ശാന്തകുമാരി വധക്കേസ് പൊലീസിന് അഭിമാനം പ്രതികളെ മണിക്കൂറുകൾക്കകം പൊക്കി,പരമാവധി ശിക്ഷയും ഉറപ്പാക്കി

Thursday 23 May 2024 1:13 AM IST

വിഴിഞ്ഞം: ശാന്തകുമാരി വധക്കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ കോടതി വിധിച്ചപ്പോൾ കേരള പൊലീസ് സേനയ്ക്ക് അത് അഭിമാന മുഹൂർത്തമായി.കേസന്വേഷണത്തിന്റെ തുടക്കം മുതൽ പൊലീസ് കാട്ടിയ ചടുലതയാണ് പ്രതികൾക്ക് തൂക്കുകയർ ഉറപ്പാക്കിയത്.സംഭവം നടന്ന് രണ്ടു മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടിയ മികവ് പൊലീസ് അവസാനം വരെയും കേസിൽ തുടർന്നു. മരിച്ചതാരെന്ന് കണ്ടെത്തുന്നതിനു മുമ്പ് പ്രതികൾ കുടുങ്ങിയെന്നതാണ് ശാന്തകുമാരി വധക്കേസിന്റെ പ്രത്യേകത.വിധിയിൽ കോടതി അന്വേഷണ സംഘത്തെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

ഒന്നാം പ്രതിയായ റഫീക്കയുടെ വീടിന്റെ തട്ടിൻപുറത്ത് അർദ്ധരാത്രിയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെന്ന വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ആസ്‌പറ്റോസ് ഷീറ്റുകൾക്കിടയിലായിരുന്ന മൃതദേഹത്തിന്റെ കാൽ മാത്രമാണ് കാണാനായത്.റഫീക്കയാണെന്നായിരുന്നു പൊലീസ് നിഗമനം.ഇവർക്കൊപ്പം രണ്ട് പുരുഷൻമാരുണ്ടായിരുന്നതായി സമീപവാസികൾ മൊഴി നൽകിയതോടെ സമയം പാഴാക്കാതെ ഇവർക്കായി പൊലീസ് നാടാകെ വലവിരിച്ചു.റഫീക്കയ്ക്ക് ഒപ്പമുണ്ടായിരുന്നവരുടെ ചിത്രങ്ങൾ നാട്ടുകാരുടെ സഹായത്തോടെ ഫേസ്ബുക്കിൽ നിന്ന് ശേഖരിച്ച് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന വ്യാപിപ്പിച്ചു. പ്രതികൾ ജില്ല വിടാതിരിക്കാൻ ദീർഘദൂര ബസുകൾ പരിശോധിച്ചപ്പോഴാണ് കഴക്കൂട്ടത്തുവച്ച് ഷെഫീക്കിനും അൽ അമീനുമൊപ്പം റഫീക്കയും പിടിയിലായത്. ഇത് അന്വേഷണത്തിൽ ട്വിസ്റ്റായി.റഫീക്കയല്ലെന്ന് അറിഞ്ഞതോടെ മരിച്ചതാരെന്ന ചോദ്യം ഉയർന്നു. പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെ അമ്മയെ കാണാനില്ലെന്ന ശാന്തകുമാരിയുടെ മകന്റെ പരാതിയും പൊലീസിന് ലഭിച്ചു. ഇതോടെ മരിച്ചത് ശാന്തകുമാരിയാണെന്ന് ഉറപ്പിക്കുകയായിരുന്നു. 2022 ജനുവരി 14ന് രാവിലെ നടന്ന കൊലപാതകം രാത്രി 8ഓടെയാണ് പുറത്തറിയുന്നത്. പിറ്റേന്ന് രാവിലെ ഫയർഫോഴ്സിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തപ്പോഴേക്കും പ്രതികളും പൊലീസിന്റെ പിടിയിലായി.90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച് പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതും പൊലീസ് തടഞ്ഞു. ഇതിനിടെ ഒരുവർഷം മുമ്പ് കോവളം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 14കാരിയുടെ കൊലപാതകത്തിന് പിന്നിലും ഇതേ പ്രതികളാണെന്ന് കണ്ടെത്തിയതും പൊലീസിന് ഇരട്ടി നേട്ടമായി.

ഫോർട്ട് എ.സിയായിരുന്ന എസ്.ഷാജിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം എസ്.എച്ച്.ഒയായിരുന്ന പ്രജീഷ് ശശി,എസ്.ഐമാരായ അജിത് കുമാർ,കെ.എൽ.സമ്പത്ത്,ജി.വിനോദ്,എ.എസ്.ഐ ബനഡിക്ട്,വനിത സി.പി.ഒ വിജിത,സി.പി.ഒമാരായ സെൽവരാജ്, അജയൻ,സാബു,സുനി,സുധീർ,രാമു എന്നിവരാണ് കേസന്വേഷിച്ചത്.

Advertisement
Advertisement