെയിന്‍ യാത്രകളില്‍ തിരക്ക് കുറയും, ടിക്കറ്റ് കിട്ടാനും എളുപ്പം

Wednesday 22 May 2024 9:10 PM IST

ന്യൂഡല്‍ഹി: വന്ദേഭാരത് ട്രെയിനുകള്‍ വന്‍ തരംഗമായതിന് പിന്നാലെ വന്ദേഭാരത് മെട്രോ, വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ജൂണ്‍, ജൂലായ് മാസങ്ങളില്‍ ട്രയല്‍ റണ്‍ നടത്താനാണ് തയ്യാറെടുക്കുന്നത്. രണ്ട് വിഭാഗം ട്രെയിനുകള്‍ പാളത്തിലെത്തുന്നതോടെ അത് ഇന്ത്യന്‍ റെയില്‍വേയുടെ മുഖം തന്നെ മാറ്റും.

800 കിലോമീറ്ററിന് ഉള്ളിലുള്ള സ്ഥലങ്ങളെയാണ് വന്ദേഭാരത് ട്രെയിന്‍ ബന്ധിപ്പിക്കുന്നതെങ്കില്‍ ദീര്‍ഘദൂര യാത്രകളില്‍ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ എത്തുന്നത്. ഇതിന്റെ കോച്ച് ഡിസൈന്‍ നേരത്തെ പുറത്ത് വന്നിരുന്നു. നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഇനി മൂന്നാമതുള്ളത് വന്ദേഭാരത് മെട്രോ ട്രെയിനുകളാണ്. പ്രധാന നഗരങ്ങളെ സമീപ നഗരങ്ങളുമായി ബന്ധിപ്പിക്കുകയെന്നതാണ് വന്ദേ മെട്രോകളിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ വന്ദേ മെട്രോ ട്രെയിന്‍ ജനങ്ങളുടെ ജീവിതത്തിലും സമയം ലാഭിക്കുന്നതിലും വലിയ മാറ്റം സൃഷ്ടിക്കുമെന്നാണ് റെയില്‍വേയും കേന്ദ്ര സര്‍ക്കാരും കണക്ക് കൂട്ടുന്നത്.

ദീര്‍ഘദൂര ട്രെയിനുകളിലെ ലോഡ് കുറയ്ക്കുകയും പ്രധാന നഗരങ്ങളെ സമീപ നഗരങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പുതിയ ട്രെയിനുകളുടെ ഷെഡ്യൂള്‍ ജൂണ്‍ 3 നകം ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിക്കും. ട്രയല്‍ റണ്‍ 2024 ജൂലായില്‍ ആരംഭിക്കും.

പ്രാരംഭ ഘട്ടത്തില്‍ 200 കിലോമീറ്റര്‍ വരെയുള്ള റെയില്‍വേ സ്റ്റേഷനുകള്‍ മെട്രോ കവര്‍ ചെയ്യും. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന ട്രെയിനുകളാകും ഇത്. ടിക്കറ്റ് നിരക്ക് സ്ലീപ്പര്‍ ക്ലാസ് നിരക്കുകള്‍ക്ക് തുല്യമോ 15% വരെ കൂടുതലോ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മെട്രോ കോച്ചുകള്‍ക്ക് സമാനമായി, ഈ ട്രെയിനുകളിലെ 80% സീറ്റുകളും മുന്‍കൂട്ടി റിസര്‍വ് ചെയ്യാം. ബാക്കിയുള്ള 20% സീറ്റുകള്‍ യാത്രക്കാര്‍ക്ക് സ്റ്റേഷന്‍ വഴിയോ യുടിഎസ് ആപ്പ് വഴിയോ ബുക്ക് ചെയ്യാന്‍ ലഭ്യമാകും.

ദീര്‍ഘദൂര ട്രെയിനുകളിലെ തിരക്ക് കുറയുമെന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. സാധാരണഗതിയില്‍ ഒരു ദീര്‍ഘദൂര ട്രെയിനില്‍ ടിക്കറ്റ് ലഭിക്കുക വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഹ്രസ്വ ദൂരത്തിലേക്കും ഇടത്തരം ദൂരങ്ങളിലേക്കും യാത്ര ചെയ്യുന്നവര്‍ പോലും ദീര്‍ഘദൂര ട്രെയിനുകളെ ആശ്രയിക്കുന്നതാണ് ഇതിന് കാരണം.

വന്ദേഭാരത് മെട്രോ ട്രെയിനുകള്‍ വരുന്നതോടെ 200 മുതല്‍ 250 കിലോമീറ്റര്‍ വരെ ദൂര പരിധിയില്‍ യാത്ര ചെയ്യുന്നവര്‍ ആ ട്രെയിനിലേക്ക് മാറും. അതോടെ ദീര്‍ഘദൂരം ഓടുന്ന ട്രെയിനുകളില്‍ തിരക്ക് കുറയുകയും എളുപ്പത്തില്‍ ടിക്കറ്റ് കിട്ടുകയും ചെയ്യുമെന്നതാണ് റെയില്‍വേ അധികൃതരുടെ കണക്ക്കൂട്ടല്‍.

Advertisement
Advertisement