എം.ജിയിലെ സർട്ടിഫിക്കറ്റ് ഫോർമാറ്റ് മോഷണം : അന്വേഷണം വഴിമുട്ടി

Thursday 23 May 2024 9:14 PM IST

കോട്ടയം : എം.ജി സർവകലാശാലയിൽ നിന്ന് പേരെഴുതാത്ത 54 ഡിഗ്രി - പി.ജി സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തിൽ അന്വേഷണം വഴിമുട്ടി. 2023 ജൂൺ 17 നായിരുന്നു സംഭവം. വിവരം ഉന്നതോദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്ത പരീക്ഷാഭവൻ ചുമതലക്കാരായ സെബാസ്റ്റ്യൻ പി.ജോസഫ്, മനോജ് തോമസ് എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെ കോൺഗ്രസ് അനുകൂല സംഘടനയായ എംപ്ലോയീസ് യൂണിയൻ പ്രക്ഷോഭവും നടത്തി. ഒടുവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രണ്ട് ജീവനക്കാരെ തിരിച്ചെടുക്കാൻ ഉത്തരവിട്ടു.

വിഷയത്തിൽ ജോയിന്റ് രജിസ്ട്രാർ തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സെക്ഷൻ ഓഫീസർ, മൂന്ന് അസിസ്റ്റന്റുമാർ, ഒരു ക്ലറിക്കൽ അസിസ്റ്റന്റ് തുടങ്ങി ആറുപേരാണ് സെക്ഷനിലുണ്ടായിരുന്നത്. ഇവരെ എല്ലാവരെയും മറ്റ് സെക്ഷനുകളിലേക്ക് സ്ഥലം മാറ്റിയിരുന്നു. സർവകലാശാലയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും കുറ്റവാളികളിലേക്ക് എത്താനായില്ല. രാഷ്ട്രീയ സമ്മർദ്ദമാണ് അന്വേഷണം ഇഴയുന്നതെന്നാണ് ആക്ഷേപം.

''സർവകലാശാലയ്ക്ക് പൊതുസമൂഹത്തിൽ ഉണ്ടായ വിശ്വാസ്യതാ നഷ്ടം പരിഹരിക്കാൻ കേസ് അടിയന്തിരമായി പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കണം.

-ജോസ് മാത്യു (സർവകലാശാല എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി)

Advertisement
Advertisement