ക്ഷയിക്കാൻ മടിച്ച് ബ്രിട്ടീഷുകാരുടെ അലക്ക് യന്ത്രങ്ങൾ പരിയാരത്ത്

Thursday 23 May 2024 12:07 AM IST
1-അലക്കുശാല കെട്ടിടം-2-അവശേഷിച്ച ഉപകരണങ്ങള്‍.

പരിയാരം: എഴുപതാണ്ട് കഴിഞ്ഞിട്ടും ക്ഷയിക്കാതെ ബ്രിട്ടീഷുകാരുടെ അലക്ക് യന്ത്രങ്ങൾ പരിയാരത്ത്. മദ്രാസ് ഗവൺമെന്റ് 1953ൽ ആരംഭിച്ച മലബാർ ജില്ലയിലെ ഏക ക്ഷയരോഗ സാനിട്ടോറിയമായ പരിയാരത്ത് 1954ലാണ് അയർലൻഡിൽ നിർമ്മിച്ച അത്യാധുനിക അലക്കുയന്ത്രങ്ങൾ സ്ഥാപിച്ചത്. ക്ഷയരോഗികൾ ഉപയോഗിച്ച വസ്ത്രങ്ങളും ബെഡ്ഷീറ്റുകളും ഉൾപ്പെടെ എല്ലാവിധ തുണികളും അലക്കുന്നതിനാണ് മെഷീൻ സ്ഥാപിച്ചത്.

തുടക്കത്തിൽ തമിഴ്നാട്ടിലെ ഈറോഡിൽ നിന്നെത്തിയ ദോബി തൊഴിലാളികൾ കൈകൊണ്ടാണ് അലക്ക് ജോലികൾ ചെയ്തിരുന്നത്. ഈറോഡിൽ നിന്നുള്ള 5 കുടുംബങ്ങളാണ് ഇതിനായി എത്തിയത്. ഇവർക്ക് താമസിക്കാനായി പ്രത്യേക ക്വാർട്ടേഴ്സുകളും പണിതുനൽകി. ഈ ക്വാർട്ടേഴ്സുകൾ ഇപ്പോൾ ഔഷധിയുടെ നഴ്സറി വിഭാഗം ഓഫീസുകളായി പ്രവർത്തിക്കുകയാണ്.

ഉദ്ഘാടന സമയത്തുതന്നെ മെഷീൻ സ്ഥാപിച്ചിരുന്നുവെങ്കിലും ഇത് പ്രവർത്തിപ്പിക്കാൻ പരിശീലനം സിദ്ധിച്ചവർ ഇല്ലാത്തതിനാൽ ആറുമാസം കഴിഞ്ഞാണ് പ്രവർത്തനം തുടങ്ങിയത്. തുണികൾ കൈതൊടാതെ ലോഡ് ചെയ്തു നൽകി വിവിധ പ്രോസസുകൾ പൂർത്തിയാക്കി ഉണക്കി മടക്കി അട്ടിവെക്കുന്ന രീതിയിൽ ആധുനികമായ മെഷീനുകളാണ് അലക്കുശാലയിൽ സ്ഥാപിച്ചത്. കപ്പലിൽ മദ്രാസിലെത്തിച്ച മെഷീനുകൾ ട്രെയിനിലാണ് പയ്യന്നൂരിലേക്ക് കൊണ്ടുവന്നതെന്ന് ആദ്യകാല ജീവനക്കാർ പറയുന്നു. ആശുപത്രി സമുച്ചയത്തിൽ നിന്ന് ഏറെ അകലെ കടന്നപ്പള്ളി റോഡിലാണ് അലക്കുശാല.

രോഗം പരക്കുമെന്ന് ഭയന്ന് അക്കാലത്ത് ഈ ഭാഗത്തേക്ക് ആളുകൾ വഴിപോകുന്നതുപോലും കുറവായിരുന്നു. വലിയ സ്കൂൾ കെട്ടിടം പോലെ തോന്നിക്കുന്ന അലക്കുശാലയിലെ ഉപകരണങ്ങൾ പലതും സാനിട്ടോറിയം അടച്ചുപൂട്ടിയ 1992 കാലത്ത് മോഷണം പോകുകയായിരുന്നു. കോൺക്രീറ്റ് ചെയ്തുറപ്പിച്ച ഉപകരണങ്ങൾ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്.

ഏഴു പതിറ്റാണ്ട് പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഓടുകൾ പലതും നശിച്ചിട്ടുണ്ടെങ്കിലും ബ്രിട്ടീഷ് നിർമ്മിതിയായതിനാൽ കെട്ടിടത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ല.

Advertisement
Advertisement